മാവുങ്കാല്‍: കേരളം ഭരിക്കുന്നത് ചീഫ് മിനിസ്റ്റര്‍ അല്ല ക്രൈം മിനിസ്റ്റര്‍ ആണെന്നും, 8 മാസത്തെ ഭരണം കൊണ്ട് കേരളത്തില്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നത് ഒരു വീട്ടില്‍ ഒരു വിധവ എന്ന പദ്ധതിയാണെന്നും ആര്‍എസ്എസ് സഹ പ്രാന്ത പ്രാചരക് പ്രമുഖ് ഡോ.എന്‍.ആര്.മധു പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി കോട്ടപ്പാറയില്‍ സംഘടിപ്പിച്ച ശക്തി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
8 മാസങ്ങള്‍ക്കുള്ളില്‍ 9 വീട്ടുകാരാണ് അനാഥരായത്. കമ്മ്യൂണിസ്റ്റ് ചൈനയിലും സോവിയറ്റ് റഷ്യയിലും വിജയകരമായി നടപ്പിലാക്കിയ ഉന്മുലന സിദ്ധാന്തത്തിന്റെ ആവിഷ്ക്കാരമാണ് കേരളത്തിലും നടക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ തീവെച്ചും വെട്ടിയും അടിച്ചും കൊല്ലുന്ന രാക്ഷസീയത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വഭാവമാണ്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിനു നേതൃത്വം നല്കിയ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ കേരളത്തില്‍ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നത് വ്യര്‍ത്ഥമാണ്.
കേരളത്തിലെ വ്യവസായ മുരടിപ്പിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണം 5 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഭരണം മാറുന്നതു കൊണ്ടാണെന്നും എല്‍ഡിഎഫിന്റെ വികസന നയങ്ങള്‍ നടപ്പാകണമെങ്കില്‍ ഭരണ തുടര്‍ച്ച വേണമെന്നുമാണ് സിപിഎം നേതാക്കള്‍ കൊട്ടിഘോഷിക്കുന്നത്. മൂന്നര പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ എന്തു വികസനമാണ് കൊണ്ടുവന്നതെന്ന് പറയാന്‍ സിപിഎം തയ്യാറാകണം. മണലാരണ്യത്തിലേക്ക് മലയാളികള്‍ കൂട്ടത്തോടെ കുടിയേറിയപ്പോള്‍ കേരളത്തിലെ തൊഴില്‍ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബംഗാളികള്‍ വന്നു എന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഊറ്റം കൊളളാവുന്നതാണ്.
സൈദ്ധാന്തികമായ സംവാദങ്ങള്‍ നടത്തുവാന്‍ കെല്‍പ്പില്ലാതെ അരാജകത്വവും അക്രമമും വളര്‍ത്തി പിടിച്ചു നില്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പൊതുഗതാഗത രംഗത്തും പൊതുവിതരണ രംഗത്തും ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാരിനു ഇതുവരെ സാധിച്ചിട്ടില്ല. നോട്ട് നിരോധനത്തിന്റെ പേരിലിപ്പോഴും കേന്ദ്ര സര്‍ക്കാരിനെ പഴിചാരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റേഷനും പെന്‍ഷനും മുടങ്ങാതെ നല്കാന് എന്തു പോംവഴിയാണു കണ്ടിരിക്കുന്നതെന്നു വ്യക്തമാക്കണമെന്നും എന്‍.ആര്.മധു ആവശ്യപ്പെട്ടു.
ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, ആര്‍എസ്എസ് ഹോസ്ദുര്‍ഗ് ഖണ്ഡ് കാര്യവാഹ് കെ അഭിലാഷ് എന്നിവര്‍ സംബന്ധിച്ചു. പി.ഓംപ്രകാശ് സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: