കാഞ്ഞങ്ങാട്: ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂജാദികര്‍മ്മങ്ങളും പഠിക്കാന്‍ ഇരുപതംഗ വിദേശസംഘം ജില്ലയിലെത്തി. ഇംഗ്ലണ്ട് സ്വദേശി ഡേവിഡിന്റെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഹൈന്ദവാചാരങ്ങള്‍ പഠിക്കാന്‍ എത്തിയത്.
വടക്കന്‍ കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങളും, പ്രഗല്ഭരായ ജ്യോതിഷിമാരെയും ഈ സംഘം സന്ദര്‍ശിച്ചു. ഒരു മാസക്കാലം ഇവര്‍ കേരളത്തിലുണ്ടാകും. വേദങ്ങള്‍, ആചാരങ്ങള്‍, പരിഹാരക്രിയകള്‍, സഹസ്രനാമങ്ങള് എന്നിവയെക്കുറിച്ച് ഇവര്‍ പഠനം നടത്തി. നിത്യാനന്ദാശ്രമം, ആനന്ദാശ്രമം, മഞ്ഞംപൊതിക്കുന്നിലെ ഹനുമാന് അമ്പലം തുടങ്ങിയവ സംഘം സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം രാവിലെ നീലേശ്വരം കൊട്ടറ കല്ലന്താട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനും സംഘമെത്തി. വിവിധ തെയ്യക്കോലങ്ങളുടെ ഫോട്ടോയും വീഡിയോയും പകര്‍ത്തുകയും ഇവയുടെ ഐതിഹ്യങ്ങളും ആചാരങ്ങളും ആരായുകയും ചെയ്തു. ഉഗ്രമൂര്‍ത്തിയായ കരിഞ്ചാമുണ്ഡിയും പടമടക്കിത്തമ്പുരാട്ടിയുടെയും തെയ്യക്കോലങ്ങള്‍ കണ്ട് വിദേശസംഘം വിസ്മയം പൂണ്ടു. ഉച്ചക്ക് ക്ഷേത്രത്തിലെ അന്നദാനവും കഴിച്ചാണ് ഇവര്‍ മടങ്ങിയത്. നീലേശ്വരം തളിയില്‍ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനും ഈ സംഘമെത്തിയിരുന്നു. പനമണ്ണ ശശി, തിരുവാലത്തൂര് ശിവന് എന്നീ വാദ്യവിദ്വാന്മാര് അവതരിപ്പിച്ച ഡബിള്‍ ഇടക്ക തായമ്പകയും വിദേശി സംഘത്തെ ഏറെ ആകര്‍ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: