എപ്പോഴും തോടിനുള്ളില്‍ ഒളിച്ചിരിക്കുകയും തങ്ങളുടെ പക്ഷം മാത്രം പറയാന്‍ പുറത്തേക്ക് തലനീട്ടുകയും ചെയ്യുന്ന ചിലരുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്മാന് കമലെന്ന കമാലുദ്ദീനും സാഹിത്യകാരി സാറാജോസഫുമൊക്കെ ഒളിച്ചിരുന്ന് തലനീട്ടുന്നവരാണ്.
തങ്ങള്‍ക്ക് അനുകൂലമായതിനെയെല്ലാം അംഗീകരിച്ച്, എപ്പോഴും തോടിനുള്ളില്‍ സുഖസുഷുപ്തിയില്‍ കഴിയുന്ന ഇവര്‍ കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്രമോദിയെയും ബിജെപിയെയും വിമര്‍ശിക്കാനായി മാത്രം തലനീട്ടുന്നത് ശീലമാക്കിയിരിക്കുന്നു.
ഏറ്റവുമൊടുവില്‍ രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം.
ചലച്ചിത്രമേളകളും സാഹിത്യസദസ്സുകളും നാടകപ്രദര്ശനങ്ങളുമൊക്കെ തങ്ങളുടെ മാത്രം കുത്തകയാണെന്ന് ധരിച്ചുവശായിരിക്കുന്നവരാണ് കേരളത്തിലെ ‘ഇടതുബുദ്ധിജീവികള്‍’. ഇതെല്ലാം തങ്ങള്‍ക്ക് മാത്രമുള്ളതാണെന്നാണ് ഇവര്‍ കാലങ്ങളായി പ്രചരിപ്പിക്കുന്നത്. മറ്റാരെങ്കിലും ആ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ ഫാസിസമെന്നും സാംസ്കാരിക അധിനിവേശമെന്നുമെല്ലാം പേരിട്ടുവിളിച്ച് അരികുവത്കരിക്കുന്നതും ഭയപ്പെടുത്തി ഓടിക്കുന്നതും ഇവര്‍ പതിവാക്കിയിരിക്കുന്നു. കേരളത്തില്‍ മാത്രമാണീ പ്രവണത തുടരുന്നത്.
മറ്റ് സംസ്ഥാനങ്ങളിലൊന്നും ഈ പക്ഷമോ, ഇവരാല്‍ നയിക്കപ്പെടുന്ന ബുദ്ധിജീവി വര്‍ഗ്ഗമോ ഇല്ല. കേരളത്തില്‍ ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോഴെല്ലാം കടുത്ത ചുവപ്പന്‍ പക്ഷപാതികളായി രംഗത്തുവരികയും ഇടതന്മാര് വച്ചുനീട്ടുന്ന എല്ലിന്‍കഷണങ്ങള്‍ വാങ്ങി ഭക്ഷിച്ച് വയറുനിറയ്ക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ഇടതുഭരണം മാറിയാല്‍ അവരില്‍ പലരും മൗനികളാകുകയോ കളംമാറ്റി ചവിട്ടുകയോ ചെയ്യും.
മുമ്പ് സാഹിത്യരംഗത്തു മാത്രമായിരുന്നു ഈ പ്രവണത പ്രത്യക്ഷമായി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കമാലുദ്ദീനെയും ഉണ്ണികൃഷ്ണനെയും പോലുള്ളവരിലൂടെ അത് സിനിമാമേഖലയിലേക്കും കടന്നിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നടന്ന പത്താമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്നും മൂന്ന് ചലച്ചിത്രങ്ങളെ വിലക്കിയതാണ് കമാലുദ്ദീനെയും കൂട്ടരെയും ചൊടിപ്പിച്ചത്!. എന്തെഴുതിയാലും എന്ത് പ്രദര്‍ശിപ്പിച്ചാലും അതെല്ലാം അംഗീകരിച്ച് കയ്യുംകെട്ടി മിണ്ടാതിരിക്കണം!
എന്തും ചെയ്യാനും പറയാനുമുള്ള സ്വാതന്ത്ര്യമാണ് 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരില്‍ നിന്ന് നമ്മള് നേടിയെടുത്തതെന്നാണ് കമാലുദ്ദീന്മാരുടെ പക്ഷം. അതിനനുവദിച്ചില്ലെങ്കില്‍ രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയെന്നു ഭയപ്പെടുത്തും. ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതായെന്ന് കൂക്കിവിളിക്കും.
രോഹിത്വേമുലയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പ്രമേയമാക്കിയ പി.എന്‍.രാമചന്ദ്രയുടെ ‘ദി അണ്ബേറബിള് ബീയിങ് ഓഫ് ലൈറ്റ്നെസ്’, കശ്മീരിലെ സംഘര്‍ഷാവസ്ഥ പ്രതിപാദിക്കുന്ന എന്‍.സി.ഫാസിലിന്റെ ‘ഇന്‍ ദ ഷെയിഡ് ഓഫ് ഫോളന്‍ ചിനാര്‍’, ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരത്തെക്കുറിച്ചുള്ള കാത്തു ലൂക്കോസിന്റെ ‘മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച്’ എന്നീ ചിത്രങ്ങള്‍ക്കാണ് പത്താമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്.
വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ് ഈ മൂന്ന് ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി നല്‍കാതിരുന്നത്. കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയില്‍ മാത്രമല്ല, ഒരിടത്തും ഇത് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുമില്ല. രോഹിത് വേമുലയെ പേടിച്ചിട്ടോ, ജെഎന്‍യുവിലെ അരാജകത്വത്തെ ഭയന്നിട്ടോ ആയിരുന്നില്ല അതെന്ന് വ്യക്തം. ചിത്രം കാണുന്നവര്‍ക്ക് അത് കൂടുതല്‍ വ്യക്തമാകും. മൂന്ന് ചിത്രങ്ങളും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലം പാലിക്കുന്നതും
കലാപത്തിനുകാരണമായേക്കാവുന്നതും തീവ്രവാദികള്‍ക്ക് പ്രോത്സാഹനം നല്കുന്നതുമാണ്.
ആവിഷ്കാരത്തിന്റെ പേരില്‍ എന്തും പ്രദര്‍ശിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഒരു സര്‍ക്കാരും അനുവദിച്ചു നല്‍കിയിട്ടില്ല. എന്തും തിന്നാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു വാദിക്കുന്നവരാണ് ഇതും പ്രചരിപ്പിക്കുന്നത്. മാനിന്റെയും കാട്ടുപോത്തിന്റെയും ഇറച്ചി ഭക്ഷ്യയോഗ്യമാണെങ്കിലും അവയെ കൊന്നുതിന്നാന്‍ നിയമം അനുവദിക്കുന്നില്ല.
സിനിമയിലും നാടകത്തിലും സാഹിത്യത്തിലുമൊക്കെ എന്തു വിവാദമുണ്ടാക്കിയാലും അതെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ലളിതവത്കരിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നത് സ്വാഭാവമാക്കിയിട്ടുണ്ട് ചിലര്‍. വിശ്വാസത്തെ തള്ളിപ്പറയുന്നവരും മറ്റുള്ളവരുടെ വികാരങ്ങള്‍ക്കും അഭിമാനത്തിനും മുറിവേല്‍പ്പിക്കുന്നവരും അതെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയ ശേഷമോ നിയമ ലംഘനം നടത്തിയിട്ടോ, അതെന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് ചെയ്ത തെറ്റിനെ ന്യായീകരിക്കാനാണ് അവര്‍ ശ്രമിക്കാറ്. ചിത്രകാരന് എം.എഫ്.ഹുസൈന് ഹിന്ദു ദേവതയായ സരസ്വതീദേവിയെ നഗ്നയാക്കി വരച്ചതും അധിക്ഷേപിച്ചതും വിവാദമായപ്പോള്‍ അതിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍പ്പെടുത്തി വാദിക്കാനാളുണ്ടായിരുന്നു.
ഹുസൈന് ചെയ്ത തെറ്റിനെ ന്യായീകരിച്ച് ഇടതുബുദ്ധിജീവികളെല്ലാം തോടിനുള്ളില്‍ ഒളിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് നബിയുടെ ചിത്രം ആരെങ്കിലും വരച്ചാല്‍ അതിനെ എതിര്‍ക്കാന്‍ തോടുപൊളിച്ച് അവര്‍ പുറത്തിറങ്ങുകയും ചെയ്യും. ഈ ഇരട്ടത്താപ്പ് വെറും എല്ലിന് കഷണങ്ങള്ക്കുവേണ്ടിയാണെന്ന് ആര്‍ക്കാണറിയാത്തത്.
ഇന്ത്യയില്‍ സാംസ്കാരിക അടിയന്തരാവസ്ഥയെന്ന് വിലപിക്കുന്ന കമാലുദ്ദീനും സ്വതന്ത്രമായി പേനയെടുക്കാനും സന്തോഷത്തോടെ എഴുതാനിരിക്കാനും കഴിയുന്ന അവസ്ഥ ഇല്ലാതാകുമോയെന്ന് ഭയക്കുന്ന സാറാജോസഫും തലനീട്ടുന്നത് വെറും എല്ലിന്‍കഷണങ്ങള്‍ക്കു വേണ്ടിത്തന്നെയാണെന്ന് ആര്‍ക്കാണറിയാത്തത്.
സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ഭാരതത്തിന്റെ മുഖമുദ്രയെങ്കിലും ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളിന്റെ മൂക്കിന്തുമ്പില് അവസാനിക്കുന്നു എന്നതാണ് സത്യം. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നും ആര്‍ക്കും അനുവദിച്ചു തന്നിട്ടില്ല. സമൂഹത്തിന് ഹിതമല്ലാത്തത് ചെയ്യുന്നതല്ല ആവിഷ്കാര സ്വാതന്ത്ര്യം.
അത് സാഹിത്യമായാലും സിനിമയായാലും അനുവദിക്കാന്‍ പാടില്ല.
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി ഇത്രത്തോളം കണ്ണീര് കളയുന്ന കമാലുദ്ദീന്, ചലച്ചിത്ര സംവിധായകന് മൊയ്തു താഴത്തിന്റെ വാക്കുകളില്‍ പ്രതികരിക്കാതിരിക്കുന്നത് നെറികേടാണ്. മൊയ്തു താഴത്തുകൂടി ഉള്‍പ്പെടുന്ന ചലച്ചിത്ര സമൂഹത്തിനു വേണ്ടിയാകണം ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രവര്‍ത്തിക്കേണ്ടത്.
സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെക്കുറിച്ചു സിനിമയെടുത്ത മൊയ്തു അനുഭവിച്ച വേദനകളാണ് അദ്ദേഹം പങ്കുവച്ചത്. ടി.പി. 51 എന്ന ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറായ തിയറ്ററുകളെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയും താന്‍ തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തപ്പോള്‍ എവിടെയായിരുന്നു, ഇപ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം പ്രസംഗിക്കുന്ന കമല്‍ എന്നാണു മൊയ്തു ചോദിക്കുന്നത്.
34 സ്വകാര്യ തിയറ്ററുകള്‍ സിപിഎം ഭീഷണിയെത്തുടര്‍ന്ന് അവസാന നിമിഷം ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. സിപിഎം ഭീഷണിക്കെതിരെ ഒരക്ഷരം പ്രതികരിക്കാന്‍ കമാലുദ്ദീന് തയ്യാറാകാതിരുന്നതെന്താണ്? ബി.ഉണ്ണികൃഷ്ണന് എന്ന ‘സൂപ്പര്‍ഹിറ്റ്’ സംവിധായകന് എവിടെപ്പോയൊളിച്ചു? സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങി നിര്‍മ്മിച്ച സിനിമ അനാഥമായപ്പോള്‍, ലക്ഷങ്ങളുടെ ബാധ്യതയാണ് മൊയ്തുവിനുണ്ടായത്. എവിടെപ്പോയി അപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യം?
അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തിനും സമാന അനുഭവമാണുണ്ടായത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഒരു തീയറ്ററിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സിപിഎമ്മുകാര്‍ അനുവദിച്ചില്ല. കമാലുദ്ദീനും സാറാജോസഫുമൊക്കെ അന്നും കേരളത്തിലില്ലായിരുന്നോ? രാജ്യവിരുദ്ധത പറയുന്ന മൂന്ന് സിനിമകള്‍ തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ പ്രദര്‍ശിപ്പിച്ച് അഭിമാനിക്കുന്ന എസ്എഫ്ഐക്കാര്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കണം.
കല രാഷ്ട്രീയം പറയരുതെന്ന് പറയുന്നത് കടന്നു കയറ്റമാണെന്നാണ് സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. അത് ശരിയാണ്. കലയില്‍ നിന്ന് രാഷ്ട്രീയത്തെ ഒഴിച്ചു നിര്‍ത്താനാകില്ല. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം പറഞ്ഞതാണ് ‘ടി.പി. 51’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ ചിത്രങ്ങള്‍ ചെയ്ത തെറ്റ്.
എതിര് ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കാണുകയും ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതി നടപ്പാക്കുന്നത് കമ്യൂണിസ്റ്റുകളാണ്. അത് സിനിമയായാലും നാടകമായാലും ചിത്രങ്ങളായാലും കമ്യൂണിസ്റ്റുകാരാല്‍ എതിര്‍ക്കപ്പെട്ടിട്ടുണ്ട്. ലോകചരിത്രവും കേരളത്തിന്റെ ചരിത്രവും പരിശോധിച്ചാല്‍ എ.കെ.ബാലനും അത് മനസ്സിലാകും. തോടിനുള്ളിലിരുന്ന് വല്ലപ്പോഴും തലനീട്ടുന്നവര്ക്ക് എല്ലിന്‍കഷണങ്ങള്‍ ഇനിയും കിട്ടിക്കൊണ്ടിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: