മുംബൈ: മൂന്നാംകക്ഷിയായി നിന്ന് ബാങ്കുകള്‍ വിറ്റഴിക്കുന്ന ഉത്പന്നങ്ങളില്‍ ബാങ്കിന് ഉത്തരവാദത്വം ഉണ്ടെന്ന് ആര്‍ബിഐ. കൂടാതെ മൊബൈല്‍ ഡിജിറ്റല്‍ ബാങ്കിങ് എന്നിവയില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് അതാത് ബാങ്കിന്റെ പേരില്‍ പരാതി നല്‍കാമെന്നും ആര്‍ബിഐ പറഞ്ഞു.
ബാങ്കിങ് മേഖലയില്‍ പരാതി സമര്‍പ്പിക്കാവുന്ന ഓംബുഡ്സ്മാന് പദ്ധതി കഴിഞ്ഞ വെള്ളിയാഴ്ച്ച ആര്‍ബിഐ വിപുലീകരിച്ചിരുന്നു. ബാങ്കുകള്‍ മധ്യസ്ഥം നിന്ന് വിറ്റഴിക്കുന്ന ഇന്‍ഷുറന്‍സ്, മൂച്വല്ഫണ്ട്സ് തുടങ്ങിയവയെല്ലാം മൂന്നാം കക്ഷി ഉത്പ്പന്നങ്ങളായാണ് ഉള്‍പ്പെടുന്നത്. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നഷ്ടം ഉണ്ടാകുന്നുണ്ടെങ്കില്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി അതാത് ബാങ്കില്‍ നിന്ന് ഇടാക്കാം.
കഴിഞ്ഞ വര്‍ഷം യുകെയില്‍ ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പേമെന്റില്‍ അക്ഷരത്തെറ്റ് സംഭവിച്ചതിനെ തുടര്‍ന്ന് ബാര്‍ക്ലെയ്സ്, എച്ച്എസ്ബിസി തുടങ്ങി വിവിധ ബാങ്കുകളില്‍ നിന്ന് വന്‍ തുകകള്‍ പിഴയായി ഈടാക്കിയിരുന്നു. നിലവില്‍ 20 ഓംബുഡ്സ്മാന്മാരാണ് ഇന്ത്യന്‍ ബാങ്കിങ് മേഖലയിലുള്ളത്. പ്രത്യക പരിധി നിശ്ചയിച്ചുകൊണ്ടാണ് ഇവരെല്ലാം പ്രവര്‍ത്തിക്കുന്നതും.
എന്നാല്‍ അതാത് ബാങ്കുകളില്‍ പരാതി നല്കി നടപടിയ്ക്കായി 30 ദിവസം വരെ കാത്തിരുന്നിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ അതിനുശേഷം മാത്രമേ ഓംബുഡ്സ്മാന് പരാതി നല്കാന് സാധിക്കൂ. 2016 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ 1.03 ലക്ഷം പരാതികളാണ് വിവിധ ഓംബുഡ്സ്മാന്മാര്ക്ക് ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: