പാലക്കാട്: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ ജില്ലാ ആശുപത്രി പരിസരം വൃത്തിയാക്കി.
വൈസ് പ്രസിഡന്റ് ടി.കെ,നാരായണദാസ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: രമാദേവി തുടങ്ങിയവര്‍ പങ്കാളികളായി.ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ജില്ലാ ആശുപത്രി ടി.ബി.വാര്‍ഡിന് സമീപം വൃക്ഷതൈ നട്ടു.പഞ്ചായത്ത് പ്രതിനിധികള്‍, വ്യാപാരി വ്യവസായ സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, മറ്റ് സാമൂഹിക സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ച് ടീമുകളായി തിരിഞ്ഞ് വീടുവീടാന്തരം സന്ദര്‍ശനം നടത്തി. സന്ദര്‍ശന വേളയില്‍ ബോധവത്കരണവും ഉറവിട നശീകരണവും നടത്തുന്നതോടൊപ്പം,ഉറവിട നശീകരണം ഓരോ വീട്ടുകാരുടെയും ഉത്തരവാദിത്വം എന്ന സന്ദേശം കൂടി എല്ലായിടത്തും എത്തിച്ചു.
എല്ലാ പഞ്ചായത്തുകളിലും പ്രത്യേകിച്ച് പനി ബാധിത പ്രദേശങ്ങളില്‍ ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. കൂടാതെ വാര്‍ഡ് തലത്തില്‍ കിണറുകളില്‍ ക്ലോറിനേറ്റ് ചെയ്യുന്നതിനായി ബ്ലീച്ചിങ് പൗഡര്‍ വിതരണവും നടന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ:കെ.പി.റീത്ത അറിയിച്ചു.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഒമ്പതിന് കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ഉദ്ഘാടനം ചെയ്യും.
ഓങ്ങല്ലൂര്‍ പാറപ്പുറത്ത് അങ്കണവാടിക്കടുത്ത് പകര്‍ച്ചപ്പനി പ്രതിരോധ ബോധവത്കരണത്തിനായി ഐ.സി.ഡി.എസ്.ന്റെ ആഭിമുഖ്യത്തില്‍ റാലി,സ്കിറ്റ്,ലഘു നാടകം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: