കൂടെയുള്ളവര്‍ ഓര്‍മ്മയാകുന്നത് വേദന. വേദന പിന്നെ വിധി എന്നോ സത്യമെന്നോ വിശ്വസിക്കുന്ന ആശ്വാസം. ഇത്തരമൊരു നൊമ്പരപ്പുള്ള ആശ്വാസമാകുന്നൊരു ദിവസമാണിന്ന്, മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ ഒന്നാം ചരമ വാര്‍ഷിദിനം.
ഒഎന്‍വിയുടെ നൂറുകണക്കായ ഗാനങ്ങളിലൊന്ന് മൂളാതെയും കേള്‍ക്കാതെയും മലയാളിയുടെ ദിനം കടന്നു പോകാറില്ല. ഈ സജീവത്കൊണ്ട് അദ്ദേഹത്തിന്റെ മരണത്തേയും ജയിക്കാന്‍ നമുക്കു കഴിയുന്നു. മലയാളി അവനായിത്തീരുന്ന അല്ലെങ്കില്‍ കേരളിയനായിത്തീരുന്ന അനവധി കാരണങ്ങളില്‍ ഒന്നാണ് എന്നും നമ്മുടെ കൂടെയുള്ള ഒഎന്‍വി പാട്ടുകള്‍.
അതുപോലെ തന്നെ കേള്‍ക്കാന്‍ സൗകര്യമാണ് എന്നതിനാല്‍ ഒഎന്‍വിയുടെ പ്രധാന കവിതകളെല്ലാം കേട്ടു ശീലിച്ചവരുമുണ്ട് ധാരാളം, കവിതകള്‍ ആത്യന്തികമായി കേള്‍ക്കാനുള്ളതല്ല എങ്കില്‍ക്കൂടി.
ഒഎന്‍വിയുടെ കവിതകളും പാട്ടുകളും ഏതു തരത്തില്ലുള്ളതാണെന്നോ
അല്ലെങ്കില്‍ അദ്ദേഹം ഏതു തരക്കാരനെന്നോ ഉള്ള ചോദ്യം അപ്രസക്തമാണ്. കേരളിയന്റെ നാവിന് തുമ്പിലുള്ളതാണ് ഒഎന്‍വി പാട്ടുകളെന്നതു തന്നെ അദ്ദേഹം ആരാണെന്നു ബോധ്യപ്പെടുത്തുന്നു.
പൊതുജനം നിത്യേനെ ഇടപെടുന്ന വാക്കും വിചാരവും മനോധര്‍മ്മവുമൊക്കെ കണ്ണി ചേര്‍ന്നതാണ് ഈ കവിയുടെ കവിതകളും പാട്ടുകളും. അത് ഒരു കവിയുെട ആലോചനാമൃത സര്‍ഗക കാന്തിയില്‍ രൂപപ്പെട്ടു എന്നുമാത്രം. റൊമാന്റിസത്തിനു മീതെ ണിയലിസവും സോഷ്യല്‍ റിയലിസവുമൊക്കെ നീര്‍ച്ചോലയാവുന്ന പ്രതിബദ്ധതയുടെ ആക്കമുണ്ട് ആ കവിതകള്‍ക്ക്.
ജീവിതം മാത്രമല്ല അതിജീവനം കൂടി ജാഗ്രത്താകുന്നുണ്ട് അദ്ദേഹത്തിന്റെ കവിതകളില്‍.ഭൂമിക്കൊരു ചരമഗീതം ഇതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ്. സങ്കടത്തിനും നിരാശയ്ക്കുമപ്പുറം ഒരു ഫീനിക്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട് ഒഎന്‍വിക്കവിതകള്‍. എഴുത്തിന്റെ ആദ്യഘട്ടമായ നാടക ഗാനരചനയുടെ കാലത്തില്‍ തന്നെ ഇത്തരം പ്രതിബദ്ധതാ രീതി ഉണ്ടായിരുന്നു.
ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ വികാരങ്ങളെ പ്രചോദിതമാക്കേണ്ടതു അവശ്യമാണെന്നിരിക്കെ തന്നെയായിരുന്നു ഒഎന്‍വിക്കവിതകള്‍ മനുഷ്യ വികാരമുണര്‍ത്തി കൊടുങ്കാറ്റായി വീശിയത്.പഴയ നാടക ഗാനങ്ങള്‍ ഇന്നും കേള്‍ക്കുമ്പോള്‍ വികാരങ്ങള്‍ വിജൃംഭിതമാകുമെന്നിരിക്കെ അന്നത്തെ ഉണര്‍വിന്റെ വികാര തീവ്രത എത്രയായിരിക്കും.
രാഷ്ട്രീയത്തില്‍ ഇടതു പക്ഷമായിരുന്നെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നിര്‍ബന്ധിത മുദ്രാവാക്യജന്യമായ വികാരത്തെക്കാള്‍ സ്വാഭാവികമായ വികാരവായ്പിലായിരുന്നു ഒഎന്‍വി രചനകള്‍.പ്രത്യയശാസ്ത്രത്തിന്റെ സമ്മര്‍ദങ്ങള്‍ കവിതയുടെ കാമ്പ് ചീയിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് മാറിവരുന്ന മലയാളി ജീവിതത്തിന്റെ പരിസരങ്ങളില്‍ അവരുടെ രക്തത്തില്‍ വേരാഴ്ത്തിയ നാടന്‍ പദങ്ങള്‍ ഇണക്കിച്ചേര്‍ത്ത ഒരുവട്ടം കൂടിയെന്‍…എന്നുപോലുള്ളവ എഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.
കവിതയും സിനിമാ ഗാനങ്ങളും രണ്ടാണെന്നിരിക്കെ തന്നെ സിനിമാപ്പാട്ടിലും കവിതയുടെ ഛന്ദസ് ഉരുക്കി ഒഴിക്കുകയായിരുന്നു ഒഎന്‍വി.കവിതയില്‍ അര്‍ഥവും പാട്ടില്‍ സംഗീതവും വേര്‍തിരിച്ചറിഞ്ഞ കവിയാണ് അദ്ദേഹം. അക്ഷരങ്ങളില്‍ മനുഷ്യ വിയര്‍പ്പിന്റെ ഉപ്പും കറുത്തപക്ഷിയുടെ പാട്ടും പാരിസ്ഥിതികമായ ഭാവി ജാഗ്രതയും ഒഎന്‍വി എഴുതിച്ചര്‍ത്തത് എന്നും മനുഷ്യപക്ഷത്തു നിന്നുകൊണ്ടു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: