പട്ടിണിയുടെ ആള്‍ക്കൂട്ട പെരുവഴിയില്‍ കണ്ണുകാണാതെ നില്‍ക്കുമ്പോഴും ക്രൂരതയെ കൈപിടിച്ചു നടക്കാന്‍ മടിയില്ലാത്ത രാജ്യങ്ങളുണ്ട്. കൊടും പട്ടിണിയില്‍ നാളെ വരാനിരിക്കുന്ന മരണത്തിന്റെ കാലൊച്ച അവര്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ പക്ഷേ, നമുക്ക് മറ്റെല്ലാം മറന്ന് അവരോടു സഹതപിക്കാനേ പറ്റൂ.
മനുഷ്യ രക്തം മരവിക്കുന്ന കൊടും പൈശാചികതയുടെ രൂപമായി മാറുന്ന സുഡാന്, യമന്‍, സോമാലിയ, നൈജീരിയ തുടങ്ങിയ നാലു രാജ്യങ്ങള്‍ ക്ഷാമം, പട്ടിണി, രോഗം തുടങ്ങിയ ദുരന്തങ്ങള്കൊണ്ടു പൊറുതി മുട്ടുമ്പോള്‍ അവരുടെ മനുഷ്യത്വരഹിത നിലപാടുകള്‍ മറന്ന് അവരോട് മാനുഷികമായി ഇടപെടുകയും കഴിയുന്ന സഹായം ചെയ്യുകയുമാണ് വേണ്ടത്. ഈ രാജ്യങ്ങളിലെ രണ്ടുകോടിയോളം വരുന്ന ദരിദ്രര്‍ മരണത്തിലേക്കെന്നാണ് യുഎന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നത്.
1945നു ശേഷം ഉണ്ടായ ഏറ്റവും രൂക്ഷമായ ദാരിദ്ര്യ പ്രതിസന്ധിയാണിത്. താല്‍ക്കാലികമായി പിടിച്ചു നില്ക്കാന് ഈ വരുന്ന ജൂലൈ മാസത്തിനുള്ളില്‍ 30000 കോടി രൂപ ഇതിനായി സ്വരൂപിക്കണമെന്നും അതിനായി ലോക രാഷ്ട്രങ്ങള്‍ ഒത്തുപിടിക്കണമെന്നുമാണ് മനുഷ്യാവകാശ സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. വരുന്ന മൂന്നു മാസംകൊണ്ട് ഈ തുക മാനുഷികമായ ഐക്യത്തിലൂടെ സംഭരിക്കാന്‍ കഴിഞ്ഞേക്കും.
കഴിഞ്ഞ കുറെ നാളുകളായി ഈ രാജ്യങ്ങളില്‍ ഇപ്പറഞ്ഞ ദുരിത ദു:ഖങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. അതില്‍ സോമാലിയയുടെ പ്രശ്നം അതിരൂക്ഷമായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും കൊണ്ട് നൂറുകണക്കിനാളുകളാണ് സോമാലിയയില്‍ മരിച്ചത്. വിശന്നു പൊരിഞ്ഞ്് മൃഗങ്ങളുടെ വിസര്‍ജ്യംപോലും കഴിച്ചവരുണ്ടെന്നു വരെ വാര്‍ത്തകളുണ്ടായിരുന്നു.
ആഭ്യന്തര യുദ്ധം കൊണ്ടു താറുമാറായ ഒരു നിഷ്ഫല സാമൂഹ്യ വ്യവസ്ഥിതിയും അസ്ഥിര ഭരണകൂടവുമാണ് സോമാലിയയില്‍ ഉള്ളത്. ഒപ്പം കടുത്ത വരള്‍ച്ചയും. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല മറ്റു മൂന്നു രാജ്യങ്ങളിലേയും സ്ഥിതി. അതിഭീകരതയുടെ തലസ്ഥാനങ്ങളിലൊന്നാണ് യമന്‍. അല്‍ഖ്വയ്ദയുടെ ഫലഭൂരിഷ്ടമായ രാജ്യം.
ലോക ഭീകരനായിരുന്ന ബിന്‍ ലാദന്റെ ജന്മദേശം. ഇതിനു സമാനമായ സംഭവങ്ങള്‍ തന്നെയാണ് സുഡാനിലും നൈജീരിയയിലും നടമാടിയിരുന്നത്. അസമാധാനത്തിന്റെയും ക്രൂരതയുടേയും പേരില്‍ എന്നും വാര്‍ത്തകളില്‍ അലോസരമായി ഈ രാജ്യങ്ങള്‍ അടയാളപ്പെട്ടിരുന്നു. വെറുപ്പിന്റെയും അന്യമത വിദ്വേഷത്തിന്റെയും കൊടിയടയാളങ്ങള്‍ ഇവിടങ്ങളിലുണ്ടായിരുന്നു. അതെല്ലാം തങ്ങളെ പിന്നോട്ടടിച്ചെന്ന അറിവിനും കൂടിയുള്ള സമയമാണ് അവര്‍ക്കിത്. പട്ടിണിയും രോഗവും പലപ്പോഴും ജ്ഞാനത്തിന്റെ എഴുത്തുപലകയായി തീരാറുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: