കാസര്‍കോട്: ശബരിമലയെ വിവാദമാക്കി നിലനിര്‍ത്തിക്കൊണ്ട്, പത്മനാഭ സ്വാമി ക്ഷേത്രത്തെയും, ഗുരുവായൂര്‍ ക്ഷേത്രവും പ്രാദേശിക ക്ഷേത്രങ്ങളും ഭരണ വര്‍ഗ്ഗം കൊള്ളയടിക്കുകയും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകര്‍ പറഞ്ഞു. കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ വെച്ച് നടന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. കേരളത്തിലെ ഹൈന്ദവ കുടുംബ സംവിധാനത്തെ നശിപ്പിക്കാന്‍ ഇന്ന് ഒരുവിഭാഗം ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. താലി പൊട്ടിക്കല്‍ സമരവും ചുംബന സമരവും നടത്തി കൊണ്ട് ഭാരതീയ സംസ്കാരത്തെ ഇല്ലാതാക്കി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭീകരവാദ സംഘടനകളും നക്സലൈറ്റ് സംഘടനകളുമാണ്. അതുവഴി പുതിയ തലമുറയെ തന്നെ ഭാരതീയ സംസ്കാരത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പുതു തലമുറയെ നശിപ്പിച്ചും പെണ്‍കുട്ടികളെ മതം മാറ്റിയും ഹിന്ദുത്വത്തെ ഇല്ലാതാക്കാന്‍ ശ്രമം നടന്നു കൊണ്ടിരിക്കുന്നു.
ക്ഷേത്രം നശിപ്പിച്ചവര്‍ വീണ്ടും വീണ്ടും അതാവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ ഹൈന്ദവ സമുഹം തിരിച്ചറിഞ്ഞ് അത്തരക്കാര്‍ക്കെതിരെ പേരാടാന്‍ മുന്നോട്ട് വന്നു കൊണ്ടിരിക്കണം. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ ഐക്യം രൂപപ്പെട്ട് വരുമ്പോള്‍ ഈ ഐക്യം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് വേവലാതി പിടിപെട്ടിരിക്കുകയാണ്.
എന്നാല്‍ ആരൊക്കെയെ തിര്‍ക്കാന്‍ ശ്രമിച്ചാലും അത് തിരിച്ചറിഞ്ഞ് ശക്തമായി മുന്നോട്ട് വരുമെന്ന സുധാകര്‍ കൂട്ടിച്ചേര്‍ത്തു. ശിവഗിരി മഠം സ്വാമിജി പ്രേമാനന്ദ സ്വാമി ദീപപ്രജ്വലനം നടത്തി. ജില്ലാ അദ്ധ്യക്ഷന്‍ എ.കരുണാകരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍ സ്വാഗതവും ജയകൃഷ്ണന് പൂച്ചക്കാട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: