കോഴിക്കോട്: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായി പ്രത്യേക വായ്പാ നയം വേണമെന്ന് ലഘു ഉദ്യോഗഭാരതി അഖിലേന്ത്യാ പ്രസിഡന്റ് ഓംപ്രകാശ് മിത്തല്‍. ലഘു ഉദ്യോഗഭാരതി സംസ്ഥാന പ്രവര്‍ത്തക ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വന്‍കിട വ്യവസായങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ നല്കുമ്പോള് ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് 12 മുതല്‍ 14 ശതമാനം വരെ പലിശയാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. ഈ സ്ഥിതിയില്‍ മാറ്റം വന്നാല്‍ കൂടുതല്‍ ശക്തമായ മുന്നേറ്റം നടത്താന്‍ ചെറുകിടവ്യവസായ മേഖലയ്ക്ക് സാധിക്കും. നാലുകോടിയിലധികം സ്ഥാപനങ്ങളാണ് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ഒരര്‍ത്ഥത്തില്‍ ഭാരതത്തിന്റെ നട്ടെല്ലാണ് ഈ മേഖല. ഏറ്റവും കൂടുതല്‍ തൊഴിലസവസരങ്ങള്‍ നല്കുന്ന മേഖല കൂടിയാണിത് . അതിനാല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായി പ്രത്യേക തൊഴില്‍നയം വേണം. ഈ മേഖലയില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇത്തരമൊരു നയം കൊണ്ട് സാധിക്കും. ചെറുകിട വ്യവസായങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുള്ളത്. ജിഎസ്ടി നടപ്പാക്കുകയെന്നത് സുപ്രധാന തീരുമാനമാണ്. നിലവില്‍ ചെറുകിട സൂക്ഷ്മ വ്യവസായരംഗത്തെ ഉല്‍പാദകമേഖലയ്ക്ക് ഒരുകോടി മുതല്‍ ഒന്നരകോടി രൂപവരെ എക്സൈസ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കുന്നുണ്ട്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഇത് നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിബിരം ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്തു. ലഘു ഉദ്യോഗഭാരതി സംസ്ഥാന പ്രസ്ഡന്റ് ബി. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സംഘടനാ സെക്രട്ടറി പ്രകാശ് ചന്ദ്, സംസ്ഥാന വൈസ്പ്രസിഡന്റ് എ.കെ. വിജയന് മേനോക്കി, സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. സുധീര്‍ കുമാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍.കെ. വിനോദ്, സംസ്ഥാന സെക്രട്ടറി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: