കല്‍പ്പറ്റ:പുന:സ്ഥാപിക്കപ്പെടാത്ത പ്രകൃതി വിഭവങ്ങള്‍ സമൂഹം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും പ്രകൃതിയില്‍ നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കുകയാണ് വേണ്ടതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.
പരിസ്ഥിതി ദിനാഘോഷത്തില്‍ സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകമാനം ഒരു കോടി വൃക്ഷത്തൈകള്‍ നടുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവണ്മെന്റ് കേളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പെട്രോള്‍, കല്‍ക്കരി പോലുള്ള പുനസ്ഥാപിക്കപ്പെടാത്ത പ്രകൃതി വിഭവങ്ങള്‍ അധികകാലം നമുക്ക് ലഭിക്കില്ല. വെള്ളം, മണല്‍ എന്നിവ പുന:സ്ഥാപിക്കപ്പെുന്നവയാണെന്നാണ് കണക്കാക്കുന്നതെങ്കിലും അതു പു:നസ്ഥാപിക്കപ്പെടാത്തവയുടെ പട്ടികയിലേക്ക് മാറുന്നതാണ് വര്‍ത്തമാനകാല സാഹചര്യം. പട്ടി ശല്യവും പാമ്പ് ശല്യവും കൂടുതലായി അടുത്തകാലത്ത് കണ്ടുവരുന്നുണ്ട്. ആക്രമകാരിയായ നായയെ നമുക്ക് കൈകാര്യം ചെയ്യാം. എന്നാല്‍ പൂര്‍ണ്ണമായി നിഷ്കാസനം ചെയ്യാനാവില്ല. ഓരോ ജീവിക്കും അതിന്റേതായ ജീവിത ധര്മ്മമുണ്ട്. പരിസ്ഥിതിവാദികളും ശാസ്ത്രജ്ഞരും നല്കിയ മുന്നറിയിപ്പ് പൂര്‍ണ്ണമായി ശരിയാവുന്നതാണ് നമ്മള് കണ്ടത്. കഴിഞ്ഞ വേനലില്‍ ജലക്ഷാമം രൂക്ഷമായി, പ്രകൃതിക്കുമേലുള്ള കയ്യേറ്റങ്ങള്‍ എല്ലാ സീമകളും ലംഘിക്കുകയാണ്. പാടം നികത്തുകയും മലകള്‍ ഇടിച്ചു നിരത്തുകയും ചെയ്യുന്നു. മരമില്ലെങ്കില്‍ നമുക്ക് ശ്വാസവായു ലഭിക്കില്ല. വെട്ടിമാറ്റിയ ഒരു ചെങ്കല്ല് പൂര്‍വ്വസ്ഥിതിയിലാകാന്‍ അയ്യായിരം വര്‍ഷമെടുക്കുമെന്ന് പറയപ്പെടുന്നു. പാരിസ്ഥിതിക ബോധം കുറഞ്ഞാല്‍ മനുഷ്യ വംശത്തിന്റെ ആയുസ്സാണ് കുറയുക. ഭൂകമ്പമില്ലാതെ ഭൂമിയെ രക്ഷിക്കുന്നത് കുന്നുകളാണ്. ഭൂമിയെ വലിയ പരുക്കേല്പ്പിക്കാതെ വരുംതലമുറയ്ക്ക് കൈമാറേണ്ടതുണ്ട്. മരത്തിന് ബദല്‍ മറ്റൊന്നുമില്ലെന്ന് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. കേളേജ് വളപ്പില്‍ മരത്തൈകള്‍ നട്ടുകൊണ്ടാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. ഗവണ്മെന്റ് കോളേജിന് അനുവദിച്ച എം.എ.എക്കണോമിക്സ്, എം.സി.ജെ കോഴ്സുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവല്കരണ വിഭാഗം രണ്ടര ലക്ഷം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്തുവരുന്നത്.
ചടങ്ങില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ ആന്റ് ഇ ജോര്‍ജി പി. മാത്തച്ചന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, എ.ഡി.എം. കെ.എം. രാജു, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്മുഖന്, ജില്ലാ പോലീസ് മേധാവി രാജ്പാല് മീണ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ നരേന്ദ്രനാഥ് വേളൂരി, അബ്ദുള്‍ അസീസ്, വൈല്‍ഡ് ലൈഫ് വാര്ഡന് പി.ധനേഷ് കുമാര്‍, കൗണ്‍സിലര്‍മാരായ ജെല്‍ത്രൂദ് ചാക്കോ, റഷീദ് എന്നിവര്‍ പങ്കെടുത്തു. ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ.ഷജ്ന, സ്വാഗതവും ഗവ.കോളേജ് പ്രിന്‍സിപ്പല്‍ കെ.എം.ജോസ് നന്ദിയും പറഞ്ഞു.
ഹരിത കേരളം മിഷൻ ലോക പരിസ്ഥിതി ദിനം
ജില്ലാതല ഉദ്ഘടനം കൽപ്പറ്റ എന്‍ എം എസ് എം ഗവണ്മെന്റ് കോളേജിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ ടി ജലീൽ നിർവഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: