സെലിബ്രിറ്റികള്‍ സാധാരണ പൊതു സമൂഹത്തില്‍ സുരക്ഷിതരാണെന്നാണു വെപ്പ്.പ്രത്യേകിച്ച് സിനിമാക്കാര്.അവരോട് എല്ലാവര്‍ക്കുമുള്ള ആരാധനയും സ്നേഹവുമൊക്ക തന്നെ അവര്‍ക്കുള്ള സുരക്ഷയായിട്ടും കരുതാം. എന്നാല്‍ കഴിഞ്ഞ രാത്രിയില്‍ നടി ഭാവനയെ കാറില്‍ തട്ടിക്കൊണ്ടുപോയതും ഉപദ്രവിച്ചതും ചിത്രങ്ങളെടുത്തതുമൊക്കെ വല്ലാത്ത നടുക്കമാണുണ്ടാക്കിയിരിക്കുന്നത്. പ്രശസ്ത നടിയുടെ അവസ്ഥ ഇതായിരിക്കെ സാധാരണ സ്ത്രീകളുടെ സുരക്ഷ എന്താണെന്നതില്‍ കടുത്ത ആശങ്കയുണ്ട്.
നടിയെ തട്ടിക്കൊണ്ടു പോയതില്‍ ദുരൂഹതയുണ്ടെന്നും ഡ്രൈവര്‍ അറസ്റ്റിലായെന്നും നടിയുടെ യഥാര്‍ഥ ഡ്രൈവര്‍ കവര്‍ച്ചക്കേസുകളിലും മറ്റും പ്രതിയായ ആളാണെന്നും മറ്റുമുള്ളത് പിന്നേയും നിഗൂഢത വര്‍ധിപ്പിക്കുന്നുണ്ട്.ചില സിനിമാക്കാര് ഉള്‍പ്പടെയുള്ള വന്‍കിട സെലിബ്രിറ്റികളുടെ സുരക്ഷയും മറ്റും നോക്കുന്നത് കുപ്രസിദ്ധ ഗുണ്ടകളും മറ്റുമാണെന്ന് ചില ആരോപണമുണ്ട്. അങ്ങനെ ഇത്തരക്കാര്‍ വിശുദ്ധരായിത്തീരുന്നുമുണ്ട്. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ ഭാഗങ്ങളില്‍ പണ്ട് സിനിമാ ഷൂട്ടിംഗ് നിയന്ത്രിച്ചിരുന്നത് ഗുണ്ടകളായിരുന്നു.
സിനിമയെ വെല്ലുന്ന രീതിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായത് എറണാകുളം നഗരത്തിലാണ്. അനിഷ്ട സംഭവങ്ങളില്‍ കൊച്ചി മുംബയേയും കടത്തിവെട്ടുകയാണ്. പോലീസിന്റെ പണി ചിലപ്പോള്‍ ഗുണ്ടകള്‍ ഏറ്റെടുക്കുന്ന അവസ്ഥയാണ്. പോലീസിന്റെ നട്ടെല്ലില്ലായ്മയാണ് ഇതിനൊക്കെ കാരണമെന്നു ഒറ്റനോട്ടത്തില്‍ നമുക്കു വിമര്‍ശിക്കാമെങ്കിലും പോലീസില്‍ നല്ല ആണുങ്ങളുണ്ട്. പക്ഷേ അവരെക്കൊണ്ട് ചില രാഷ്ട്രീയ മച്ചമ്പിമാര്‍ ഒന്നും ചെയ്യിക്കില്ല. കഴിഞ്ഞിടെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ പോലീസ് സ്വീകരിച്ചപ്പോള്‍ ആദ്യം കുടുങ്ങിയത് സിപിഎമ്മിന്റെ ഒരു നേതാവും കോണ്‍ഗ്രസിന്റെ രണ്ടുനേതാക്കളുമായിരുന്നു. പിന്നെ ഈ കര്‍ശന നടപടിയെക്കുറിച്ച് കേള്‍ക്കേണ്ടി വന്നില്ല. ഈ ഗുണ്ടാരാജില്‍ നിന്നും കേരളത്തെ ആര് രക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: