മലപ്പുറം: സംസ്ഥാനത്ത് തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത് മലപ്പുറത്താണ്.
മഴക്കാലം ആരംഭിച്ചതോടെ ദിവസവും രണ്ടായിരത്തിലധികം ആളുകളാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്കെടുത്താല്‍ ഇത് ഏകദേശം 4000 കടക്കും.
ഡെങ്കിപ്പനിക്ക് കാരണമായ ഒന്‍പത് പ്രസരണ കേന്ദ്രങ്ങള്‍ ജില്ലയിലുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കാവനൂര്‍, തൃക്കലങ്ങോട്, തൃപ്പനച്ചി, ചോക്കാട്, കാളികാവ്, കീഴുപറമ്പ്, അങ്ങാടിപ്പുറം, തവനൂര്‍, താനൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട പട്ടികയിലുള്ളത്.
ഡെങ്കി തീവ്രപ്രസരണ കേന്ദ്രങ്ങളില്‍ ഈഡിസ് കൊതുകുകളുടെ സാന്ദ്രതയും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്‍പത് കേന്ദ്രങ്ങളിലും 30 ബ്രിട്ടോ ഇന്ഡെക്സിന് മുകളിലാണ് കൊതുകിന്റെ സാന്ദ്രത.
ജില്ലയിലെ മറ്റിടങ്ങളിലെല്ലാം 20 ബ്രിട്ടോ ഇന്‍ഡെക്സാണ് കൊതുകിന്റെ സാന്ദ്രത. ഡെങ്കി വയറസിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ കൊതുകിന്റെ സാന്ദ്രത പത്തിന് മുകളിലെത്തുന്നത് രോഗ വ്യാപനത്തിന്റെ ശക്തികൂട്ടും.
ഈഡിസ് വിഭാഗത്തിലെ ആല്‍ബൊപിക്റ്റസ് കൊതുകുകളുടെ എണ്ണമാണ് അപകടരമായി വര്‍ധിച്ചിരിക്കുന്നത്. തോട്ടങ്ങളിലും മറ്റുമാണ് ഇവ കൂടുതലായി പെരുകുന്നത്. ഏറ്റവും അപകടകാരികളായ ഈഡിസ് ഈജിപ്തി കൊതുകുകള്‍ വീടുകള്‍ക്കുള്ളിലും പരിസരങ്ങളിലുമാണ് കാണപ്പെടുന്നത്.
പകല്‍ സമയങ്ങളിലും വൈകുന്നേരങ്ങളില്‍ അഞ്ചുവരെയുള്ള സമയങ്ങളിലും കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കൊതുകുകളുടെ ഉറവിട നശീകരണത്തിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
മഴക്കാല പൂര്‍വ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായും ഡെങ്കിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലുമായി 95 തവണ ഫോഗിങ് നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഫോഗിങ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
41 ഫോഗിങ് മെഷീനുകളാണ് ജില്ലയില്‍ മൊത്തമായുള്ളത്. ഇതില്‍ നാലെണ്ണം വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ കൈവശവും മറ്റുള്ളവ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: