വടക്കാഞ്ചേരി: വടക്കാഞ്ചേരി സഹകരണ എഞ്ചിനീയറിങ്ങ് കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഉത്തരവിട്ടു.
മുന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ കാലത്ത് മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് നല്കിയ 5 ഏക്കര്‍ 40 സെന്റ് സ്ഥലത്താണ് ആധുനിക സംവിധാനങ്ങളുള്ള എഞ്ചിനീയറിങ്ങ് കോളേജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
വിവിധ വകുപ്പുകള്‍ വഴി ലഭിച്ച 48 കോടി രൂപയാണ് ഒന്നാംഘട്ട എസ്റ്റിമേറ്റ്. സഹകരണ എഞ്ചിനീയറിങ്ങ് കോളേജ് കെട്ടിടത്തിന്റെ ഏറെ മുന്നോട്ട് പോയ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദേശം പത്തരകോടി രൂപയോളം ചിലവഴിച്ച സന്ദര്‍ഭത്തില്‍ വന്ന ഈ ഉത്തരവ് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു. എന്നാല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളുടെ കുറവല്ല, മറിച്ച് വടക്കാഞ്ചേരി മേഖലയില്‍ വരുന്ന ഒട്ടേറെ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളുടെ സമ്മര്‍ദ്ദമാണ് ഇത്തരമൊരു തീരുമാനത്തിന് പുറകിലെന്നാണ് ആക്ഷേപം.
കോടികള്‍ തുലച്ച് സര്‍ക്കാരിന് നഷ്ടം വരുത്തുന്ന ഇത്തരം തീരുമാനങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അക്കാദമിയുടെ കീഴിലുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മറ്റ് പ്രൊഫഷണല്‍ വിഷയങ്ങള്‍ക്കായി കോളേജ് ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
എഞ്ചിനീയറിങ്ങ് കോളേജിന്റെ നിര്‍മ്മാണം നിര്‍ത്തുന്നതോടെ വടക്കാഞ്ചേരിയുടെ വികസനപാതയില്‍ തടസം നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: