സ്ത്രീ വിരുദ്ധത എന്ന ലേബല്‍ മനപ്പൂര്‍വം ഒട്ടിക്കാന്‍ പറ്റിയ വിധമുള്ള സിനിമയൊന്നും മലയാളത്തില്‍ സജീവമായിരുന്നില്ല. ചില ഒറ്റപ്പെട്ട പ്രമേയങ്ങളില്‍ നിന്നും അങ്ങനെയൊന്ന് ഊറ്റിയെടുത്ത് ദാ, സ്ത്രീവിരുദ്ധം എന്നന്നൊന്നും പറയാനാവില്ല. എന്നാല്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിനിമയുമായി ഉണ്ടായിട്ടുള്ളതെന്നു കരുതപ്പെടുന്ന സ്ത്രീ ജാഗ്രത നല്ലതു തന്നെ.
സ്ത്രീവിരുദ്ധ സിനിമയില്‍ താന്‍ ഇനി അഭിനയിക്കുകയില്ലെന്നുകൂടി അതി വായന അല്ലാതെ തന്നെ നടന് പ്രൃഥ്വിരാജ് പ്രതിജ്ഞയെടുത്തതും സ്ത്രീയെ ഉപദ്രവിക്കുന്നത് ആണത്തമല്ലെന്നു ഉറക്കെ പറയുകയും ചെയ്തത് ആശാവഹമാണ്. നടിപ്രശ്നത്തില് അതിശക്തമായി പ്രതികരിച്ചവരില്‍ മുമ്പനായിരുന്നു പ്രൃഥ്വിരാജ്.
വാര്‍ത്തകളില്‍ നടിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടു വരുന്നവ ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഇത്തരം പ്രമാദമായ കേസുകളില്‍ നേരത്തെ ഉണ്ടായിട്ടുള്ള പ്രതികളുടെ രക്ഷപെടലും തക്കതായ ശിക്ഷ കിട്ടാതെ പോയതുമൊക്കയാണ് ഈ ആശങ്കയ്ക്കു കാരണം. ഗൂഢാലോചനയില്ലെന്നു പറയപ്പെടുമ്പോഴും അതുണ്ടെന്നു സംശയിക്കാന്‍ വലിയ കണ്ടുപിടിത്തമൊന്നും വേണ്ട.
കേസ് സിനിമയിലെ വമ്പന്മാരിലേക്കും ചിലപ്പോള്‍ അതിനപ്പുറവും പോയേക്കാമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതാണ് അന്വേഷണം നല്ല രീതിയിലാകുമോ എന്നുള്ള പേടിക്കു കാരണം. പള്‍സര്‍ സുനി എന്ന പ്രധാന പ്രതി നിരവധി ക്രമിനല്‍കേസുകളില്‍ അകപ്പെട്ടിട്ടുണ്ടെന്നും വിദേശ പെണ്‍വാണിഭക്കേസില്‍ പിടികിട്ടാ പുള്ളിയാണെന്നും ആരോപിക്കപ്പെടുമ്പോള്‍ ഇയാള്‍ ഒരു ഒറ്റയാള്‍ സംഘമാണെന്നു വിചാരിക്കുന്നതു വലിയ കോമഡിയാകും. അതായത് ഇയാളുമായി ബന്ധപ്പെട്ട ഏതുകേസിലും പുറമെ സഹായികളുണ്ടാകാം എന്നു ആരും ഊഹിച്ചുപോകാം
ഗൂഢാലോചന തെളിയും മുന്‍പുതന്നെ ഗൂഢാലോചന ഇല്ലന്നും ഗൂഢാലോചനയിലേക്കു വെളിച്ചം വീശുന്ന കാര്യങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ താനങ്ങനെ പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പറയുകയുണ്ടായി. ഇതു കേസില്‍ ഇടപെടലല്ലെങ്കിലും മുഖ്യമന്ത്രിയെപ്പോലൊരാള്‍ ഇങ്ങനെ ഗൗരവമില്ലാതെ പറയാമോ എന്നതുമായി ഒച്ചപ്പാടുകള്‍ ഉണ്ടായി.
സര്‍ക്കാര്‍,രാഷ്ട്രീയ നേതൃത്വം, പോലീസ്, നിയമം എന്നിങ്ങനെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തേണ്ട തലങ്ങളില്‍ ജനത്തിന് വിശ്വാസം വരാത്ത സന്ദര്‍ഭങ്ങളാണ് ഏറെയും. പണമുള്ളവനും സ്വാധീനമുള്ളവനും ഏതു കുറ്റങ്ങളില്‍ നിന്നും രക്ഷപെടാം എന്നാമവസ്ഥ. കോടതി ചേരാത്ത സമയത്ത് കോടതിയില്‍ അതിക്രമിച്ചു കയറിയ പള്‍സര്‍ സുനിയേയും കൂട്ടു പ്രതിയേയും പോലീസ് പിടികൂടിയപ്പോള്‍ അവരെ രക്ഷിക്കാന്‍ ചില അഭിഭാഷകര്‍ അനധികൃതമായി ഇടപെടുകയുണ്ടായി.
ഇത് നിയമത്തോടുള്ള അഭിഭാഷകരുടെ ആദരവുകൊണ്ടല്ല,വേട്ടക്കാരോട് സ്വതവേ ഈ വര്‍ഗത്തിനുള്ള സ്നേഹമായിട്ടുവേണോ കരുതാന്‍. വധശിക്ഷയില്‍ നിന്നും ഗോവിന്ദച്ചാമിയെ രക്ഷപെടുത്തിയ ആളൂര്‍ സുനിക്കു വേണ്ടിയും വരും എന്നും കേള്‍ക്കുന്നു. എന്നാല്‍ പുഷ്പംപോലെ സുനി രക്ഷപെടുമെന്നു ജനം. ലക്ഷങ്ങള്‍ ഫീസു വാങ്ങുന്ന ആളൂരിനെ ഈ കേസിനു വേണ്ടി കൊണ്ടുവരുന്നതാരാണ്.
സുനിയെ കേസില്‍ നിന്നും രക്ഷിക്കേണ്ടത് അവരുടെ രക്ഷയ്ക്കാവശ്യമാണെന്നാണോ കരുതേണ്ടത്. സ്വാഭാവികമായൊരു സംശയംകൂടി,ലക്ഷങ്ങള്‍ ഫീസു വാങ്ങുന്ന അഭിഭാഷകന് കേസ് വാദിച്ചാല്‍ ജയിക്കുമെന്നും അല്ലാത്തവര്‍ വാദിച്ചാല്‍ തോല്‍ക്കുമെന്നും വിശ്വസിക്കുന്നത് നിയമത്തോടും നീതിയോടും തോന്നുന്ന അവമതിപ്പാകില്ലേ.ആരുചെയ്താലാണ് കുറ്റം കുറ്റമാകുന്നതെന്നത് എങ്ങനെ വ്യവഛേദിച്ചെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: