ഇടതു-വലതു നേതാക്കന്മാരുടെ പച്ചയായ മോദിവിരോധം കൊണ്ടുമാത്രം കേരളത്തില്‍ നടപ്പാക്കാതെ പോകുന്ന നാഷണല്‍ സ്കില്‍ എജ്യുക്കേഷന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് എന്ന തൊഴില്‍ പരിശീലന പാഠ്യപദ്ധതി വരുംവര്‍ഷങ്ങളില്‍ കേരളത്തലെ ചെറുപ്പക്കാരെ എങ്ങനെ ബാധിക്കുമെന്ന് ജനങ്ങള്‍ ചിന്തിക്കണം. ഭരണവര്‍ഗത്തിന്റെ സ്തുതിപാഠകരായ സാംസ്കാരിക നായകന്മാരും ബുദ്ധിജീവികളെന്നവകാശപ്പെടുന്ന സമൂഹത്തിലെ ഉന്നത ശ്രേണികളിലുള്ളവരും സ്വാര്ത്ഥമതികളായതുകൊണ്ട് ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല.
ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ ഓരോ വര്‍ഷവും എസ്എസ്എല്‍സി എഴുതുന്നത്. പ്ലസ് ടു കഴിഞ്ഞ് മറ്റു പല കോഴ്സുകളും പഠിക്കുകയോ ബിരുദം നേടുകയോ ചെയ്ത് ജോലിക്കു ശ്രമിക്കുമ്പോഴാണ് തിരിച്ചടി മനസിലാകുക.
കേന്ദ്രസര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങൡലും വിദേശത്തുപോലും ജോലിക്ക് അപേക്ഷിക്കാന്‍ കഴിയാത്ത ബിരുദവുമായി നമ്മുടെ മക്കള്‍ അലയേണ്ട അവസ്ഥയാണ് വരുന്നത്. പിന്നീടത് തിരുത്താനും കഴിയില്ല, അപ്പോഴും ഇവിടുത്തെ ഇടതുവലതു നേതാക്കള്‍ മോദിയെയും ബിജെപിയെയും പഴിച്ചുകൊണ്ടിരിക്കും. അരി തരാത്തത് കേന്ദ്രം, പണി തരാത്തതു കേന്ദ്രം, മഴപെയ്യിക്കാത്തത് കേന്ദ്രം. ഇൗ വിടുവായത്തം ജനങ്ങള്‍ തിരിച്ചറിയണം.
എന്‍എസ്ക്യുഎഫ് എന്ന പാഠ്യപദ്ധതി 2009 ല്‍ യുപിഎ മന്ത്രിസഭയിലെ കപില്‍ സിബല്‍ കൊണ്ടുവന്ന നാഷണല്‍ വൊക്കേഷണല്‍ എഡ്യൂക്കേഷണല്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍വിഇക്യുഎഫ്), പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിരുന്നു. മോദിസര്‍ക്കാരും അത് തുടര്‍ന്നു നടപ്പാക്കാന്‍ ശ്രമിച്ചതേയുള്ളൂ. കേരളത്തിലെ യുവജനങ്ങള്‍ക്ക് ഒട്ടേറെ ഗുണകരമായ ഈ പാഠ്യപദ്ധതി മോദിസര്ക്കാരിന്റേതെന്ന തെറ്റിദ്ധാരണയിലാണ് ഇവിടത്തെ ഭരണകൂടം നടപ്പാക്കാതിരുന്നത്. ഇത് കേരളജനത അറിയുന്നില്ല. ഒരുകാര്യം ഇവര്‍ തിരിച്ചറിയണം, കേരളത്തിലെ ജനങ്ങളും ഭാരതീയരാണ്.
ഇടതുവലതു രാഷ്ട്രീയക്കാര്‍ കേരളീയര്‍ക്ക് നിഷേധിക്കുന്ന ഓരോ ആനുകൂല്യങ്ങളും ഓരോ ഭാരതീയന്റെയും അവകാശമാണ്. അതുതന്നെയാണ് വിദ്യാഭ്യാസ മേഖലയുടെയും ആവശ്യം. ഭാവിയില്‍ എന്‍എസ്ക്യുഎഫ് നടപ്പാക്കാത്ത സംസ്ഥാനം കേരളം മാത്രമാവും. കേരളീയര്‍ക്ക് ഭാരതത്തിലെന്നല്ല, ലോകത്തൊരിടത്തും പരിഗണന കിട്ടാതാവുന്ന ഒരവസ്ഥ അഞ്ചാറു കൊല്ലങ്ങള്‍ക്കപ്പുറം സംഭവിക്കാവുന്നതാണ്. അന്ന്, ഇന്നത്തെ ഈ വ്യക്തിവൈരികളായ നേതാക്കള്‍ ഉണ്ടായിരിക്കണമെന്നില്ല. ഉണ്ടായാലും ഒന്നും ചെയ്യാന്‍ കഴിയില്ല.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നൂറില്‍പ്പരം രാജ്യങ്ങളില്‍ നടപ്പാക്കുന്ന ഈ പാഠ്യപദ്ധതിയില്‍നിന്നാണ് മോദിവിരോധംകൊണ്ടുമാത്രം കേരളീയരായ ലക്ഷക്കണക്കിന് യുവതീയുവാക്കളെ മാറ്റിനിര്‍ത്തുന്നത് എന്നോര്‍ത്താല്‍ നന്നായിരിക്കും. 2020 നുശേഷം മേല്‍പ്പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ ഒരു സ്ഥാപനങ്ങളും ജോലിക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ തീരുമാനം എന്നുകൂടി അറിയുക.
ശ്രീകുമാര്‍, ചാലക്കുടി
മലപ്പുറത്തെന്തിന് മൂന്ന് മുന്നണികള്‍
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിയും ഇടതുമുന്നണിയും ദേശീയ ജനാധിപത്യ സഖ്യവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ടത് ദേശീയ വിഷയങ്ങളാണ്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇടത് വലത് മുന്നണികള്‍ ഒരേതൂവല്‍പക്ഷികളാണ്. കേന്ദ്രത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ േനതൃത്വത്തിലുണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാരിനെ യോജിച്ച് നിലനിര്‍ത്തിയ പാരമ്പര്യവും ഇവര്‍ക്കുണ്ട്.
എല്‍ഡിഎഫിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിന് മുസ്ലിംലീഗിനോടും ലീഗിന് തിരിച്ച് സിപിഎമ്മിനോടുമുള്ള മൃദുസമീപനം അങ്ങാടിയില്‍ പാട്ടാണ്. ഈ മണ്ഡലത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിയായിരുന്നു പ്രമുഖ കക്ഷിയെങ്കില്‍ ഇടത് വലതു മുന്നണികള്‍ യോജിച്ച് അവരെ എതിര്‍ക്കുമായിരുന്നു. കാരണം ബിജെപിക്കെതിരെ മഹാമുന്നണി എന്ന സ്വപ്നം ഇടയ്ക്കിടെ കാണുന്നവരാണ് ഇക്കൂട്ടര്‍. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ മലപ്പുറത്ത് ഇടത് വലത് മുന്നണികള്‍ യോജിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയല്ലേ ഭംഗി.
പി.കെ.വിജയന്, മഞ്ചേരി
വര്‍ഗീയവിരോധം ഉപജീവനമാക്കിയവര്‍
വര്‍ഗ്ഗീയശക്തികള്‍ നിയന്ത്രിക്കുന്ന ഭരണമാണ് ഇന്ത്യയിലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായിയുടേയും പാര്‍ട്ടിയുടേയും അവസ്ഥയെന്താണെന്നാലോചിച്ചാല് മുഖ്യമന്ത്രി പറയുന്നതില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലെന്നു കാണാം. തരംപോലെ ന്യൂനപക്ഷ വര്‍ഗ്ഗീയ ശക്തികളുമായി ധാരണയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎമ്മിനെ ചരിത്രത്തില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.
പൊന്നാനിയില്‍ പിഡിപിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചത് പിണറായി പാര്‍ട്ടിനേതാവായിരുന്ന കാലഘട്ടത്തിലാണ്. മാത്രമല്ല തിരഞ്ഞെടുപ്പുണ്ടാവുമ്പോഴൊക്കെ മുസ്ലിം ഭൂരിപക്ഷമണ്ഡലത്തില്‍ മുസ്ലിം സ്ഥാനാര്ത്ഥിയെത്തന്നെനിര്ത്തി മത്സരിപ്പിക്കുകയും ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ ക്രിസ്ത്യാനിയെത്തന്നെ നിര്‍ത്തി മത്സരിപ്പിക്കുകയും ചെയ്യുന്ന സിപിഎം എന്ത് മതേതരത്വമാണ് വിളംബരം ചെയ്യുന്നത്?
മലപ്പുറം ലോക്സഭാ മണ്ഡലത്തിലും സ്ഥിതി മറിച്ചല്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായിട്ടുവരെ സിപിഎം കൂട്ടുകൂടിയില്ലേ? ഇതില്‍ നിന്നൊക്കെ ബോധ്യമാകുന്നത് സിപിഎമ്മിനും പിണറായിക്കും മതേതരത്വമെന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ, വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജാതിയും മതവും തിരിച്ച് വിതരണം ചെയ്യുന്നതും അപാകതതന്നെ.
വി.എന്‍.അജിതന്, എളവള്ളി,തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: