ന്യൂദല്‍ഹി: വായ്പ തിരിച്ചടയ്ക്കാത്ത 12 അക്കൗണ്ട് ഉടമകളെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു. രാജ്യത്തെ മൊത്തം കിട്ടാക്കടത്തിന്റെ 25 ശതമാനം ഈ അക്കൗണ്ട് ഉടമകളുടെ പക്കലാണെന്നാണ് കേന്ദ്രബാങ്കിന്റെ വിലയിരുത്തല്‍. ഈ പട്ടിക ഏത് നിമിഷവും പുറത്ത് വിടുമെന്ന് ആര്‍ബിഐ ഇന്നലെ അറിയിച്ചിരുന്നതാണ്.
ഭൂഷണ് സ്റ്റീല്‍, ഭൂഷണ് പവര്‍, എസ്സാര്‍ സ്റ്റീല്‍, ജിപി ഇന്‍ഫ്ര, ആലോക് സ്റ്റീല്‍സ്, ഇലക്ട്രോസ്റ്റീല്‍ സ്റ്റീല്‍സ്, ലാന്‍കോ ഇന്‍ഫ്രാടെക്, മോന്നെറ്റ് ഇസ്പത്, ജ്യോതി സ്ട്രക്ചര്‍, എബിജി ഷിപ്പിയാര്‍ഡ്, ആംടെക് ഓട്ടോ, ഇറ ഇന്‍ഫ്ര തുടങ്ങിയ പ്രമുഖ 12 കമ്പനികളാണ് വന്‍ തുകകള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തത്. 175,000 കോടിയാണ് ഈ കമ്പനികളില്‍ നിന്നും വിവിധ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്.
ഭൂഷണ് സ്റ്റീല്‍സാണ് പട്ടികയില്‍ ഏറ്റവും മുന്‍ പന്തിയില്‍ ഉള്ളത് 44000 കോടിയാണ് തിരിച്ചടയ്ക്കാനുള്ളത്. ഭൂഷണ് പവര്‍ 35,000 കോടി, ആലോക് ഇന്‍ഡസ്ട്രീസ് 24,000കോടി, മോന്നെറ്റ് ഇസ്പെത് 12,000 കോടി, ഇലക്ട്രോ സ്റ്റീസ് 10,000 കോടി എന്നിങ്ങനെയാണ് കിട്ടാക്കടങ്ങളുടെ പട്ടിക.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) ആര്‍ബിഐ കൈമാറിയിട്ടുണ്ട്. അതേസമയം കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ആറുമാസത്തെ സമയം അനുവദിക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടതായും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്. എസ് മുന്ദ്ര അറിയിച്ചു. ബാങ്കേഴ്സ് ബോറോവേഴ്സ് ബിസിനസ്സ് മീറ്റിന്റെ മൂന്നാമത് ദേശീയ ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് മുന്ദ്ര ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: