കാസര്‍കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈഡിസ് വിഭാഗത്തില്‍പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി എന്ന വൈറസ് രോഗം പരത്തുന്നത്. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ മാരകമായിരിക്കും. ജനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനി പരാതിരിക്കുന്നതില് ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
വീടിനു ചുറ്റും പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ എന്നിവ വലിച്ചെറിയരുത്. ടെറസ്സിലും സണ്‍ഷെയ്ഡിലും വെളളം കെട്ടിനില്ക്കാന് അനുവദിക്കരുത്. ഫ്ലവര്‍വേയ്സ്, റഫ്രിജറേറ്ററിനു പിറകിലുളള ട്രേ എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണ്ണമായും നീക്കം ചെയ്യണം. വാട്ടര്‍ ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുകയോ കൊതുകു വല കൊണ്ട് മൂടുകയോ ചെയ്യുക. ഉപയോഗിക്കാത്ത ഉരല്, ആട്ടുകല്ല് എന്നിവ കമഴ്ത്തി വെക്കുക. ഉപയോഗിക്കാത്ത ടയറുകളില്‍ വെളളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ മണ്ണ് നിറക്കുകയോ സുഷിരങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക. പാചകത്തിനും മറ്റുമായി വെളളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്ത രീതിയില്‍ നന്നായി അടച്ചുവെക്കണം. ആഴ്ചയിലൊരിക്കല്‍ പാത്രങ്ങളിലെ വെളളം ഒഴിവാക്കി നന്നായി കഴുകിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കമുകിന് തോട്ടങ്ങളിലെ പാളകള്‍ എന്നിവയില്‍ വെളളം കെട്ടി നിന്ന് കൊതുക് വളരാനുളള സാഹചര്യം ഉണ്ടാകരുത്. തോട്ടങ്ങളിലും മറ്റും കൊതുകു വളരാനുളള സാഹചര്യം ഒഴിവാക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുന്നതാണ്. പനി വന്നാല്‍ സ്വയം ചികിത്സ നടത്തരുത്. അടുത്തുളള ആശുപത്രിയില്‍ ചികിത്സയ്ക്കായി സമീപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: