മലപ്പുറം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനായി ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി രാജന് തട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍, സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിനിധി, ഡെപ്യൂട്ടി ഡിഎംഒമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന ടീം സംയുക്തമായി നാലിന് ജില്ലയിലെ പൊതുസ്ഥലങ്ങള്‍, ആരോഗ്യസ്ഥാപനങ്ങള്‍, പോലീസ്റ്റേഷനുകള്‍, സ്കൂളുകള്‍, ഇതരസംസ്ഥാനക്കാരുടെ താമസസ്ഥലം, നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവ പരിശോധിക്കും.
പൊതുശുചിത്വം, കൊതുകിന്റെ ഉറവിടങ്ങള്‍, സിഒടിപിഎ ആക്ട് എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ്. ബ്ലോക്ക്തലത്തില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി പ്രതിനിധി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങുന്ന ടീം നേതൃത്വം നല്‍കും.
പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ മദ്രാസ് പബ്ലിക്ക് ഹെല്‍ത്ത് ആക്ട് അനുസരിച്ചുള്ള നടപടികള്‍ എടുക്കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: