തൊടുപുഴ: ബാലികയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി അനീഷ് (27) നെയാണ് ബാലലൈംഗീക പീഡന നിരോധന നിയമപ്രകാരമുള്ള (പോക്സോ) ഇടുക്കി ജില്ലാ സ്പെഷ്യല്‍ കോടതി ജഡ്ജി കെ.ആര്. മധുകുമാര്‍ ശിക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പത്തനംതിട്ടയിലുള്ള ബന്ധുവീടിന് സമീപം താമസിച്ചിരുന്നയാളാണ് പ്രതി.
2012 മെയ് 10ന് പ്രതിയേയും പെണ്‍കുട്ടിയേയും പെരുവന്താനം പോലീസ് മുറിഞ്ഞപുഴ ഭാഗത്ത് വച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ പിടികൂടി. ചോദ്യം ചെയ്യലിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിച്ച വിവരം അറിയുന്നത്.
പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലുള്ള ബന്ധു വീട്ടിലേക്കെന്ന വ്യാജേന പ്രതി വശീകരിച്ച് വിളിച്ചുവരുത്തി. പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ കുമളിയിലേയ്ക്ക് കൊണ്ടുപോയി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചു. അവിടെ നിന്ന് മടങ്ങിവരുന്ന വഴിക്കാണ് പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സംരക്ഷണത്തനായി കുട്ടിയെ ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്മാന് ജ. ഏ ഗോപാലകൃഷ്ണന്റെ മുമ്പാകെ പോലീസ് ഹാജരാക്കുകയായിരുന്നു.
2011 ഏപ്രിലില്‍ പത്തനംതിട്ടയിലുള്ള ബന്ധുവീട്ടില്‍ കുട്ടി താമസിച്ചിരുന്ന സമയത്ത് പ്രതി കുട്ടിയെ ലൈംഗികമായി പീഠിപ്പിച്ചിരുന്നുവെന്നും ബാലിക കോടതിയില്‍ മൊഴി നല്കി.
കട്ടപ്പന വനിതാ ഹെല്‍പ്പ് ലൈന്‍ എസ്.ഐ കെ.ജെ ജോഷി, എസ്.ഐ റെജിബെന് പീരുമേട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു ശ്രീധരന് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പിഴ സംഖ്യയായ 20,000 രുപ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണമെന്ന് വിധി ന്യായത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: