കാലത്തെ നടക്കാനിറങ്ങിയതായിരുന്നു. സ്റ്റോപ്പിനടുത്തുള്ള ഗോവിന്ദന്റെ ‘മുറുക്കാന്‍ കട’ പതിവുപോലെ നേരത്തെ തുറന്നിരിക്കുന്നു. മുറുക്കാന്‍ കടയെന്നാണ് വിളിക്കുന്നതെങ്കിലും മുകളില്‍ കര്‍ക്കശസ്വരത്തില്‍ എഴുതിവച്ചിട്ടുണ്ട്: ”പുകവലി സാധനങ്ങള്‍ വില്‍ക്കില്ല”. ഇന്ന് ഒരു പുതിയ ബോര്‍ഡും തൂക്കിയിട്ടിരിക്കുന്നു: ”കടം ഇല്ല.”
”എന്താ ഇതും എഴുതിവെയ്ക്കണോ ഗോവിന്ദാ?”, ഞാന്‍ ചോദിച്ചു. ”വരുന്നവരോട് പറഞ്ഞാല്‍ പോരെ?”
‘
‘എന്റെ പുതിയ പോളിസിയാണ് സര്,” ഗോവിന്ദന്റെ മറുപടി. ”എല്ലാവരും അറിഞ്ഞോട്ടെയെന്നുവെച്ചു. ഓരോരുത്തരോടും പറയേണ്ടല്ലോ. കടംകൊടുത്തു മുടിഞ്ഞു.”
”മുറുക്കാന്‍ കടയ്ക്കും പോളിസിയോ!” ഞാന്‍ പതുക്കെ പറഞ്ഞു, പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
എന്തുകൊണ്ടായിക്കൂടാ? ചെറുതായാലും വലുതായാലും ബിസിനസ്സ് സ്ഥാപനത്തിന് പ്രഖ്യാപിതനയം ഉണ്ടാവുന്നത് ഏറെ അഭികാമ്യമാണ്; ഇക്കാലത്ത് അത്യാവശ്യവുമാണ്. ”നയം” എന്നാല്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാനും തീരുമാനങ്ങളെടുക്കാനും സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നു നിര്‍വചിക്കാം. സ്വാഭാവികമായും അവ സ്ഥാപകന്റെയോ, പ്രമോട്ടര്‍മാരുടെയോ മനസ്സില്‍ മാത്രം ഇരുന്നാല്‍ പോര; ബന്ധപ്പെട്ടവരെയെല്ലാം അറിയിക്കുകയും വേണം. (ഗോവിന്ദന് ചെയ്തതുപോലെ!); കഴിവതും രേഖാമൂലം.
ചെറിയ ഒരു പീടികയുടെ പോളിസി നാം കണ്ടു. ലോകപ്രസിദ്ധിയുള്ള ചില ഭീമാകാരന്‍ സ്ഥാപനങ്ങളുടെ നയപ്രഖ്യാപനം എങ്ങനെയുണ്ടെന്ന് നോക്കാം. ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ ലിമിറ്റഡ് (എച്ച്യുഎല്) അവരുടെ ഗുണനിലവാര നയത്തെ ഇങ്ങനെ വിവരിക്കുന്നു:
”ഞങ്ങളുടെ ഗുണനിലവാരനയം, യൂണിലെവറിലെ എല്ലാവരും, അവര്‍ ലോകത്തെവിടെ ആയാലും പിന്തുടരുന്ന, ഞങ്ങളുടെ സത്യസന്ധതയുടെയും ബ്രാന്‍ഡുകളുടെയും ഉത്കൃഷ്ടതയെയും, ഉയര്‍ത്തിപ്പിടിക്കുന്ന മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ അംഗീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുന്നതാണ്.”
സ്വല്പം ”സങ്കീര്ണമാണല്ലേ? എങ്കിലും വേണ്ടതെല്ലാമുണ്ട്; ഏറെ ഗാംഭീര്യവുമുണ്ട്! ഇനി ഇതിലും എത്രയോ മടങ്ങു വലുതായ, വിശ്വവ്യാപികളായ, നമുക്കേവര്‍ക്കും സുപരിചിതങ്ങളായ രണ്ടു സ്ഥാപനങ്ങള്‍ അവരുടെ മുഖ്യദൗത്യമെന്തെന്ന് പറയുന്നതു നോക്കാം.
”ലോകത്തിലുള്ള എല്ലാ അറിവുകളെയും, സാര്‍വത്രികമായി എല്ലാവര്ക്കും ലഭ്യവും ഉപയോഗപ്രദവുമാകുന്നതരത്തില് ചിട്ടപ്പെടുത്തിക്കൊടുക്കുക” (ഗൂഗിള്‍)
”ഞങ്ങള്‍ ജനങ്ങളുടെ സമ്പാദ്യത്തില്‍ മിച്ചമുണ്ടാക്കിക്കുന്നു; അവര്‍ കൂടുതല്‍ നന്നായി ജീവിക്കാനായി.” (വോള്‍മാര്‍ട്ട്).
മേല്‍പ്പറഞ്ഞ ദൗത്യങ്ങളിലധിഷ്ഠിതമാണ് ഈ സ്ഥാപനങ്ങളുടെ നയങ്ങള്‍.
നയങ്ങള്‍ പൊതുവെ രണ്ടുമൂന്നു തരത്തിലാവാം.
— സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കുന്നവ. ഉദാ: പ്രൊഡക്ഷന്‍ നയം, പര്‍ച്ചേസ് നയം, പ്രമോഷന് നയം എന്നിവ.
— സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഉദ്ദേശിച്ചുള്ളവ. ഉദാ: ചുറ്റുമുള്ള സമൂഹത്തിലെ അവശരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനം.
ബിസിനസ്സ് സ്ഥാപനത്തിന്റെ നയങ്ങള്‍ക്ക് അവശ്യം വേണ്ട ഘടകങ്ങള്‍ എന്തെല്ലാമാണ്?
* ഒരേ സമയം ദൃഢവും എന്നാല്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഉതകുംവിധം ലഘുവും ആയിരിക്കണം.
* ഉപഭോക്താക്കള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും സ്ഥാപനത്തിന്റെ സല്‍പ്പേരും പ്രതിഛായയും പരിപോഷിപ്പിക്കുന്നതാകണം.
* സ്ഥാപനത്തിന്റെ മുഖ്യദൗത്യങ്ങളിലും ലക്ഷ്യങ്ങളിലും അധിഷ്ഠിതമായിരിക്കണം. പ്രഖ്യാപനവും പ്രവൃത്തിയും ഒരേ രീതിയിലാവണമെന്ന് പ്രത്യേകം പറയേണ്ടല്ലോ.
* നേതൃത്വത്തിന്റെ പിടിവാശികൊണ്ട് വരിഞ്ഞുമുറുക്കി കെട്ടിയ നയങ്ങളാവരുത്. അവ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും.
എന്റെ ഒരു കണ്‍സള്‍ട്ടന്‍സി അനുഭവം ഉദ്ധരിക്കാം. സംസ്ഥാനത്ത് വേരും ശാഖകളുമുള്ള അന്താരാഷ്ട്ര തലത്തില്‍ പേരുകേട്ട ഒരു സ്ഥാപനം. ഉടമസ്ഥര്‍ ഒരു വിദേശ കുടുംബമാണ്. ഒരു കാര്യത്തില്‍ കടുത്ത പിടിവാശിയായിരുന്നു അവര്‍ക്ക്. ”ബിസിനസ്സിനുവേണ്ടി ബാങ്കില്‍നിന്നും കടം എടുക്കില്ല.”ബാങ്ക് ഓവര്‍ഡ്രാഫ്റ്റിലൂടെ പ്രവര്‍ത്തനമൂലധനം സ്വരൂപിക്കുന്നത് സാധാരണ പതിവാണല്ലോ. എന്നാല്‍ വിപുലീകരണത്തിനും പുതിയ പ്രോജക്ടുകള്‍ക്കും വലിയ റിപ്പയര്‍ ജോലികള്ക്കുംവരെ എല്ലാം അവര്‍ വിറ്റുവരവില്‍നിന്നാണ് പണം കണ്ടെത്തിയിരുന്നത്. സീസണല്‍ ബിസിനസ്സ് ആയതുകൊണ്ട് വിറ്റുവരവ് കൂടിയും കുറഞ്ഞുമിരുന്നു. ഫലമോ?, താമസിയാതെ കമ്പനിയില്‍ തുടര്‍ച്ചയായി ക്യാഷ്ഫ്ളോ പ്രശ്നങ്ങള്‍ പൊങ്ങിവന്നു തുടങ്ങി.
പല മാസങ്ങളിലും സപ്ലൈയര്‍മാരുടെ ബില്ലുകള്‍ തീര്‍ത്തുകൊടുക്കാനും ശമ്പളം കൊടുക്കാനും വരെ നന്നേ ക്ലേശിക്കേണ്ടിവന്നു. ഒടുവില്‍ വിദഗദ്ധോപദേശത്തിനു വഴങ്ങി അവര്‍ ഓവര്‍ഡ്രാഫ്റ്റ് എടുക്കാന്‍ സമ്മതിച്ചു. വിദേശികളായതുകൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ ബാധ്യതകള്‍ ഇവിടെ സൃഷ്ടിക്കാന്‍ അവര്‍ക്ക് മടിയായിരുന്നു. അതു മനസ്സിലാക്കാം. പക്ഷേ ബാങ്ക് ലോണ്‍ വ്യവസ്ഥകള്‍ ലളിതവും ഉദാരവും ആക്കിയിട്ടുള്ള ഇക്കാലത്ത് ഓവര്‍ഡ്രാഫ്റ്റ് എടുക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ, പ്രത്യേകിച്ചും ഇത്തരം സീസണില്‍ ബിസിനസ്സില്‍. കൃത്യസമയത്ത് കടം തിരിച്ചടക്കാനുള്ള പ്രതിബദ്ധതയും ഉത്സാഹവുംകൂടി ഉണ്ടാവണമെന്നു മാത്രം.
പ്രഖ്യാപനവും പ്രവൃത്തിയും ഒന്നിക്കണമെന്ന് പറഞ്ഞപ്പോഴാണ് മറ്റൊരു കഥ ഓര്‍മവരുന്നത്. പ്രസിദ്ധ ഉത്തരേന്ത്യന്‍ നോവലിസ്റ്റ് ആയ മുല്‍ക്ക് രാജ് ആനന്ദ് സൃഷ്ടിച്ച ഒരു കഥാപാത്രമുണ്ട്. ഒരു വന്‍ നഗരത്തില്‍ വനസ്പതിയും വെണ്ണയും മറ്റുമുണ്ടാക്കി വില്‍ക്കുന്ന സ്വാര്‍ത്ഥനായ ഒരു ധനികപ്രമാണി. വീട്ടിലെ വിരുന്നു സല്‍ക്കാരത്തിന് തൊട്ടുമുന്‍പ് മേശപ്പുറത്തുള്ള വിഭവങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അതിഥിയോട് പറയുന്നു: ”ആശങ്കവേണ്ട, എന്റെ ഫാക്ടറില്‍ ഉണ്ടാക്കുന്നതൊന്നും എന്റെ വീട്ടില്‍ പാകം ചെയ്യാന്‍ ഉപയോഗിക്കാറില്ല.” എത്ര ഉദാത്തമായ ഗുണനിലവാരം അല്ലേ!
ന
യങ്ങളെക്കാള് ഗൗരവവും പ്രായോഗിക പ്രാധാന്യവും ഉള്ളവയാണ് നിയമങ്ങള്‍ അഥവാ ചട്ടങ്ങള്‍. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വ്യക്തമായി എടുത്തുപറയുന്ന സംഹിതകളാണ് അവ. നിയമങ്ങള്‍ പാലിക്കുമ്പോള്‍ വിവേചനവും അവ അനുഭവിക്കുന്ന പരിധികള്‍ക്കപ്പുറത്തുള്ള വ്യാഖ്യാനവും അനുവദനീയമല്ല. ഇക്കാരണം കൊണ്ടുതന്നെ സ്ഥാപനത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ എല്ലാം ശേഖരിച്ച് കൈവശം വയ്ക്കണം.
ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ പല നിയമങ്ങളെയുംപോലെ തന്നെ ഒരുപാട് ബിസിനസ്സ് നിയമങ്ങളും ഇന്നത്തെ ചുറ്റുപാടില്‍ കാലഹരണപ്പെട്ടിട്ടുണ്ട്. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും പശ്ചാത്തലത്തില്‍ അവയില്‍ പലതിലും ഭേദഗതികളും പരിഷ്കാരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എങ്കിലും ഇനിയും മാറാത്ത പഴഞ്ചന്‍ നടപടിക്രമങ്ങളും ബ്യൂറോക്രസിയുടെ അള്ളിപ്പിടുത്തവും ഇപ്പോഴും ബിസിനസ്സിന്രെയും വ്യവസായത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
നൂറിലധികം തൊഴില്‍ നിയമങ്ങള്‍ തന്നെയുണ്ട് നമ്മുടെ രാജ്യത്ത്. തൊഴില്‍ മേഖലയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ നിയമനിര്‍മാണം നടത്താം എന്നതുതന്നെയാണ് ഇതിന്റെ ഒരു മുഖ്യ കാരണം. ഇവയില്‍ പ്രധാനപ്പെട്ട നിയമാവലികളെ കൂട്ടിയിണക്കി ഒരു ഏകീകൃത ലേബര്‍ കോഡ് ഉണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ശ്ലാഘനീയമാണ്. ഇത് സാധ്യമായാല്‍ ബിസിനസ്സ്, വ്യവസായ സംരംഭങ്ങളിലേര്‍പ്പെട്ടവര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാരിനും ഒരുപോലെ അനുഗ്രഹമാകും.
തൊഴില്‍ നിയമങ്ങളില്‍ സ്ഥാപനങ്ങളെ കാര്യമായി സ്പര്‍ശിക്കുന്ന മുഖ്യമായ നാലുനിയമങ്ങളാണ്, ഫാക്ടറീസ് ആക്ട് (1948), ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് (1960), ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട് (1947), ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ്) ആക്ട് (1946) എന്നിവ. ഇവയുള്‍പ്പെടുന്ന പ്രധാന തൊഴില്‍ നിയമങ്ങളുടെ സവിശേഷതകളെപ്പറ്റി പിന്നീട് പ്രതിപാദിക്കാം. സ്ഥാപനത്തിന്റെ ആരംഭം മുതല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവയെപ്പറ്റി ഒരു പൊതുവിജ്ഞാനം ബിസിനസ്സ് നേതൃത്വത്തിലുള്ള എല്ലാവര്ക്കും ഉണ്ടാകേണ്ടതാണ്.
ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള കാഴ്ചപ്പാടാണ് നേതൃത്വത്തിന് ഇത്തരം നിയമങ്ങളോട് വേണ്ടത്. താല്‍ക്കാലിക പ്രശ്നപരിഹാരത്തിനായി ചട്ടങ്ങളെ സ്വന്തം താല്പര്യമനുസരിച്ച് വ്യാഖ്യാനിച്ചും അധികാരികളെ എങ്ങനെയും സ്വാധീനിച്ചും മുന്നോട്ടുപോയാല്‍ പിന്നീട് അത് ഗുരുതരവും സങ്കീര്‍ണവുമായ സ്ഥിതിവിശേഷത്തിലേക്ക് വലിച്ചിഴയ്ക്കും. മറ്റു പല കാര്യത്തിലുമെന്നപോലെ ”രോഗനിവാരണമാണ് രോഗംപിടിപെട്ടുള്ള ചികിത്സയേക്കാള്‍ അഭികാമ്യം” എന്നതുതന്നെയാണ് ഇവിടെയും പ്രമാണം.
ഫോണ്‍: 9946903656
പ്രതികരിക്കാൻ ഇവിടെ എഴുതുക: