കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി മംഗലാപുരത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിഷേധമിരമ്പുന്നു. ഇന്നലെ ജ്യോതി സര്‍ക്കിള്‍ മുതല്‍ നെഹ്റു മൈതാനം വരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ അമ്മമാരും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്നു. കേരളത്തില്‍ ബാലഗോകുലമോ, ആര്‍എസ്എസ് ശാഖയോ, ബിജെപി ബൂത്ത് കമ്മറ്റിയോ തുടങ്ങിയാല്‍ അവിടെ സിപിഎം എത്തി അക്രമം അഴിച്ച് വിടുകയാണ്. സിപിഎം നേതാക്കള്‍ പറഞ്ഞതേ നടക്കുവെന്ന സിപിഎം നയത്തിനെതിരെ മുട്ടുമടക്കാതെ നിന്നത് കൊണ്ടാണ് നിരവധി പ്രവര്‍ത്തകരെയും, നേതാക്കളെയും നിഷ്കരുണം മാര്‍കിസ്റ്റ് ഗുണ്ടകള്‍ കൊലപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാര്‍ സ്പേണ്‍സേര്‍ഡ് അക്രമണ പരമ്പരകളാണ് കേരളത്തില്‍ നടക്കുന്നത്. സിപിഎം കൊലയാളികളെ തീറ്റിപ്പോറ്റുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാന്തിക്കും സമാധാനത്തിനും മുകളില്‍ അശാന്തി പരത്താനാണ് പിണറായി വിജയന് മംഗലാപുരത്ത് വരുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി കൊലപാതക സിദ്ധാന്തം അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന വിചാരം അദ്ദേഹത്തിന് ഉണ്ടാകണമെന്ന് വിഎച്ച്പി ദക്ഷിണ കന്നട പ്രാന്ത അദ്ധ്യക്ഷന്‍ എം.പി.പുരാണിക് പറഞ്ഞു. വിഎച്ച്പി അദ്ധ്യക്ഷന്‍ ജഗദീഷ് ഷേണപ്പ, കാസര്‍കോട് ജില്ലാ അദ്ധ്യക്ഷന്‍ അംഗാര ശ്രീപാദ, മോനപ്പ ഭണ്ഡാരി, ബജറംഗ്ദള് സംസ്ഥാന സംഘചാലക് ശരണ്‍ പസുവല്, ബിജെപി ദക്ഷിണ കന്നട ജില്ലാ അദ്ധ്യക്ഷന്‍ സഞ്ജീവ് മട്ടന്തൂര്‍, എബിവിപി ജില്ലാ അദ്ധ്യക്ഷന്‍ സുജിഷ് ഷെട്ടി, ആര്‍എസ്എസ് സംഘചാലക് ഡോ.സതീഷ്, ബിഎംഎസ് ജില്ലാ അദ്ധ്യക്ഷന്‍ നാരായണ ഷെട്ടി, നാഗരാജ ഷെട്ടി, എം.പിമാരായ നളീന്‍കുമാര്‍ കട്ടീല്‍ ശോഭ കറന്തളാജെ, കാംപ്കോ ഡയറക്ടര്‍ സതീഷ് ചന്ദ്ര ഭണ്ഡാരി, രാജസ്ഥാന് മന്ത്രി ശ്രീനിവാസ പുജാരി, ബിജെപി മലയാളി സെല്‍ കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വീനര്‍ ടി.പി.അശോകന്, കോ-കണ്‍വീനര്‍ വി.രവീന്ദ്രന്, മംഗലാപുരം ജില്ലാ കണ്‍വീനര്‍ വി.വി.കൃഷമരാജ്, കോ.കണ്‍വീനര്‍ സന്തോഷ് പി ഷേണായി, മണ്ഡലം കണ്‍വീനര്‍ പ്രദീപ്കുമാര്‍, കോ.കണ്‍വീനര്‍ എ.കെ.ഷാജി, ബിജെപി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിലും പങ്കെടുത്തു.
കൊലപാതക കേസിലെ പ്രതിയായ പിണറായി വിജയന് മംഗലാപുരത്ത് മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ വിഎച്ച്പി, ഹിന്ദു ജാഗരണവേദി, ബജറംഗ്ദള് തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: