കാസര്‍കോട്: മണ്ടേക്കാപ്പിലെ വ്യാപാരിയായിരുന്ന രാമകൃഷ്ണ മൂല്യയെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പള സിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മോഷണക്കുറ്റത്തിന്റെ പേരിലുണ്ടായ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴിയെന്ന് പോലീസ് പറയുന്നത് വിശ്വസനീയമല്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
പ്രതികള്‍ക്കുവേണ്ടി വിദേശരാജ്യങ്ങളിലുള്‍പ്പെടെ സംഘടിതമായ രീതിയില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നുണ്ട്. അതിനെ കുറിച്ച് യാതൊരു അന്വേഷണവും നടക്കുന്നില്ല. കാസര്‍കോട് നടന്ന മറ്റൊരു കൊലപാതകത്തിന് പകരമാണ് രാമകൃഷണ മൂല്യയെ വധിച്ചതെന്ന് പ്രതികള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദനത്തിന് വഴങ്ങി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്.
പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. പോലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്ന പിണറായി വിജയന് സര്‍ക്കാറിന്റെ നടങ്ങള്ക്കെതിരായ പ്രക്ഷോഭമാണിതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി.സുരേഷ്കുമാര്‍ ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, രാമപ്പ മഞ്ചേശ്വരം, മുരളീധരയാദവ്, ആദര്‍ശ്, സരോജ ആര് ബള്ളാര്‍, സ്നേഹലത ദിവാകര്‍, വിനോദ് കടപ്പുറം, രാജന് മുളിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: