ചെന്നൈ: തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലുളള തിരുചെങ്കോട്ട് നിന്നുളള ഒരാള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയില്‍ 246 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. അസാധുവാക്കിയ പഴയ നോട്ടുകളാണ് ഇയാള്‍ നിക്ഷേപിച്ചത്.
നോട്ട് അസാധുവാക്കലിന് ശേഷം തമിഴ്നാട്ടിലും പുതുച്ചേരിയിലും വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 200 പേര് 600 കോടി രൂപ നിക്ഷേപിച്ചെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇതിലേറെയും സംസ്ഥാനത്തെ നാട്ടിന്‍പുറങ്ങളിലുമാണ്. എന്നാല്‍ ചെന്നൈ നഗരത്തില്‍ നിന്നുളളവരും ഇത്തരം നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.
246 കോടിരൂപ നിക്ഷേപിച്ചയാളെ കണ്ടെത്തി. പ്രധാന്‍മന്ത്രി ഗരിബ് കല്യാണ്‍ യോജനയുടെ ഭാഗമായി 45 ശതമാനം നികുതി അടയ്ക്കാമെന്നും ഇയാള്‍ അറിയിച്ചു. ഈ മാസം അവസാനിക്കും മുമ്പ് ഇത്തരത്തിലുളള നിക്ഷേപം 1000 കോടി കടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ മാസം 31ന് ശേഷം ഇത്തരം നോട്ടുകള്‍ കയ്യില്‍ വയ്ക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അധികൃതര്‍ ആവര്‍ത്തിക്കുന്നു.
ഇത്തരത്തില്‍ സമാഹരിക്കപ്പെടുന്ന നികുതി രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി ഉപയോഗിക്കും. രണ്ടര ലക്ഷത്തിന് മുകളില്‍ നിക്ഷേപം നടത്തുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ബാങ്കുകള്‍ നല്കിയ പട്ടിക അനുസരിച്ചാണ് ആദായനികുതി വകുപ്പ് ഇവരെ കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: