തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി വിമര്‍ശന പോസ്റ്റുകളിടുന്ന ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ പൊട്ടന്മാരാണെന്ന് സി.എന്‍. ജയദേവന് എം.പി. ശ്രീനാരായണ ക്ലബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പ്രവര്‍ത്തിക്കേണ്ട കാലമല്ല ഇതെന്ന ജയദേവന്റെ പ്രസ്താവനയ്ക്കെതിരേ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിമര്ശനങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗീതാഗോപി എം.എല്‍.എയുടെ മകളുടെ വിവാഹം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ജയദേവന് കട്ടന്‍ചായ, പരിപ്പുവട പ്രയോഗം നടത്തിയത്. പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നതുപോലെ മാറിയ കാലത്ത് സാധ്യമല്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
ഇതേറ്റു പിടിച്ചാണ് ഇടതുപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരടക്കം ജയദേവനെതിരേ നവമാധ്യമങ്ങളില്‍ ആക്രമണം നടത്തിയത്. തനിക്കെതിരേ പോസ്റ്റിടുന്നവര്‍ ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ചിലര്‍ ക്രിസ്തുമതം സ്വീകരിച്ചവരെപ്പോലെയാണ്. അതേപോലെ ഇവരും കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റാവുകയാണ്. ഇടതുപക്ഷത്തെ സഹായിക്കാനല്ല അവരുടെ ശ്രമം. കപട സന്നാസിമാരുടെ കാലമാണിത്.
എന്നാല്‍ ജനനന്മയ്ക്കായി ഒരു സന്യാസിസമൂഹത്തെ തന്നെ സൃഷ്ടിച്ച നവോത്ഥാനനായകനാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനുദിനം അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗുരുവിന്റെ പ്രതിമ പാര്‍ലമെന്റ് വളപ്പില്‍ സ്ഥാപിക്കണമെന്ന് ഇടുക്കി എം.പി. ജോയ്സ് ജോര്‍ജ് ആവശ്യമുന്നയിച്ചപ്പോള്‍ പല അംഗങ്ങളും അദ്ഭുതപ്പെട്ടു. മറ്റുള്ളവരിലും ഗുരുവിന്റെ സ്വാധീനം എത്രയുണ്ടെന്നതിനു തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ് പ്രസിഡന്റ് ടി.ആര്. രഞ്ജു അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദന് മുഖ്യാതിഥിയായിരുന്നു. ഡോ. ജയസൂര്യന്‍, അഡ്വ. കെ.ബി. ഹരിദാസ്, പി.വി. ഷാജി, ഡോ. കെ.ആര്. രാജന്, യു.വി. വേണുഗോപാലന്‍, എന്‍.വി. രഞ്ജിത്ത്, ഇന്ദിരാ ദേവി, അഡ്വ. രഘുനാഥ് കഴുങ്കില്‍, കെ.വി. സത്യന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: