കാസര്‍കോട്: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അടിയന്തിരമായി പുന:സംഘടിപ്പിക്കണമെന്നും ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്കരിക്കണമെന്നും സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കേരള നിയമസഭയുടെ പ്രവാസി ക്ഷേമത്തിനായുളള സമിതിയുടെ ചെയര്മാന് കെ.വി.അബ്ദുള്‍ഖാദര്‍ പറഞ്ഞു.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാസമിതിയുടെ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി അംഗം എം.രാജഗോപാലനും സിറ്റിങ്ങില്‍ സംബന്ധിച്ചു. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് പ്രവാസി മലയാളികള്‍ കേരളത്തില്‍ നിക്ഷേപിക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും ദുര്‍ബല വിഭാഗങ്ങളിലുളളവരാണ്. ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ഭൂരിപക്ഷത്തിന് ഉപകാരപ്പെടണമെന്ന് സമിതി വിലയിരുത്തി.
പ്രവാസിക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനായി നിലവില്‍ കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഓഫീസുകളില്‍ സൗകര്യമേര്‍പ്പെടുത്തണം. കൂടുതല്‍ ജീവനക്കാരെ ഇതിനായി നിയമിക്കണം. സംസ്ഥാനത്തെ പ്രവാസികളെക്കുറിച്ചുളള സമഗ്ര വിവരശേഖരണം നടത്തുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്താനും നിര്‍ദ്ദേശിക്കും. ക്ഷേമനിധി ആനുകൂല്യങ്ങള്‍ 10 വര്‍ഷമായി പരിമിതപ്പെടുത്തുന്നത് ആകര്‍ഷകമല്ല. ഇത് തിരുത്താന്‍ ആവശ്യപ്പെടും. പ്രവാസി പുനരധിവാസ പദ്ധതി കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും.
മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും ജില്ലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സ് അനുവദിക്കുന്നതിന് അടിയന്തിര ശുപാര്‍ശ നല്‍കുമെന്നും നിയമസഭാ സമിതി അറിയിച്ചു. പ്രവാസി പെന്ഷന് 5000 രൂപയായി വര്‍ധിപ്പിക്കണമെന്നും 60 വയസ്സ് കഴിഞ്ഞവര്‍ക്കും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വായ്പ വിതരണം സുതാര്യമാക്കണമെന്നും പ്രവാസി സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താണമെന്നും ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം എന്നിവ വര്‍ദ്ധിപ്പിക്കണമെന്നും സിറ്റിംഗില്‍ പരാതി നല്കിയവര് ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു സ്വാഗതവും എഡിഎം കെ.അംബുജാക്ഷന് നന്ദിയും പറഞ്ഞു.നിയമസഭാ അണ്ടര്‍ സെക്രട്ടറി എസ്. പി.ശ്യാം കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: