ചുവര് ചിത്രകലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ചിത്രകാരിയാണ് വത്സലാദേവി. ഭര്‍ത്താവിന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്ന വത്സലാദേവി തന്റെ ദുഃഖങ്ങള്‍ മറന്നതും ചിത്രകലയിലൂടെ. മുത്തച്ഛനില്‍നിന്ന് പകര്‍ന്നുകിട്ടിയ കലാപാരമ്പര്യം ഒറ്റപ്പെടലില്‍ തുണയായത് നിമിത്തം മാത്രം. പ്രീഡിഗ്രിക്കുശേഷം മാവേലിക്കര രവിവര്‍മ്മ ലളിതകലാ അക്കാദമിയില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷം ഇടപ്പോണ്‍ ഹൈസ്കൂളില്‍ ചിത്രകലാ അദ്ധ്യാപികയായി.
പിന്നീട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ നൂറനാട് മറുതവിള പുത്തന്‍വീട്ടില്‍ ജയചന്ദ്രന് നായരുടെ ഭാര്യയായി ഓണാട്ടുകരയിലെ നൂറനാട് എന്ന ഗ്രാമത്തില്‍ എത്തി. വിവാഹത്തിനുശേഷം ചിത്രകലയില്‍ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നു. 2008ല്‍ ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനസ്സ് കലുഷിതമായ വേളയില്‍ കൂട്ടായെത്തിയതും ചിത്രകലതന്നെ.
സന്ന്യാസം സ്വീകരിച്ച മുത്തച്ഛന് കളിമണ്ണില്‍ ദേവീവിഗ്രഹവും അറന്തല്‍ ആഞ്ഞിലിയുടെ തോല് തല്ലിയെടുത്ത് മരവുരി ഉണ്ടാക്കി അതില്‍ ഭദ്രകാളി രൂപം ഉണ്ടാക്കുന്നത് കണ്ടുനിന്ന ഒരു ബാലിക പിന്നീട് ആ കലയിലൂടെ ജീവിതത്തിന്റെ വൈതരണികള്‍ മറികടന്നത് യാദൃച്ഛികം. മുത്തച്ഛന്റെ കലാപാരമ്പര്യം കണ്ടുവളര്‍ന്നതുകൊണ്ട് ചെറുപ്രായത്തില്‍തന്നെ കുഞ്ഞുപ്രതിമകള്‍ ഉണ്ടാക്കുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തിരുന്നു. സന്ന്യാസിയായ മുത്തച്ഛന് നാരായണക്കുറുപ്പ് (സ്വാമി വല്‍ക്കലാനന്ദ) ഒരിക്കല്‍ പൂര്‍വ്വാശ്രമത്തില്‍ എത്തിയപ്പോള്‍ ചെറുമകളുടെ അഭിരുചി തിരിച്ചറിയുകയും തന്റെ രേഖാചിത്രം വരയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുത്തച്ഛന്റെ ചിത്രം കണ്ട് കുടുംബാംഗങ്ങള്‍ പിന്നീട് ചിത്രകലയില്‍ കൂടുതല്‍ പ്രോത്സാഹനം നല്കി.
പത്തനംതിട്ട ജില്ലയില്‍ ആയ്ക്കാട് എന്ന ഗ്രാമത്തില്‍ അദ്ധ്യാപക ദമ്പതികളായ ഗോപാലന്‍നായരുടെയും ഭാര്‍ഗ്ഗവിയമ്മയുടെയും ഇളയമകള്‍ വത്സലാദേവി ഇന്ന് വരകളുടെയും ചിത്രങ്ങളുടെയും ലോകത്ത് തന്റേതായ സംഭാവന നല്‍കുകയാണ്. ചുവര്‍ചിത്രകല, ഗ്ലാസ് പെയിന്റ്, എണ്ണച്ഛായ, ബാംമ്പൂ ഡിസൈന്‍ തുടങ്ങി വരയുടെ വിവിധ മേഖലകളില്‍ വത്സലാദേവി തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം വസന്താ നായരുടെ ശിക്ഷണത്തിലാണ് ചുവര്‍ചിത്രകല അഭ്യസിച്ചത്. പുരുഷാധിപത്യം നിലനില്‍ക്കുന്ന ചുവര്‍ചിത്രകലയില്‍ വത്സലയുടെ ചിത്രങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. അതുകൊണ്ടുതന്നെ വത്സയുടെ ചിത്രങ്ങള്‍ കാണുവാനും വാങ്ങുവാനും നിരവധി ആളുകളാണ് എത്തുന്നത്.
സാരികളില്‍ ചുവര്‍ചിത്ര ഡിസൈനുകള്‍ വരച്ചുകൊണ്ട് പുതിയ ഒരു ഫാഷന്‍തരംഗത്തിന് തുടക്കമിട്ടതും ഈ അദ്ധ്യാപികയായിരുന്നു. ഈ കാലയളവില്‍ നേടിയ ആദരവുകളും പ്രോത്സാഹനങ്ങളും ശിഷ്യസമ്പത്തും അനവധിയാണ്. ആലപ്പുഴ നൂറനാട് കേന്ദ്രീകരിച്ച് വനിതകള്‍ക്കായി ചിത്രമാല ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് അക്കാദമിയും മ്യൂറല്‍ ആര്‍ട്ട് ഗാലറിയും വത്സല ടീച്ചര്‍ നടത്തിവരുന്നു.
നിരവധി കുട്ടികളാണ് വത്സല ടീച്ചറുടെ കീഴില്‍ ചിത്രകല പഠിക്കാനെത്തുന്നത്. മക്കളായ മഞ്ജു ശ്രീജയനും മനീഷ് ജയചന്ദ്രനും അമ്മയ്ക്ക് പ്രോത്സാഹനം നല്കി കൂടെയുണ്ട്. നിരവധി പുരസ്കാരങ്ങളും അനുമോദനങ്ങളും കരസ്ഥമാക്കിയ വത്സല ടീച്ചര്‍ തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: