പത്തനംതിട്ട: കനത്തമഴയില്‍ ജില്ലയിലെ ഒറ്റപ്പെട്ടു പോയ ജനവാസ കേന്ദ്രങ്ങളില്‍ സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ബിജെപി കോന്നി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
നിയോജകമണ്ഡലത്തിലെ കിഴക്കന്‍ മലയോര മേഖലയായ കൊക്കാത്തോട്ടിലെ ഒറ്റപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ബിജെപി സംഘം. പ്രദേശത്തെ പലമേഖലകളും മഴയെത്തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലാണ്.
തോടുകള്‍ കരകവിഞ്ഞൊഴുകിയതോടെ ഇവിടങ്ങളില്‍ അധിവസിക്കുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു പോലും ബുധിമുട്ടുന്നു. അള്ളുംങ്കലിലെ തോട്ടില്‍ ജലനിരപ്പുയര്‍ന്നതോടെ പത്തോളം കുടുംബങ്ങള്‍ക്ക് മറുകരയിലെത്താന്‍ കഴിയാതെയായി.
ഇവിടെ ഉണ്ടായിരുന്ന ചെറിയ പാലം 1992 ലെ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. പാലം പുനര്‍ നിര്‍മ്മിക്കണമെന്ന് പലതവണ പ്രദേശവാസികള്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
ഇതിനാല്‍ മഴക്കാലമെത്തുമ്പോള് ഈ കുടുംബങ്ങള്‍ ആശങ്കയിലാണ്. രോഗം വന്നാല്‍ ചികില്‍സ തേടുന്നതിനും കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകുന്നതിനും സാധിക്കാത്താതാണ് ഇവരെ കൂടുതല്‍ വിഷമിപ്പിക്കുന്നത്.
തിരഞ്ഞെപ്പ് വേളയില്‍ ഇടത് വലത് മുന്നണികള്‍ പാലം നിര്‍മ്മിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും പിന്നീട് ഇതൊന്നും നടപ്പാകാറില്ലെന്നും ഈ കുടുംബങ്ങള്‍ പറയുന്നു. അള്ളുംങ്കല് തോടിന് കുറുകെ പാലം നിര്‍മ്മിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
കോന്നി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി. കെ നന്ദകുമാര്‍, അരുവാപ്പുലം പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് ബി. ഗോപകുമാര്‍, അനില്‍ ചെങ്ങറ, അജിത്കുമാര്‍ മൂക്കന്നൂര്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രതീഷ് മാരൂര്‍പ്പാലം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: