വരന്തരപ്പിള്ളി: കുടില്‍കെട്ടി സമരത്തോടനുബന്ധിച്ച് കള്ളിചിത്ര കോളനിയിലെ ആദിവാസികള്‍ പാലപ്പിള്ളി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസ് കയ്യേറി ജീവനക്കാരെ തടഞ്ഞുവെച്ചു.
സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ കഴിഞ്ഞ 22 ദിവസമായി ആദിവാസികള്‍ ഫോറസ്റ്റ് ഓഫീസിന് മുന്പില് കുടില്‍കെട്ടി സമരം നടത്തിവരികയായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആദിവാസികള്‍ റേഞ്ച് ഓഫീസ് കയ്യേറിയത്.
ഉച്ചക്ക് ഒരു മണിയോടെ സമരപന്തലില്‍ നിന്ന് മുദ്രാവാക്യവുമായി എത്തിയ 19 സ്ത്രീകളും, 9 പുരുഷന്മാരും, നാല് കുട്ടികളും അടങ്ങുന്ന സംഘം ഓഫീസിനുള്ളിലേക്ക് കയറി കുത്തിയിരിപ്പ് നടത്തുകയായിരുന്നു. ഈ സമയം ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇ.യു. ദീപക്, ക്ലര്‍ക്ക് എം.വി. ജയരാജ് എന്നിവരെ ആദിവാസികള്‍ തടഞ്ഞുവെച്ചു.
പിന്നീട് സ്ഥലത്തെത്തിയ ആര്‍ഡിഒ കെ. അജീഷ്, ഡിഎഫ്ഒ ആര്. കീര്‍ത്തി, ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി അമ്മിണികുട്ടന്, തഹസില്‍ദാര്‍ ടി.എസ്. മധുസൂദനന് എന്നിവര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഉത്തരവില്ലാതെ ഭൂമി നല്കാന് കഴിയില്ലെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ ചര്‍ച്ചയില്‍ നിന്ന് സമരസമിതി നേതാക്കളായ എം.എം. പുഷ്പന്, ഊരുമൂപ്പന് എം.കെ. ഗോപാലന്, സജീവന് കള്ളിചിത്ര എന്നിവര്‍ ഇറങ്ങി പോന്നു. തുടര്‍ന്ന് ഓഫീസ് ഉപരോധം അവസാനിപ്പിച്ച ആദിവാസികള്‍ കുടില്‍കെട്ടി സമരം പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: