വടക്കഞ്ചേരി:കൊല്ലം പരവൂര്‍ കായലില്‍ വാട്ടര്‍ സ്കൂട്ടര്‍ മറിഞ്ഞ് കാണാതായ വടക്കഞ്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.കമ്മാന്തറ തത്താളായില് തമ്പി എബ്രഹാമിന്റെ മകന് സാംപോള്‍ തമ്പിയുടെ (24) മൃതദേഹമാണ് ഞായറാഴ്ച്ച രാവിലെ 7 മണിയോടെ കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെ കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിനിടെ അപകടം നടന്ന സ്ഥലത്തിനു സമീപത്തായി മൃതദേഹം പൊങ്ങുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ എട്ടരയോടെയാണ് സുഹൃത്ത് ആലത്തൂര്‍ കാവശ്ശേരി മൂപ്പ് പറമ്പ് മഞ്ഞലോടി ഹൗസില്‍ വിപിനോ (25)ടൊപ്പം കായലില്‍ സീ ബൈക്കില്‍ സഞ്ചരിക്കവെ ഹാന്റില്‍ബാര്‍ പൊട്ടി അപകടത്തില്‍ പെട്ടത്.പരവൂര്‍ തെക്കുംഭാഗത്ത് കടല്‍ത്തീരത്തിന് അടുത്തുള്ള ഇടവ നടയറ കായലിലാണ് അപകടമുണ്ടായത്. ഫ്ലൈ സ്പോര്‍ട്സ് അഡ്വഞ്ചര്‍ പാര്‍ക്കിന്റേതാണ് കായലില്‍ മറിഞ്ഞ വാട്ടര്‍ സ്കൂട്ടര്‍.പാര്‍ക്കിലെ ജീവനക്കാരനായിരുന്നു വിപിന്‍.വിപിനാണ് ബോട്ട് ഓടിച്ചത്.
രാവിലെ ഇരുവരും വാട്ടര്‍ സ്കൂട്ടറില്‍ പാര്ക്കിന് തൊട്ടടുത്തുള്ള കായലില്‍ സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് വെട്ടിത്തിരിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ഞായറാഴ്ച്ച രാത്രിയോടെ സാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.സംസ്കാരം ഇന്ന് രാവിലെ 10ന് തേനിടുക്ക് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: