നിരണം: അപ്പര്‍ കുട്ടനാട്ടില്‍ മീന്‍കൂട് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിന് കര്‍ശന വിലക്ക്. മീന്‍കൂട് മത്സ്യബന്ധനത്തിന് എതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് കുട്ടനാട്ടില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നു വന്ന നാട്ടുകാരുടെ മീന്‍കൂട് മത്സ്യബന്ധനത്തിന് തിരശ്ശീല വീഴുന്നത്.
പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലും ഉള്‍ത്തോടുകളിലും മീന്‍പിടുത്തത്തിന് വ്യാപകമായി കൂടുകള്‍ ഉപയോഗിക്കുന്നുണ്ട്. നദീതീരങ്ങളില്‍ തെങ്ങിന് കുറ്റിയും മുളങ്കാലുകളും സ്ഥാപിച്ച് അതിലാണ് കൂടുകള്‍ ഇടുന്നത്. ഊത്ത കയറുന്ന സമയത്ത് പല തവണ കൂട് ഉയര്‍ത്തി മീന്‍ എടുക്കും.
കഴിഞ്ഞ വര്‍ഷം നിരവധി മീന്‍ കൂടുകള്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇത് ഫലവത്തായില്ല. കുട്ടനാട്ടിലെ ഫിഷറീസ് അധികൃതര്‍ക്ക് ബോട്ടോ വാഹന സൗകര്യങ്ങളോ ഇല്ല. മാന്നാറിലാണ് അപ്പര്‍കുട്ടനാടിന്റെ അധികാര പരിധിയില്‍ വരുന്ന ഫിഷറീസ് വകുപ്പിന്റെ ഓഫീസ്.
മീന്‍കൂട് മാത്രമല്ല, അനുവദനീയമല്ലാത്ത മറ്റ് മീന്‍ വലകളും വിലക്കും. ചെറിയ കണ്ണികളുള്ള വലകളാണ് അനുവദിക്കാത്തത്. മുളകള്‍ കൊണ്ട് ചെറുതും വലുതുമായ നൂറുകണക്കിന് മീന്‍ കൂടുകളാണ് മണ്‍സൂണ്‍ സീസണില്‍ കുട്ടനാട്ടില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് കയറി നില്ക്കാവുന്ന കൂറ്റന്‍ മീന്‍ കൂടുകളുമുണ്ട്.
വാളയിനത്തില്പ്പെട്ട മീനുകളെ പിടിക്കാനാണ് കൂറ്റന്‍ കൂടുകള്‍ ഉപയോഗിക്കുന്നത്. ഒരു കൂടിന്റെ നിര്‍മ്മാണത്തിന് തന്നെ അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ ചിലവ് വരും. മത്സ്യങ്ങളുടെ പ്രജനന സമയമായ മണ്‍സൂണ്‍ സീസണില്‍ മുട്ടയിടാനെത്തുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ഈ കൂടുകളില്‍ അകപ്പെടും.
കുട്ടനാട്ടിലെ മീനുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതും ചിലയിനം മീനുകള്‍ വംശനാശ ഭീഷണി നേരിടുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പ് നടപടി കര്‍ശനമാക്കിയത്. കൂടാതെ ആമകള്‍ കൂട്ടത്തോടെ കൂട്ടില്പ്പെട്ട് ചാകുന്നതും പതിവായതോടെയാണ് നിരോധനം കര്‍ശനമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: