തൃക്കരിപ്പൂര്‍: ഉദിനൂര്‍, വടക്കെ തൃക്കരിപ്പൂര്‍ വില്ലേജുകളുടെ ഇടയില്‍ വരുന്ന ആയിറ്റി പ്രദേശത്തെ സര്‍ക്കാര്‍ പുഴ പുറമ്പോക്ക് ഭൂമി കയ്യേറി മണലെടുക്കുകയും അനധികൃതമായി കെട്ടിടം പണിയുകയും ചെയ്യുന്ന സംഭവത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
ആയിറ്റിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂള് അധികൃതരാണ് അനധികൃതമായി മണലെടുത്ത് കെട്ടിടം പണിയുന്നത് എന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്. ഉദിനൂര്‍ തടിയന് കൊവ്വല്‍ എഎല്‍പി സ്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മന്ത്രിക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി റവന്യു ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.
സ്കൂളിന് സമീപത്തെ നെല്‍പ്പാടങ്ങളും കുളങ്ങളും അതിനോടനുബന്ധിച്ച പുറമ്പോക്ക് ഭൂമിയിലെ കണ്ടല്‍കാടുകളും മണ്ണിട്ട് നികത്തിയാണ് കെട്ടിടം പണിയാനും കളിസ്ഥലം നിര്‍മ്മിക്കാനും തയ്യാറായതെന്ന് നിവേദനത്തില്‍ പറഞ്ഞിരുന്നു. പരാതികള്‍ സംബന്ധിച്ച് 2016 ഡിസംബറില്‍ ആര്.ഡി ഒ ഓഫീസില്‍ നടന്ന ഹിയറിംഗില്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ക്രമക്കേട് ബോധ്യപ്പെട്ടിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തു. പിന്നീട് ആര് ഡി ഒ സ്ഥലം സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ നാളിതുവരെയും ആര്‍ഡിഒ സ്ഥലത്ത് പരിശോധന നടത്താന്‍ എത്തിയില്ല. ആറ് മാസത്തെ സാവകാശം സ്കൂളിന് ഇതുമൂലം ലഭിച്ചു.
നിരോധനം ലംഘിച്ചാണ് ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതെന്നും മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ സ്ഥാപന ഉടമകള്‍ എല്ലാവരെയും വെല്ലുവിളിച്ചു കയ്യേറ്റവും നിര്‍മ്മാണവും നടത്തുന്നുണ്ടെങ്കിലും അത് തടയാന്‍ അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: