പന്തളം: അടിവശത്തെ മണ്ണ് ഒലിച്ചുപോയതോടെ അച്ചന്‍കോവിലാറിനു കുറുകെ പന്തളത്തെയും കുളനടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പന്തളം വലിയകോയിക്കല്‍ തൂക്കുപാലം അപകടത്തിലായി. മണികണ്ഠനാല്‍ത്തറ മുതലുള്ള റോഡിലെ വെള്ളമൊഴുകിയെത്തിയാണ് തൂക്കുപാലത്തിനു താഴത്തെ മണ്ണൊലിച്ചു പോകുന്നത്.
ആറ്റില്‍ പാലത്തിനു സമീപത്തുപോലും തീരസംരക്ഷണ ഭിത്തി കെട്ടാത്തതാണ് പാലത്തിനു ഭീഷണിയായിരിക്കുന്നത്.
2013ല്‍ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന്റെ പന്തളം ഭാഗത്തെ കരയിലെ മണ്ണ് ആറ്റിലേക്ക് കുത്തിയൊഴുകി വലിയ കുഴിയായി മാറിയിരിക്കുന്നു.
പന്തളം കൊട്ടാരം വക ഭൂമിയും വെളളപ്പാച്ചിലില്‍ ആറ്റിലേക്ക് ഇടിഞ്ഞുതാണുകൊണ്ടിരിക്കുകയാണ്. ഇവിടെ കെട്ടിയിരുന്ന ഓടയുടെ ഒരുഭാഗം ഇടിഞ്ഞ് ആറ്റിലേക്ക് വീഴുകയും ചെയ്തു. കുളനട പഞ്ചായത്തിനാണ് തൂക്കുപാലത്തിന്റെ ചുമതല. അതിനാല്‍ പന്തളം നഗരസഭ പാലത്തിന്റെ കാര്യം ശ്രദ്ധിക്കാറുമില്ല.
മഴ കനത്തതോടെ അച്ചന്‍കോവിലാറിന്റെ തീരമിടിച്ചിലും വ്യാപകമായി. സംരക്ഷണഭിത്തി കെട്ടിയിട്ടില്ലാത്ത ഭാഗങ്ങളാണ് ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുന്നത്. പന്തളം നഗരസഭ, കുളനട, തുമ്പമണ്‍ പഞ്ചായത്തുകളിലും പെട്ട ആറ്റുതീരമാണ് ഇങ്ങനെ നഷ്ടമാകുന്നത്.
മണല്‍ വാരലിന് നിരോധനം വരുന്നതിനു മുമ്പാണ് ആറ്റുതീരം വ്യാപകമായി ഇടിഞ്ഞുതാഴാന്‍ തുടങ്ങിയത്. അനധികൃതമായി മണല്‍ വാരിയിരുന്ന സമയത്ത് തീരത്തോടു ചേര്‍ത്ത് വള്ളം കെട്ടി തീരമിടിച്ചു മണല്‍ വാരിയതാണ് തീരമിടിയാന്‍ കാരണം.
ജലസേചന വകുപ്പ് കെട്ടിയിരുന്ന സംരക്ഷണഭിത്തിയും അന്ന് ഇടിഞ്ഞുപോയിരുന്നു. തീരത്തെ ഫലവൃക്ഷങ്ങളും വീടുകളും ഏതു നിമിഷവും ആറ്റിലേക്കു വീഴുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: