കാസര്‍കോട്: ജില്ലയില്‍ വരള്‍ച്ചാപ്രതിരോധ നടപടികള്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ അവലോകനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വരള്‍ച്ച അവലോകന യോഗത്തില്‍ ജില്ലാകളക്ടര്‍ കെ.ജീവന്‍ബാബു കുടിവെളള വിതരണത്തിനും വരള്‍ച്ച നേരിടുന്നതിനും വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. താലൂക്കുകളില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നാല് ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പൊതു-സ്വകാര്യ ജലസ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് തഹസില്‍ദാര്‍മാര്‍ക്കും ബന്ധപ്പെട്ട പ്രാദേശിക ഭരണകൂടങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. മഴവെളള സംഭരണികളുടെ അറ്റകുറ്റപ്പണികള്‍ക്ക് നടപടി സ്വീകരിച്ചു. കുടിവെളള വിതരണത്തിന് ജില്ലയില്‍ 663 കിയോസ്ക് സ്ഥാപിക്കും. ഇതിന്റെ ആദ്യഘട്ടത്തില്‍ 349 കിയോസ്കുകള്‍ സ്ഥാപിക്കും. കിയോസ്ക്കുകളുടെ തറ നിര്‍മ്മാണം ദേശിയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കും. ജിപിഎസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ കുടിവെളള വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. മോട്ടോര്‍ പമ്പുപയോഗിച്ച് അമിതമായി ജലസേചനം നടത്തുന്നത് നിരുത്സാഹപ്പെടുത്താന്‍ ജലസേചന വകുപ്പ്, കെ എസ് ഇ ബി, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും. ഭൂജലചൂഷണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 526 ഹാന്‍ഡ് പമ്പുകള്‍ അടിയന്തിരമായി റിപ്പയര്‍ ചെയ്യുന്നതിന് ഭൂജല വകുപ്പ് നടപടി ആരംഭിച്ചു. ജലം ലഭ്യമാകുന്നതിന് 30 ജലസ്രോതസ്സുകള്‍ ജല അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ചെറുകിട ജലസേചന വകുപ്പ് 42 തടയണകള്‍ക്ക് ഷട്ടറിട്ടു. ജല ഉപയോഗം കുറക്കുന്നതിന് വ്യാപകമായി ബോധവല്‍ക്കരണം നല്‍കുന്നതിന് ഗ്രാമസഭകള്‍ക്ക് പകരമായി ജലസഭകള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ദ്ദേശം നല്‍കിയതായി കളക്ടര്‍ പറഞ്ഞു. ഇതിനുള്ള പരിശീലനം ഈ ആഴ്ച പൂര്‍ത്തീകരിക്കും. കേരള-കര്ണ്ണാടകഅതിര്ത്തിയില് ലഭിച്ച വേനല്‍മഴ ജില്ലയിലെ പ്രധാനപുഴകളില് ജലനിരപ്പ് ഉയരാന്‍ ഉപകരിച്ചതായി കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: