തൃശൂര്‍: ജില്ലയില്‍ പകര്‍ച്ചപ്പനി പടരുമ്പോഴും ആരോഗ്യ സംവിധാനങ്ങള്‍ പാളുകയാണ്. ഓരോ ദിവസവും ഏറി വരുന്ന പനി മരണങ്ങള് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നലെയും ജില്ലയില്‍ പനി ബാധിച്ച് മൂന്ന് പേര് മരിച്ചു. രണ്ട് പേരുടെ മരണം ഡെങ്കിപ്പനി ബാധയെന്ന് സ്ഥിരീകരിച്ചു. പടവരാട്, കുരിയച്ചിറ, ചേലക്കര എന്നിവിടങ്ങളിലാണ് പനി മരണം റിപ്പോര്‍ട്ട് ചെയ്തത്.
ഒല്ലൂര്‍ പടവരാട് സ്വാതിനഗര്‍ ചക്കാലമുറ്റം ജോസ് ഭാര്യ വത്സ(52), കുരിയച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനീത ബിജു(31) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പകര്‍ച്ചപ്പനി മൂലം ചേലക്കര പക്കാലപ്പറമ്പില്‍ സുജാത(42)യും.
തൃശൂര്‍ ജൂബിലിമിഷനില്‍ ചികില്‍സയിലായിരിക്കെയാണ് പടവരാട് സ്വദേശി വല്‍സ മരിച്ചത്. പനി ബാധിച്ച വത്സയെ തിങ്കളാഴ്ച തൃശൂര്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നേഴ്സുമാരുടെ സമരമായതിനാല്‍ വിശദമായ പരിശോധനയും ചികിത്സയും നല്‍കാതെ ഡ്രിപ്പുമാത്രം നല്കി മടക്കി. പനി മാറാതെ വന്നപ്പോള്‍ പിറ്റേന്നും ആശുപത്രിയെത്തിച്ചെങ്കിലും വീണ്ടും ഡ്രിപ്പു നല്കി മടക്കുകയായിരുന്നു.
പനിയും തലവേദനയും കലശലായതോടെ ബുധനാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ച് രക്തം പരിശോധിച്ചപ്പോഴാണ് ഡെങ്കിയാണെന്ന് സ്ഥിരീകരിച്ചത്. ഡ്രിപ്പ് കയറ്റി മടക്കിയ ഇവര്‍ക്ക് വൈകുന്നേരത്തോടെ ഛര്‍ദ്ദിയും തുടങ്ങി. നേഴ്സുമാര്‍ ഇല്ലാത്തതിനാല്‍ വിശദമായ ചികിത്സ ഇവിടെ നിന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വത്സയെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ പ്ലേറ്റ്ലറ്റ് വളരെ കുറവാണെന്ന് കണ്ടെത്തുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു.
പെട്ടി ഓട്ടോ ഡ്രൈവറാണ് വത്സയുടെ ഭര്‍ത്താവ് ജോസ്. മക്കള്‍: ടി്ന്റു, ടിജോ. മരുമകന്: ബൈജു. സംസ്കാരം നടത്തി.
കുരിയച്ചിറ സ്വദേശി തെങ്ങുംതോട്ടത്തില്‍ ബിജു ഭാര്യ ബിനിതയും ഡെങ്കിപ്പനി ബാധിച്ച് ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
പനി ബാധിച്ച് മരിച്ച ചേലക്കര സ്വദേശി പങ്ങാരപ്പിള്ളി കല്ലിടമ്പില്‍ വീട്ടില്‍ നാരായണന് മകള്‍ സുജാത അമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. യുവതിയെ രണ്ട് ദിവസം മുമ്പാണ് പങ്ങാരപ്പിള്ളിയിലുള്ള ഇവരുടെ ബന്ധുവീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി പനി കൂടിയതിനെ തുടര്‍ന്ന് ചേലക്കരയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു.
അതേസമയം തളിക്കുളം പുതുക്കുളങ്ങരയില്‍ യുവതിക്കും വലപ്പാട് നാലു വയസുള്ള കുട്ടിക്കും നാട്ടിക ചേര്‍ക്കരയില്‍ യുവാവിനും ഡെങ്കിപ്പനി.
പുതുക്കുളങ്ങരയില്‍ ഫ്ളാറ്റില്‍ താമസിക്കുന്ന യുവതിക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് യുവതി തൃത്തല്ലൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഇതിനിടെ പനി വീണ്ടും കൂടുതലായതോടെ രക്തം പരിശോധിച്ചപ്പോഴാണ് യുവതിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
വലപ്പാട് സ്വദേശിനിയുടെ കുട്ടിക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. നാട്ടിക ചേര്‍ക്കരയില്‍ യുവാവിനും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: