കാഞ്ഞങ്ങാട്: രാജാറോഡിന്റെ നവീകരണത്തിന് മുന്നോടിയായി സ്ഥലമളവും പൊളിക്കേണ്ട കെട്ടിടങ്ങളുടെ കണക്കുകളും ശേഖരിച്ചു കഴിഞ്ഞെങ്കിലും ഇതു വരെയും ഭരണാനുമതി ലഭിച്ചില്ല. ഏറെ കൊട്ടിഘോഷിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നീലേശ്വരം രാജാറോഡ് വികസനത്തിന് 40 കോടി രൂപ വകയിരുത്തിയത്.
ഹൈവേ ജംഗ്ഷന് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന് വരെ 14 മീറ്റര്‍ വീതിയില്‍ നവീകരിക്കാനാണ് പദ്ധതി. റോഡുവികസനത്തിനായി കെട്ടിടം പൊളിക്കേണ്ടി വരുമെന്ന ആശങ്കയില്‍ പല കച്ചവടക്കാരും നേരത്തേ തന്നെ റോഡരികിലെ കടകള്‍ ഒഴിഞ്ഞ് മറ്റിടങ്ങള്‍ കണ്ടെത്തിയിരുന്നു.
സ്ഥിതിഗതികള്‍ ഇത്രയേറെ ആയിട്ടും ഇതിന്റെ സാങ്കേതികാനുമതി നേടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹൈവേ ജംഗ്ഷന് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന് വരെയുള്ള രാജാറോഡില്‍ ഇപ്പോള്‍ ഗതാഗതം ഏറെ ദുഷ്കരമാണ്.
റോഡ് വികസനത്തിന്റെ പ്രവൃത്തികള്‍ ത്വരിതമാക്കാനെന്ന പേരില്‍ ഇടക്കാലത്ത് വാഹനഗതാഗതം തെരുവ് റോഡ് വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. ഇത് തെരുവ് നിവാസികളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു.
ഒടുവില്‍ ജനകീയ സമിതി ഹൈക്കോടതിയെ സമീപിച്ച് ഇതു വഴി ഗതാഗതം തിരിച്ച് വിട്ടു കൊണ്ടുള്ള നഗരസഭയുടെ തീരുമാനം റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: