വേലൂപ്പാടം: ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. കഴിഞ്ഞ ആഴ്ചയില്‍ പ്രസിദ്ധീകരിച്ച പട്ടിക അപാകങ്ങള്‍ നിറഞ്ഞതും അനര്‍ഹരെ ഉള്‍പ്പെടുത്തി കൃത്രിമം നടത്തിയിട്ടുള്ളതുമാണെന്ന് മുഖ്യ സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
സംഘം അംഗങ്ങള്‍ വേലൂപ്പാടം സ്വദേശികളായ കണ്ണന്ക്കാട്ടില് ജയന്, അലനോലിക്കല്‍ ചാക്കോ, കണ്ണന്ക്കാട്ടില് രാജീവ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു കറവ മാടിനെയെങ്കിലും സ്വന്തമായി വളര്‍ത്തുകയും സഹകരണ സംഘത്തിലേക്ക് പതിവായി പാല് നല്‍കുകയും ചെയ്യുന്ന ഉത്പാദന അംഗങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശം.
സ്വന്തമായി കറവമാട് ഇല്ലാതിരിക്കുകയോ തുടര്‍ച്ചയായി മൂന്നു മാസം സഹകരണ സംഘത്തിലേക്ക് പാല് നല്‍കാതിരിക്കുകയും ചെയ്താല്‍ അംഗത്വം താനെ റദ്ദാവുന്നതുമാണ്. എന്നാല്‍ ചട്ടം ഉറപ്പുവരുത്താതെ അംഗങ്ങളെ വോട്ടവകാശമുള്ള എ- ക്ലാസ്സ് അംഗങ്ങളായി നിലനിര്‍ത്തിയിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. മരിച്ച അംഗങ്ങളുടെ അവകാശികളുടെ അനുമതി കൂടാതെ പുതിയ അംഗങ്ങളെ ഭരണ സമിതി സ്വന്തം താല്പര്യപ്രകാരം പട്ടികയില്‍ ചേര്‍ത്തെന്നും പരാതിയിലുണ്ട്.
വോട്ടര്‍ പട്ടികയിലെ അപാകങ്ങള്‍ സംബന്ധിച്ച് നേരത്തേ ഇലക്ട്രല്‍ ഓഫീസര്‍ക്ക് തടസ്സവാദ പരാതി നല്‍കിയിട്ടുണ്ട്. ഇത് പരിഗണിക്കാതെ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പട്ടിക പുന:പരിശോധന നടത്തണമെന്നും വരണാധികാരി, ഇലക്ട്രല്‍ ഓഫീസര്‍ എന്നിവരുടെ പേരില്‍ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: