നഗര ജീവിതത്തില്‍ പതിയിരിക്കുന്ന നരക തുല്യമായ അപകടങ്ങളെക്കുറിച്ച് 1967ല്‍ ക്ളാസിക്കായൊരു ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.
എംടി.വാസുദേവന്‍ നായര്‍ രചിച്ച് എ.വിന്‍സന്റ് സംവിധാനം ചെയ്ത നഗരമേ നന്ദി. നമ്മുടെ നോവലും കഥയും കവിതയും സിനിമയും നാളുകളായി ചര്‍ച്ച ചെയ്യുന്ന നഗരത്തിലെ വിഭജിത ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും അതു നല്കുന്ന നിരാശയും തീവ്ര വെറുപ്പുമൊക്കെ അരനൂറ്റാണ്ടു മുന്‍പുതന്നെ ഈ ചിത്രത്തില്‍ അതിശക്തമായി പ്രതിപാദിച്ചിരുന്നു. നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഗ്രാമം വിട്ട് മദ്രാസ് നഗരത്തില്‍ കുടിയേറിയ ഒരു കുടുംബത്തിന്റെ പ്രശ്നങ്ങളും അനുബന്ധ കഥകളുമാണ് ഈ ചിത്രത്തിനാധാരം. ഒടുവില്‍ നഗരമേ നന്ദി എന്നു പറയേണ്ടി വരുന്നു.
അന്നത്തെ വലിയ താര നിരയായിരുന്നു നഗരമേ നന്ദിയില്‍. പ്രേം നസീര്‍, മധു,ഉമ്മര്‍, അടൂര്‍ ഭാസി, സുകുമാരി, ഉഷാ നന്ദിനി, ജ്യോതി ലക്ഷ്മി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്താല്‍ സമ്പന്നമായ സിനിമ. എം.ടിക്കും വിന്‍സന്റിനും വലിയ തിളക്കമുണ്ടാക്കിയ ചിത്രമാണ്. രൂപവാണിയുടെ ബാനറില്‍ ശോഭനാ പരമേശ്വരന് നായരാണ് നിര്‍മ്മിച്ചത്.
പി.ഭാസ്ക്കരന്റെ കവിതയൂറുന്ന വരികള്‍ക്ക് കെ..രാഘവനാണ് സംഗീതം നല്‍കിയത്. യേശുദാസും എസ്.ജാനകിയും പി.സുശീലയും എല്‍.ആര്.ഈശ്വരിയും പാടിയ ഇമ്പമേറിയ പാട്ടുകള്‍ ഇന്നും മലയാളിയുടെ നെഞ്ചിലുണ്ട്. നഗരം നഗരം മഹാസാഗരം എന്ന ഗാനം നഗരമേ നന്ദി എന്ന ചിത്രത്തിന്റെ പൊരുള്‍ കാച്ചിക്കുറുക്കി എടുത്തതാണ്. തിരയും ചുഴിയുമുള്ള മഹാ സാഗരമാണ് നഗരമെന്ന് പേര്‍ത്തും പേര്‍ത്തും ഈ ഗാനം വല്ലാത്തൊരു നൊമ്പരപ്പോടെ ഓര്‍മ്മിപ്പിക്കുന്നു.
1965ല്‍ ഗറ്റിന് ഗര്ടോപ്പ് സംവിധാനം ചെയ്ത കോണ്‍കറേഴ്സ് ഓഫ് ഗോള്‍ഡന്‍ സിറ്റി എന്ന ചി്ത്രവുമായി കടുത്ത സാമ്യം നഗരമേ നന്ദിക്കുണ്ടെന്ന് അന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: