കോഴഞ്ചേരി: കാലവര്‍ഷം കനത്തു പെയ്തതോടെ ജില്ലാ ആശുപത്രിയിലും കോഴഞ്ചേരി ടൗണിലും മാലിന്യത്തില്‍ ചവിട്ടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി ശുചീകരണ പരിപാടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുമ്പോഴും ഇവയൊന്നും പ്രാബല്യത്തില്‍ വരാത്ത സ്ഥലമാണ് കോഴഞ്ചേരി. ഇതിന്റെയെല്ലാം ദുരന്തഫലമെല്ലാം അനുഭവിക്കുന്നത് കാല്‍നടയാത്രക്കാരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവരുമാണ്.
മാലിന്യം നീക്കം ചെയ്യാത്തതും മൂടിയില്ലാത്തതുമായ നിരവധി ഓടകളാണ് കോഴഞ്ചേരിയിലുള്ളത്. മഴ കനത്തതോടെ ഓടകളിലൂടെ വെള്ളം ഒഴുകി പോകാതെ ഇവ റോഡിലേക്ക് കവിഞ്ഞ് ഒഴുകുകയാണ്. ഇവയ്ക്കൊപ്പം മാലിന്യങ്ങളും കരയിലേക്ക് ഒഴുകി റോഡില്‍ നിറയുകയാണ്.
വെള്ളം ഒഴിഞ്ഞുപോകാന്‍ മാര്‍ഗ്ഗമില്ലാതെ വരുന്നതോടെ ഇവ നിരത്തുകളില്‍ പരന്ന് ഒഴുകുന്നു. ഇതിലൂടെ പുറത്തുവരുന്ന മാലിന്യം റോഡില്‍ പലയിടത്തും അടിഞ്ഞ് കിടക്കുന്നുമുണ്ട്. ഒഴുക്കു നിലയ്ക്കുമ്പോള്‍ മാലിന്യം റോഡില്‍ തളം കെട്ടി കിടക്കും. ടൗണ്‍ ബസ് സ്റ്റോപ്പിന് സമീപവും സി. കേശവന് സ്ക്വയറിലും റോഡില്‍ വെള്ളം കെട്ടികിടക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇതിന് സമീപം ഓടകള്‍ പുതുക്കിയതായി അറിയിച്ചിരുന്നെങ്കിലും ഇതൊന്നും ഫലപ്രദമായിട്ടില്ല. കെട്ടികിടക്കുന്ന വെള്ളത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ ശരീരത്തിലേക്ക് വെള്ളം തെറിച്ചു വീഴുന്നതും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ജില്ലാ ആശുപത്രിയിലെയും സമീപത്തെ സ്ഥിതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല.
പനിക്കാലമായതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനായി അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പറയുമ്പോഴും ഇവ പര്യാപ്തമല്ല. ആശുപത്രി വളപ്പില്‍ കുഴികളിലും ഓടകളിലും മറ്റും വെള്ളവും മാലിന്യവും കെട്ടികിടക്കുന്നത് കൊതുകുകളും മറ്റും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: