തൃശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നിലവില്‍ വന്നു. തൃശൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാങ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. എടിഎം, ഡെബിറ്റ് കാര്‍ഡുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കി. ബാങ്കിന്റെ വെബ്സൈറ്റ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനം കെ. രാജന് എംഎല്‍എ നിര്‍വഹിച്ചു.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആദ്യ വര്‍ഷത്തില്‍ തുറക്കാന്‍ ലക്ഷ്യമിടുന്ന 85 ശാഖകളില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ള 15 ശാഖകള്‍ ഉദ്ഘാടന ദിവസം തുറന്നു. പൂര്‍ണതോതില്‍ റീട്ടെയ്ല്‍ ശാഖകളായ ഇവ അടുത്താഴ്ച പ്രവര്‍ത്തനമാരംഭിക്കും. ഇടപ്പള്ളി, പാലക്കാട്, പാല, തിരുവല്ല, കട്ടപ്പന, പെരിന്തല്‍മണ്ണ, കോഴിക്കോട് എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ശാഖകള്‍ തുറക്കുക. 25% ശാഖകളും ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയില്‍ തുടങ്ങണമെന്നാണ് റിസര്‍വ് ബാങ്കിന്റെ മാര്‍ഗരേഖ. കേരളത്തില്‍ അത്തരം പ്രദേശങ്ങളില്‍ ബാങ്കിന്റെ കുറഞ്ഞത് 10 ശാഖകളെങ്കിലും തുറക്കും. ആദ്യവര്‍ഷത്തില്‍ തന്നെ ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിലും ശാഖകള്‍ തുറക്കാന്‍ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.
നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് (ടേം ഡെപ്പോസിറ്റ്) ബാങ്കിന്റെ നിര്‍ദ്ദിഷ്ട പലിശനിരക്ക് വിവിധ കാലാവധിക്ക് 5.75% മുതല്‍ 9% വരെയാണ്. സേവിംഗ്സ് ഡെപ്പോസിറ്റുകള്‍ക്ക് അക്കൗണ്ടിലെ മിച്ചം തുകയുടെ അടിസ്ഥാനത്തില്‍ പലിശനിരക്ക് 6% മുതല്‍ 7% വരെയാകും. മുതിര്‍ന്ന പൗരന്മാര്ക്ക് ടേം ഡെപ്പോസിറ്റുകളില്‍ .05% പലിശ അധികമായി നല്‍കും.
നിലവില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 93 ജില്ലകളില്‍ 285 ശാഖകളുള്ള ഇസാഫ് മൈക്രോഫിനാന്‍സ് അതിന്റെ എല്ലാ ശാഖകളും ഉപഭോക്തൃ സേവന കേന്ദ്രങ്ങളായോ അള്‍ട്രാ സ്മോള്‍ ബ്രാഞ്ചുകളായോ സാറ്റലൈറ്റ് ഓഫീസുകളായോ മാറ്റുമെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
300 കോടി രൂപയിലേറെ സ്വന്തം ഫണ്ടുള്ള ഇസാഫ് അടുത്തിടെ കടപ്പത്രത്തിലൂടെ മറ്റൊരു 330 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 2020-ഓടെ 20,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കേരള ഗ്രാമീണ ബാങ്ക് മുന്‍ ചെയര്മാന് ആര്. പ്രഭയാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചെയര്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: