അങ്ങാടിപ്പുറം: ലോകത്തിലെ വലിയ ദുരന്തമായി കടലിന്റെ ആഴങ്ങളിലേക്ക് മാഞ്ഞുപോയ ടൈറ്റാനിക്കിന് പുതുജീവനേകിയിരിക്കുകയാണ് വൈലോങ്ങര സ്വദേശി ചാതാറി നിസാറുദ്ധീന്. ഇദ്ദേഹത്തിന്റെ കരവിരുതില്‍ വിരിഞ്ഞ ടൈറ്റാനിക്കിന്റെ മനോഹരമായ മാതൃക നാട്ടുകാര്‍ക്ക് പുത്തനനുഭമായി. കാണുന്ന ഏതൊരു വസ്തുവിനെയും ഒരുതവണ കണ്ടാല്‍ അത് രൂപപ്പെടുത്തിയെടുക്കുന്ന ശീലം നിസാറുദ്ദീന്‍ പത്താം വയസ്സ് മുതലുണ്ട്.
സുഹൃത്ത് നല്കിയ ടൈറ്റാനിക്ക് സിനിമയുടെ സിഡിയാണ് ഈ കപ്പല്‍ നിര്‍മ്മിക്കാന്‍ പ്രചോദനമായത്. ഒന്നരമാസം എടുത്തു ഇത് പൂര്‍ത്തിയാക്കാന്‍. പിവിസി പൈപ്പുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. വൈദ്യുതിയുടെ സഹായത്തോടെ ജലനിരപ്പിലൂടെ സഞ്ചരക്കാനാകും വിധം നിര്‍മ്മിച്ചിരുക്കുന്ന കപ്പലിന് 50 കിലോ ഭാരവും, അഞ്ചടി ഉയരവുമുണ്ട്. മുന്പിലേക്കും പിന്നിലേക്കും ഒരുപോലെ കപ്പലിന് സഞ്ചരിക്കാന്‍ കഴിയും ഇതിനായി മൂന്ന് മോട്ടോറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
പെരുന്നാള്‍ ദിനത്തിലാണ് കപ്പല്‍ പ്രദര്‍ശിപ്പിച്ചത്. ഇതോടെ കപ്പല്‍ കാണാന്‍ നിസാറുദ്ദീന്റെ വീട്ടിലേക്ക് മുതിര്‍ന്നവരും കുട്ടികളും അടക്കം എത്തിതുടങ്ങി. ദൃശ്യഭംഗി പകരാന്‍ 200 ഓളം പ്രകാശ വിതാനങ്ങളും കപ്പലിലുണ്ട്. രാത്രിയായാല്‍ കപ്പലിന്റെ ഭംഗി ഒന്നുകൂടി കൂടും. നിര്‍മ്മാണത്തിന് ഏകദേശം പതിനായിരത്തോളം രൂപ ചെലവ് വന്നതായി നിസാറുദ്ധീന് പറയുന്നു. അലങ്കാര അക്വോറിയങ്ങള്‍ താജ്മഹല്‍ ചുണ്ടന്‍വള്ളങ്ങള്‍ തുടങ്ങിയവയും ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷ ഡ്രൈവറായ നിസാറുദ്ധീന് ഒഴിവ് സമയങ്ങളിലാണ് ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് സമയം കണ്ടെത്തുന്നത്. ആളുകളുടെ അഭ്യര്‍ത്ഥന മാനിച്ച് വിവിധ കരകൗശല വസ്തുക്കള്‍ ഈ നാല്പത്താറുകാരന് നിര്‍മ്മിച്ച് നല്‍കാറുണ്ട്. നിര്‍മ്മാണത്തിലെ പ്രധാന സഹായി ഭാര്യയാണ്. വൈലോങ്ങര ആശാരിപടിയില് സ്ഥിര താമസമാക്കാരനായ ഇദ്ദേഹം, സാങ്കേതിക പരിജ്ഞാനവും ഉന്നത വിദ്യാഭ്യാസവും മാത്രമല്ല കലാവൈഭവത്തിന്റെ മാനദണ്ഡമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: