തൃശൂര്‍: ധര്‍മ്മം ആചരിച്ചാല്‍ മഠവും അതുപോലുള്ള സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട വ്യക്തികളും അഭിവൃദ്ധിപ്പെടുമെന്ന് ശൃംഗേരി ശ്രീശാരദാപീഠം ഉത്തരാധികാരി വിശുശേഖരഭാരതി സ്വാമികള്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ തെക്കെ മഠത്തില്‍ നല്കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കെമഠം മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അദ്ധ്യക്ഷത വഹിച്ചു. നരസിംഹമൂര്‍ത്തിക്ക് പുഷ്പാഞ്ജലി ചെയ്ത ഭാരതി സ്വാമിയാര്‍ക്ക് മൂപ്പില്‍ സ്വാമിയാര് വെച്ചു നമസ്കരിച്ചു.
മഠം മാനേജര്‍ വടക്കുമ്പാട് നാരായണന് ഉപഹാരം സമര്‍പ്പിച്ചു. വേദാധ്യാപകരും വിദ്യാര്‍ത്ഥികളും വേദസൂക്തമാലപിച്ചുകൊണ്ട് പൂര്‍ണകുംഭത്തോടെയാണ് സ്വാമികളെ സ്വീകരിച്ചത്. ഡി.ദശരഥരാമന്, പി.പരമേശ്വരന്, കാളകാട് ദാമോദരന്‍, വി.പി.പശുപതി നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. നടുവില്‍ മഠത്തിലേക്ക് സംന്യസിക്കുന്ന ഒറവങ്കര അച്ചുതന് നമ്പൂതിരിയേയും സദസ്യരേയും സ്വാമികള്‍ ആശീര്‍വദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: