മലപ്പുറം: വീടുകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡുകളിലും പൊതുസ്ഥലങ്ങളിലും തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് പി. ഉബൈദുള്ള എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മലപ്പുറം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡങ്കിപ്പനി അടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പുകള്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനം ആവിഷ്കരിച്ച് നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മെഡിക്കല്‍ ക്യാംപ് നടത്താനും എംഎല്‍എ നിര്‍ദേശം നല്കി.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലവും പരിസരവും വൃത്തിയാക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടി നടത്തും. തൊഴിലാലികളെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ താമസിപ്പിച്ചാല്‍ കെട്ടിട ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി. പൂക്കോട്ടൂര്‍ അറവങ്കരയില് വിമാനത്താവളത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്കി.
പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. ജൈവ-അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് മലപ്പുറം നഗരസഭയില്‍ നടപ്പാക്കിയ പദ്ധതി മറ്റു പഞ്ചയാത്തുകളിലേക്ക് വ്യാപിപ്പിക്കാനും പഞ്ചായത്ത് തലത്തില്‍ കര്‍മസേനകള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. 50 വീടുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകള്ക്ക ഒരു വോളണ്ടിയര്‍ ഉണ്ടാവും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നതിനും ഈ സംവിധാനം ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: