അടൂര്‍: കല്ലടയാറിലെ ജലനിരപ്പ് ഉയര്‍ന്നു, ബെയ്ലി പാലത്തിലെ ഗതാഗതം പൂര്‍ണമായി നിര്‍ത്തി വെച്ചു. പഴയ പാലത്തിന്റെ നിര്‍മ്മാണവും നിലച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്നാണ് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത്. ബെയ്ലി പാലം കവിഞ്ഞു കല്ലടയാര്‍ ഒഴുകിയതോടെയാണ് കാല്നടയാത്രയടക്കമുള്ള ഗതാഗതം നിര്‍ത്തിവച്ചത്. ഇന്നലെ പകലും നിയന്ത്രണം ഉണ്ടായിരുന്നു എങ്കിലും വൈകിട്ട് ഏഴോടെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തി. കെ എസ് ടി പി അധികൃതര്‍ മിലിറ്ററി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ജലനിരപ്പ് താഴുന്നത് വരെ ഗതാഗതം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ജലനിരപ്പ് ബെയ്ലി പാലത്തോളം ഉയരുന്നതിന് മുമ്പായി ഇതുവഴിയുള്ള ഗതാഗതം നിര്‍ത്താനാണ് മിലിറ്ററി അധികൃതര്‍ നിര്‍ദ്ദേശിച്ചത്.ജലനിരപ്പ് താഴുന്നതനുസരിച്ച് ഗതാഗതം പുനഃസ്ഥാപിക്കും. പഴയ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികളും കനത്തമഴയെ തുടര്ന്ന്ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താല്കാലികമായി നിര്‍ത്തിവെച്ചു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്ലാറ്റഫോമിന് മുകളിലൂടെ കല്ലടയാര്‍ ഒഴുകി തുടങ്ങിയതോടെയാണ് നിര്‍മ്മാണം തടസ്സപ്പെട്ടത്.
ഇതിനിടെ ഇന്നലെ രാവിലെ ബെയ്ലി പാലത്തിന് സമീപം മരം കടപുഴകി വീണതിനാല്‍ വാഹന ഗതാഗതവും കാല്‍നട യാത്രയും തടസ്സപ്പെട്ടിരുന്നു. പകല്‍ 11 ന് ഏനാത്ത് ഭാഗത്ത് നിന്നും വന്ന ഇന്നോവകാറിനു മുകളിലേക്കാണ് പാഴ് മരം കടപുഴകി വീണത്.
രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് പാലം വഴി യാത്ര പുന:സ്ഥാപിച്ചത്. എനാത്ത് നിന്നും ബെയ്ലി പാലത്തിലേക്ക് കടക്കുന്ന അപ്രോച്ച് റോഡിന് സമീപത്ത് നിന്ന മരമാണ് പാലത്തിലേക്കു പ്രവേശിക്കുന്നിടത്തേക്ക് കടപുഴകിയത്.സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകര്‍ത്ത് റോഡും കവിഞ്ഞ് മരം പതിക്കുകയായിരുന്നു. അഗ്നിശമനാ വിഭാഗവും പോലിസും കെ എസ് ടി പി അധികൃതരും ഇലക്ട്രിസിറ്റി ജീവനക്കാരും സ്ഥലത്തെത്തി മരം വെട്ടിമാറ്റിയതോടെയാണ് പാലം ഗതാഗതയോഗ്യമായത്. അതുവരെ പുത്തുര്‍ ഭാഗം വഴിയും ആറാട്ടു പുഴ ഭാഗം വഴിയും വാഹനം തിരിച്ചു വിട്ടു.
കനത്ത മഴയെ ഏനാത്ത് ബെയ്ലി പാലത്തിലൂടെയുള്ള ഗതാഗതത്തിനു താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ നെല്ലിമൂട്ടില്‍ പടിയില്‍ നിന്ന് തിരിഞ്ഞ് കടമ്പനാട്, നെടിയവിള, പുത്തൂര്‍ വഴിയും അടൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മൈലം, പട്ടാഴി, ഏനാത്ത് വഴിയും പോകണമെന്ന് റൂറല്‍ പൊലീസ് മേധാവി എസ് സുരേന്ദ്രന് അറിയിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്കായി പൊലീസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ – 0474 2450100
പ്രതികരിക്കാൻ ഇവിടെ എഴുതുക: