വായനയില്‍ കടുത്ത ഗൗരവമുള്ളതും ഭാവനയുടെ വലിയ ആകാശം ഒതുക്കിവെച്ചതുമായ കഥയേയും കവിതയേയും കടന്ന് ദീര്‍ഘ നേരം വായന ആവശ്യപ്പെടുന്ന ആശയങ്ങള്‍ വിപുലീകരിച്ചെഴുതിയ വലിയ നോവലുകളിലേക്കു മലയാള വായന തിരിച്ചു വന്നിട്ട് നാളുകള്‍ കുറച്ചായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് വലിയ നോവലുകള്‍ വായനയുടെ വലിപ്പ ചെറുപ്പങ്ങള്‍ ഇല്ലാതെ തന്നെ വായിക്കപ്പെട്ടിരുന്നു. അന്നു സമയത്തിരക്കുകളൊന്നും ഇത്തരം വായനയ്ക്കു പ്രതിരോധം തീര്‍ത്തിരുന്നില്ല. അന്നു പക്ഷേ നേരമുണ്ടായിരുന്നുവെന്നു പറയുന്നതിലും വലിയ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല.
മുട്ടത്തു വര്‍ക്കിയുടേയും പി.അയ്യനേത്തിന്റെയും പല നോവലുകളും വലുപ്പമുള്ളവയാണ്. തകഴിയുടെ ബലൂണുകള്‍, കയര്‍, പി.കേശവദേവിന്റെ അയല്‍ക്കാര്‍, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, എംടിയുടെ കാലം, അസുരവിത്ത്, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പി.വത്സലയുടെ നെല്ല്, ആനന്ദിന്റെ ആള്‍ക്കൂട്ടം, വിലാസിനിയുടെ നോവലുകള്‍, കാക്കനാടന്റെ ഉഷ്ണമേഖല, സി.രാധാകൃഷ്ണന്റെ നോവലുകള്‍ എന്നിങ്ങനെ നൂറുകണക്കിനു നോവലുകള്‍ ഇങ്ങനെ വലിപ്പങ്ങള്‍ നിറഞ്ഞവയായിരുന്നു. അന്നത്തെ വായനാകുതുകിയായ മലയാളി ഒറ്റയിരുപ്പിലാണ് ഇവയില്‍ പലതും വായിച്ചു തീന്നത് എന്നുകൂടി ഓര്‍ക്കണം.
1970കളുടെ മധ്യത്തില്‍ കവിതയുടേയും ചെറുകഥയുടേയും മലവെള്ളപ്പാച്ചില്‍ തന്നെയുണ്ടായി. ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും കവിയരങ്ങുകള്‍ പൂത്തകാലം. ഇത്തരം അറങ്ങുകള്ക്കുവേണ്ടി തന്നെ പലപരിപാടുകളും നടത്തപ്പെട്ടിരുന്നു. കവിത വായിക്കാതിരിക്കുന്നതും കേള്‍ക്കാതിരിക്കുന്നതും വലിയ കുറവായിത്തോന്നിയിരുന്നു. അതുപോലെ തന്നെയായിരുന്നു കഥാവായനകളും. ചെറുതിനോട് ഒരുതരം അവ്യഖ്യാനമായതും അകാരണവുമായ ആവേശമായിരുന്നു അന്ന്. ആധുനിക കൊടികുത്തി നിന്ന കാലവും.
ഈ ചെറുപ്പവും വലിപ്പവും ഒരുതരത്തിലും കാലബന്ധിയായിരുന്നില്ല. അത് എങ്ങനെയൊ സ്വാഭാവികമായി സംഭവിച്ചുവെന്നു പറയാം. രസച്ചരടു മുറിയാതെ വായനയെ പിടിച്ചിരുത്തുന്ന കൗതുകമുള്ള ഭാവനയും ശക്തിയുള്ള ഭാഷയും വേറിട്ട ശൈലിയുമായി വ്യത്യസ്ത പ്രമേയത്തെ എഴുതുകില് ഏതു തിരക്കിലും ഒറ്റ ഇരുപ്പില്‍ നോവല്‍ വായിച്ചു തീര്‍ക്കാം നല്ല വായനക്കാര്‍ക്ക് വണ്ണവും മെലിവുമൊന്നും പ്രശ്നമല്ല. ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, കെ.ആര്,മീരയുടെ ആരാച്ചാര്‍, സുബാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങി വണ്ണക്കൂടുതലുള്ള നോവലുകള്‍ കൂടുതല്‍ വായിക്കപ്പെട്ടത് ഇത്തരം സവിശേതകള്‍ നിമിത്തമാണ്. ചെറുതിനോടു താല്‍പ്പര്യവും ഒന്നിനും നേരം തികയാത്തതുമായ ഇന്നത്തെ സാഹചര്യത്തില്‍ ഇങ്ങനെയുള്ള വലിയ നോവല്‍ വായന അതിശയമാണ്. എന്നാല്‍ നല്ലതിനെ എന്നും കണ്ടെത്തുമെന്നത് ഈ അതിശയത്തെ ഇല്ലാതാക്കുന്നു. നോവല്‍ വലിപ്പമല്ല, കാമ്പിന്റെ വലിപ്പം തന്നെയാണ് പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: