കഴുകന് കണ്ണുമായി സിനിമാ സീരിയല്‍ വ്യാജന്മാര് കാത്തിരിക്കുന്നത് ക്രൂരമായ കെണികളുമായി. സിനിമയും സീരിയലുമായി പുലബന്ധംപോലുമില്ലാത്ത ഇവര്‍ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുള്ളവരോ അല്ലെങ്കില്‍ അത്തരക്കാര്‍ തന്നെയും ആകാം.
സിനിമയുടേയും സീരിയലിന്റേയും വര്‍ണ്ണപ്പകിട്ടില്‍ മയങ്ങി എങ്ങനെയെങ്കിലും നടിയാകാന്‍ പുറപ്പെട്ട ചിലര്‍ക്കെങ്കിലും കിട്ടുന്നത് ക്രൂരപീഡനം അടക്കമുളള ജീവിതത്തകര്‍ച്ച.പേരും പ്രശസ്തിയും പണവും ആഡംബരവുമൊക്കെയായി ജീവിതം സുഖിക്കാനുള്ളതാണെന്നും അതിനു സിനിമ തന്നെ വേണമെന്നുമൊക്കെ കരുതുന്നതു തെറ്റല്ല. പക്ഷേ ആര്ത്തികൂടിചെന്നുപെടുന്നത് ഇങ്ങനെ കെണിയില്‍ ആകരുതെന്നുമാത്രം.
സിനിമയിലും സീരിയലിലുമല്ല, അങ്ങനെയെന്നു തെറ്റിദ്ധരിപ്പിച്ച് മാനവും പണവും നഷ്ടപ്പെടുമ്പോള്‍ പഴി അപ്പഴും സിനിമയ്ക്കും സീരിയലിനുമൊക്കെ ആകുന്നതാണ് കഷ്ടം. വടുതലയിലെ പെണ്‍കുട്ടി വീണതും നോയിഡയില്‍ ക്രൂരമായി ബലാല്സംഘത്തിനിരയായതും ഇത്തരം കെണിയിലൂടെയാണ്. അവളുടേയും മോഹം സിനിമയായിരുന്നു. വീട്ടുകാര്‍ വേണ്ടെന്നു നിര്‍ബന്ധിച്ചിട്ടും ഒടുക്കം അവര്‍ മകളുടെ നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു.
സിനിമയുടേയും സീരിയലിന്റെയും പേരു പറഞ്ഞു യുവതിയുവാക്കളെ ചതിക്കാന്‍ എളുപ്പമാണ്. സിനിമയാണ് ജീവിതമെന്നും അതില്ലെങ്കില്‍ ജന്മംതന്നെ പാഴാണെന്നും കരുതി കഴിയുന്ന ആയിരക്കണക്കിനു യുവതിയുവാക്കളുണ്ട് നമ്മുടെ നാട്ടില്‍. അതിന് അവര്‍ കൂടുതല്‍ സുന്ദരന്മാരും സുന്ദരികളുമാകുന്നു. എന്തു സാഹസികതയ്ക്കും ഒരുമ്പെടുന്നു. ചിലപ്പോള്‍ എന്തു നഷ്ടത്തിനും തയ്യാറാകുന്നു.
ഇന്നത്തെ യുവതയ്ക്ക് ലോകം ഉള്ളംകയ്യിലാണ്. ചുറ്റുപാടും നടക്കുന്നതെന്താണന്നു അവര്‍ക്കറിയാം. എന്നിട്ടും സ്വന്തംകാര്യം വരുമ്പോള്‍ അവര്‍ക്കെന്തേ തെറ്റിപ്പോകുന്നു. ജീവിതവും സിനിമയും രണ്ടാണെന്ന് അവര്‍ തിരിച്ചറിയുന്നില്ലേ. ജീവിതത്തെക്കാള്‍ എത്രയോ നിസാരമാണ് സിനിമ. എത്രയെത്ര നിസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: