1993 മാര്‍ച്ച് അവസാനവാരം (എന്നാണോര്‍മ്മ) ആണ് പരമേശ്വര്‍ജിയെ ഞാന്‍ പരിചയപ്പെടുന്നത്. അതായത് ഞങ്ങളുടെ സൗഹൃദം രജതജൂബിലി വര്‍ഷത്തില്‍ എത്തിയിരിക്കുന്നു. ഈ കാലയളവിനിടയില്‍ കേവലസൗഹൃദം ഊഷ്മള ഭ്രാതൃഭാവം ആയി മാറുകയും ചെയ്തു.
ഞങ്ങള്‍ പരിചയപ്പെടുന്നത് ഒരു അദ്ധ്യക്ഷവേദിയില്‍ വച്ചായിരുന്നു. ‘ശ്രീരാമന്റെ പ്രസക്തി’ എന്ന വിഷയത്തെക്കുറിച്ചാണ് ഞാന്‍ അന്ന് സംസാരിച്ചത്. 1992 ഡിസംബറിനുശേഷമുള്ള കാലം. ഞാന്‍ റവന്യൂ ബോര്‍ഡില്‍ അംഗം. കരുണാകരന്റെ പ്രതാപകാലം. അന്ന് ഭാരതീയ ജനതാപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളവര്‍ സംഘടിപ്പിക്കുന്ന ഒരു സെമിനാറില്‍, ദല്‍ഹിയിലെ നിയമനം സ്വപ്നത്തില്‍ കൊണ്ടുനടക്കുന്നവരായ ഐഎഎസുകാര്‍ സംബന്ധിക്കുക അസാധാരണമായിരുന്നു എന്ന് പറയേണ്ടതില്ല. ആ സാന്നിദ്ധ്യം – കവി നാരായണക്കുറുപ്പാണ് എന്നെ ക്ഷണിച്ചുകൊണ്ടുപോയത ്- പരമേശ്വര്‍ജിക്ക് ഇഷ്ടമായി എന്ന് പറയേണ്ടതില്ല. അന്നത്തെ പ്രഭാഷണവും ഇഷ്ടമായി. അതുകൊണ്ട് ആ വാക്കുകള്‍ വരമൊഴിയാക്കിയത് ഉള്‍പ്പെടുത്തിയ എന്റെ രചനയ്ക്ക് പരമേശ്വര്‍ജി തന്നെ അവതാരിക എഴുതി അനുഗ്രഹിക്കുകയും ചെയ്തു.
പെന്‍ഷനായതിനുശേഷം ഞാന്‍ കോട്ടയ്ക്കകത്തെ ‘ആശ്രമ’ത്തില്‍ പതിവ് സന്ദര്‍ശകനായി. ബൈബിളും ഗീതയും വിവേകാനന്ദന്റെ ദര്‍ശനവും പരമഹംസരുടെ മതവും പോലെ യുള്ള വിഷയങ്ങളായിരുന്നു എന്നും ചര്‍ച്ചയില്‍. നരസിംഹറാവുവിന്റെ കാലത്തിനുശേഷം ഉണ്ടായ രാഷ്ട്രീയമായ അനിശ്ചിതത്ത്വങ്ങള്‍ എന്നെ ഒരു ഭാ.ജ.പ അനുഭാവിയോ സഹയാത്രികനോ ആക്കിയിരുന്നുവെങ്കിലും പരമേശ്വര്‍ജിയോടൊത്ത് ചെലവഴിച്ച അനുഗൃഹീത സായാഹ്നങ്ങളെ രാഷ്ട്രീയവര്‍ത്തമാനങ്ങള്‍ ഒരിക്കലും അലോസരപ്പെടുത്തിയതായി ഓര്‍മ്മയില്ല. ചരിത്രം, ദര്‍ശനം തുടങ്ങിയവയായിരുന്നു എപ്പോഴും ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നത്.
പോര്‍ച്ചുഗീസുകാര്‍ ഇവിടെ നടത്തിയ മതപരിവര്‍ത്തന യജ്ഞങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരേ അഭിപ്രായം ആയിരുന്നു. നിര്‍ബന്ധിച്ച് മതം മാറ്റിയാല്‍ ആ തലമുറയില്‍ പ്രയോജനം ഉണ്ടായില്ലെങ്കിലും രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറ ആവുമ്പോഴേക്കും ആ ആത്മാക്കള്‍ രക്ഷപ്പെടും എന്നതായിരുന്നു പോര്‍ച്ചുഗീസുകാരുടെ ചിന്ത. മതപരിവര്‍ത്തനത്തില്‍ ശ്രദ്ധിക്കാതെയും സാംസ്കാരികമായി ഹിന്ദുസമൂഹത്തില്‍ നിന്ന് അകന്നുപോകാതെയും ഇപ്പോള്‍ അമേരിക്കക്കാര്‍ ഹിന്ദുക്കളാവുമ്പോലെ ക്രിസ്ത്യാനികളായ ഹിന്ദുക്കള്‍ ആയിരുന്നുവല്ലോ ഇവിടത്തെ പഴയ ക്രിസ്ത്യാനികള്‍. പോര്‍ച്ചുഗീസുകാര്‍ക്ക് അവരും സ്വീകാര്യരായിരുന്നില്ല. അതിനെതിരെയാണ് നാട്ടു ക്രിസ്ത്യാനികള്‍ 1653ല്‍ കൂനന്‍കുരിശ് സത്യം ചെയ്തത്. പാശ്ചാത്യ കോയ്മകള്‍ക്കെതിരെ ഭാരതത്തില്‍ ഉയര്‍ന്ന ആദ്യത്തെ സ്വാതന്ത്ര്യ കാഹളം ആയിരുന്നു കൂനന്‍കുരിശ് സത്യം.
ഒരു സ്വയംസേവക് എന്ന നിലയില്‍ വിശ്വസ്തതയോടെ സ്വജീവിതം ചിട്ടപ്പെടുത്തിയ വ്യക്തിയാണ് പരമേശ്വര്‍ജി. മാതൃഭൂമിയോടും ജനിച്ചുവളര്‍ന്ന സമുദായത്തോടും തനിക്ക് ചുറ്റുമുള്ള സമൂഹത്തോടും കൃതജ്ഞതാപ്രേരിതമായ പ്രതിബദ്ധതയോടെ ജീവിക്കാന്‍ കഴിയുന്നു എന്നതാണ് പരമേശ്വര്‍ജിയെ വ്യതിരിക്തനാക്കുന്നത്.
ഹിന്ദുമതത്തിലെ അവാന്തരവിഭാഗങ്ങളെയും ദര്‍ശനവൈജാത്യങ്ങളെയും കുറിച്ച് തികഞ്ഞ യാഥാര്‍ത്ഥ്യബോധമാണ് പരമേശ്വര്‍ജി എന്നും പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ‘ഹിന്ദു’ എന്ന സ്വത്വത്തില്‍ ആകൃഷ്ടനായിരിക്കവെ തന്നെ ആ സ്വത്വം സങ്കുചിതമായ അര്‍ത്ഥത്തിലുള്ള ഒരു മതസങ്കല്പത്തില് തളച്ചിടപ്പെടേണ്ടതാണ് എന്ന് ആ ജ്ഞാനവൃദ്ധന്‍ ഒരിക്കലും കരുതിയില്ല. ദേവീസങ്കല്പത്തിന്റെ നാനാര്‍ത്ഥങ്ങള്‍ അദ്ദേഹം എന്നും തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ ഒരാള്‍ക്ക് ഹിന്ദുമതം എന്നൊരു പരമ്പരാഗതമതം ക്രിസ്തുമതത്തിനോ ഇസ്ലാമിനോ സെറാസ്ട്രിയന്‍ മതത്തിനോ സമാനമായി തിരിച്ചറിയാനോ അടയാളപ്പെടുത്താനോ കഴിയുകയില്ല.
നമ്മുടെ മുടിപ്പുരകള്‍തന്നെ എടുക്കുക. ഇന്നും ഉത്സവകാലത്ത് മാത്രം ഓലകെട്ടി ആരാധനാസ്ഥലം നിര്‍മ്മിച്ച് ഭഗവതീശക്തിയെ ആവാഹിച്ച് കുടിയിരുത്തുന്ന സമ്പ്രദായം നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അസാധാരണമല്ല. ബ്രസല്‍മിഷന്‍കാര്‍ മംഗലാപുരത്ത് ഓടുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതിന്ശേഷമാണ് പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും സ്ഥിരമായ മേല്‍ക്കൂരകള്‍ സുസാധാരണമായത്. അതുവരെ സമ്പന്നമായ ക്ഷേത്രങ്ങളും പള്ളികളും മാത്രമാണ് സ്ഥിരമായി മേഞ്ഞിരുന്നത്.
ഈ ദേവി ശക്തിയാണ്. ശക്തി എന്നതിനര്‍ത്ഥം ‘ശ’ സമം ഐശ്വര്യം, ‘ക്തിഃ’ സമം പരാക്രമം എന്നാണല്ലോ. അതുകൊണ്ടാണ് ദേവി എന്നും ഭഗവതി എന്നും പറയുമ്പോള്‍ നമുക്ക് ഭദ്രകാളി മുതല്‍ മഹാലക്ഷ്മിവരെ വിവിധഭാവങ്ങളില്‍ ആ സങ്കല്പത്തെ സ്വാംശീകരിച്ച് ആരാധിക്കാന്‍ കഴിയുന്നത്. സൃഷ്ടിസ്ഥിതിസംഹാരകര്‍തൃത്വത്തെക്കുറിച്ചുള്ള സങ്കല്പങ്ങളിലും ഈ ഏകത്വ-നാനാത്വ സാധ്യതകള്‍ നമുക്ക് കാണാന്‍ കഴിയും.
കേരളത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്നവര്‍ ശിവനെയും ആരാധിക്കുന്നതില്‍ അനൗചിത്യമോ അഭംഗിയോ ആരും കാണാറില്ല. എന്നാല്‍ ഭാരതവര്‍ഷത്തില്‍ എല്ലായിടത്തും അതല്ലല്ലോ സ്ഥിതി.
ശ്രീനാരായണന് അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുന്നതിനുമുന്‍പ് ഗുരുവിന്റെ സമുദായം കേരളത്തിലെ തനതു ദൈവ സങ്കല്പങ്ങളായ മാടനെയും മറുതയെയും ആരാധിച്ചിരുന്നു. ഇപ്പോഴും വനവാസികളെന്നും ആദിവാസികളെന്നും വിവരിക്കപ്പെടുന്നവര്‍ക്ക് ആര്യവൈദിക സങ്കല്പങ്ങളല്ല ആരാധനാ മൂര്‍ത്തികള്‍.
അതെസമയം ഇക്കൂട്ടരെയെല്ലാം മൊത്തത്തില്‍ നാം വിവരിക്കുന്നത് ഹിന്ദു എന്ന പദം ഉപയോഗിച്ചാണ്. സായിപ്പ് പണ്ട് കാനെഷുകുമാരി തുടങ്ങിയപ്പോള്‍ കണ്ടുപിടിച്ച ഒരു കുറുക്കുവഴിയാണ് അവര്‍ക്ക് തിരിയുന്ന ക്രിസ്തുമതം, ബുദ്ധമതം, സിക്കുമതം, ഇസ്ലാം, പാര്‍സി, ജൈനമതം എന്നിവയ്ക്കൊപ്പം അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാക്കത്തൊള്ളായിരം ആരാധനാ സമ്പ്രദായങ്ങളെ ഒരൊറ്റ മുത്തുക്കുടയുടെ കീഴില്‍ നിര്‍ത്തി ഹിന്ദുമതം എന്ന് വിവരിക്കുക എന്നത്.
ഇത് ഗ്രഹിക്കുമ്പോഴാണ് ഹിന്ദുമതം ക്രിസ്തുമതമോ ബുദ്ധമതമോ പോലെ ഒരു മതം അല്ല, ഒരു സംസ്കാരവും ഒരു ജീവിതരീതിയും ആണ് എന്ന് കാണാന്‍ കഴിയുന്നത്. ബുദ്ധമതത്തില്‍ ഹീനയാനവും മഹായാനവും ഉണ്ടാകാം. ഇരുവിഭാഗത്തെയും ബന്ധിപ്പിക്കുന്നത് ശ്രീബുദ്ധന് എന്ന കേന്ദ്രബിന്ദു ആണ്. ക്രിസ്തുമതത്തില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഓര്ത്തഡൊക്സുകാരും പെന്തക്കൊസ്തരും രക്ഷാസൈന്യവും ഒക്കെ ഉണ്ട്. എന്നാല്‍ അവരുടെ വിശ്വാസപ്രമാണവും വേദശാസ്തചിന്താപദ്ധതികളും എത്രതന്നെ പ്രതിഭിന്നമായിരുന്നാലും ക്രിസ്തു ഈശ്വരന്റെ ഏകപൂര്‍ണാവതാരം എന്ന ആശയം അവര്‍ക്ക് പൊതുവാണ്. ഹിന്ദുമതത്തില്‍ അങ്ങനെയില്ലല്ലൊ. വിഷ്ണുവിനെ ആരാധിക്കാതെയും ആരാധിച്ചും ഹിന്ദു ആകാം. പരമശിവനെ ആരാധിക്കാതെയും ആരാധിച്ചും ഹിന്ദു ആകാം. ഇത് ഗ്രഹിക്കുമ്പോള്‍ ഓരോ ഭാരതീയനും താന്‍ ഒരു ഹിന്ദുവാണ് എന്ന് അഭിമാനത്തോടെ പറയുവാന്‍ ക്ലേശിക്കേണ്ടിവരുകയില്ല.
ഇങ്ങനെ വിശാലമായ ഒരു വേദശാസ്ത്രപരിസരത്ത് നില്‍ക്കുന്നതിനാലാണ് പരമേശ്വര്‍ജിക്ക് ഒരേസമയം സ്വയംസേവകനായും ഹിന്ദുമതപണ്ഡിതനായും വിവേകാനന്ദമതത്തിന്റെ പ്രവാചകനായും ഭാരതീയപാരമ്പര്യത്തിന്റെ കറതീര്‍ന്ന പ്രതീകമായും സ്വയം അടയാളപ്പെടുത്താനാവുന്നത്. ഒരേസമയം കേരളത്തില്‍ രാമായണമാസാചരണം ദൃഢപ്പെടുത്തുന്നതിനും വിവേകാനന്ദസന്ദേശം പ്രചരിപ്പിക്കുന്നതിനും പരമേശ്വര്‍ജിക്ക് കഴിയുന്നതും അതുകൊണ്ട് തന്നെയാണ്.
നവതി കടന്നു. ഇനി ശതകം പിന്നിലാവട്ടെ. പൂര്‍ണ്ണ പുരുഷായുസ് തികയുവോളം സമൂഹത്തിന് മാര്‍ഗദര്‍ശിയായ പരമേശ്വര്‍ജി നമുക്കൊപ്പം ഉണ്ടാവട്ടെ. ”ഏകേന രാജഹംസേന യാ ശോഭാ സരസോ ഭവേത് ന സാ ബകസഹസ്രേണ പരിതസ്തീര വാസിനാ” എന്നതാണ് പരമേശ്വര്‍ജിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. തടാകതീരത്ത് ആയിരം കൊക്കുകള്‍ ഉണ്ട്, എന്നാല്‍ തടാകത്തിന് ശോഭ പകരുന്നത് ഒരൊറ്റ രാജഹംസമാണ്; ആയിരം കൊക്കുകള്‍ക്ക് പകരാനാവാത്തതാണ് ആ ശോഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: