അര്‍ബുദത്തെക്കുറിച്ചുള്ള ഭീതി പടരുന്ന കേരളത്തില്‍ പ്രത്യാശ നല്കുന്ന ചിത്രമാണ് ‘ദി ക്രാബ്’. ക്യാന്‍സര്‍ ചികിത്സയില്‍ മെഡിക്കല്‍ സയന്‍സ് കൈവരിച്ച പുരോഗതിയുടെ ഫലമായി ഏതു ഘട്ടത്തിലും രോഗവിമുക്തി സാദ്ധ്യമാണെന്ന് അടിവരയിട്ട് പ്രഖ്യാപിക്കുന്ന ഈ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ അര്‍ബുദമെന്ന ഭയം അലിഞ്ഞു പോകുന്നു. കഥയില്ലായ്മ കേരളത്തിലെ വെള്ളിത്തിരകളില്‍ നിഴല്‍ പരത്തുന്ന ഇക്കാലത്ത് ‘ദി ക്രാബ്’നെ പോലുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല.
ഭരതന് ഞാറക്കലും ശ്രീകുമാര്‍ മാരാത്തുമാണ് ‘ദി ക്രാബ്’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ‘കോയിക്കരാസ് ഫിലിംസിന്റെ’ ബാനറില്‍ ജസ്റ്റിന് ചാക്കോയാണ് നിര്‍മ്മാണം. നായകനായ നന്ദുവായി അഭിനയിക്കുന്നതും ജസ്റ്റിന് തന്നെയാണ.്
നായിക നിമ്മിയായി നര്‍ത്തകി കൂടിയായ ദേവസുര്യ വേഷമിടുന്നു. പ്രശസ്ത നോവലിസ്റ്റും അദ്ധ്യാപകനുമായ ജോയി നായരമ്പലത്തിന്റേതാണ് ‘ദി ക്രാബ്’ന്റെ കഥ. ചിത്രത്തിന്റെ അണിയറ ശില്പികള് ‘ജന്മഭൂമി’യോട്:
‘ദി ക്രാബ്’ നിര്‍മിക്കാനുള്ള പ്രചോദനം എന്താണ് ?
ജസ്റ്റിന് ചാക്കോ: കേരളത്തില്‍ അര്‍ബുദം വലിയ ഭീഷണിയായി പടര്‍ന്നു പിടിക്കുകയാണ്. എന്റെ സ്വദേശമായ വൈപ്പിന്‍ കരയിലും ഒട്ടേറെ പേര് ഈ അസുഖത്തെ വേദനാജനകമായി നേരിടുന്നുണ്ട്. എന്റെ മാതാവ് ക്യാന്‍സറിന് ഇരയായി മരണത്തിന് കീഴടങ്ങിയത് ഒരു വര്‍ഷം മുമ്പാണ്. ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ വിഷയം ആയിരക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് പ്രത്യാശയും പ്രചോദനവും നല്കുന്ന ഒന്നായിരിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.
വളരെ ചെറിയ ബഡ്ജറ്റാണല്ലോ ചിത്രത്തിന്റേത് ?
ചെറിയ ബഡ്ജറ്റില്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് ‘ദി ക്രാബ്’ തെളിയിച്ചു. നിര്‍മ്മാതാക്കളും സംവിധായകരും ഈ വഴി സഞ്ചരിച്ചാല്‍ മലയാള സിനിമയ്ക്ക് കലാ മൂല്യമുള്ള മികച്ച ചിത്രങ്ങള്‍ ലഭിക്കും. ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച ചിത്രങ്ങള്‍ വന്നിരുന്നത് മലയാളത്തില്‍ നിന്നായിരുന്നു. ആ നല്ലകാലത്തെ തിരികെ കൊണ്ടുവരാനുള്ള ഒരു എളിയ ശ്രമമായും ഈ ചിത്രത്തെ കാണാം
സ്വന്തം സ്ഥാപനമായ കൃപാ ഫൗണ്ടേഷനെക്കുറിച്ച് ?
‘ദി ക്രാബി’ന്റെയും ഇനി ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടേയും ലാഭവിഹിതത്തില്‍ അമ്പത് ശതമാനം കൃപാ ഫൗണ്ടേഷനുള്ളതാണ്. അതില്‍ നിന്ന് നിര്‍ധനരായ അര്‍ബുദരോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കും. അര്‍ബുദ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാനുള്ള സാഹചര്യം ഒരുക്കുക എന്നൊക്കെയാണ് മറ്റു ലക്ഷ്യങ്ങള്‍. എന്റെ അമ്മച്ചിയുടെ ഓര്‍മ്മകളാണ് എന്നെ വഴികാണിക്കുന്നത്.
ചിത്രത്തില്‍ നായക വേഷവും ജസറ്റിന് തന്നെയാണല്ലോ ചെയ്തിരിക്കുന്നത് ?
അഭിനയം എനിക്ക് പാഷനാണ്. ചെറുപ്പത്തില്‍ ഒരുപാട് അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്തു തുടരണമെന്ന് തന്നെയാണ് ആഗ്രഹം. ഞാന്‍ മാത്രമല്ല, ഈ ചിത്രത്തിലെ മിക്കവാറും എല്ലാവരും തന്നെ പുതു മുഖങ്ങളാണ്. ആദ്യ ചിത്രത്തിലൂടെ ഇത്രയും പുതിയ കലാകാരന്മാര്ക്ക് അവസരം നല്കാന് കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
തിരക്കഥാകൃത്തും അഭിനേതാവുമായ ഭരതന് ഞാറക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ക്രാബ്’.
എങ്ങിനെയാണ് ഇതിന്റെ സംവിധാന ചുമതലയിലേക്ക് വരുന്നത്?
ഭരതന് ഞാറക്കല്‍: ജസ്റ്റിന് ചാക്കോ ഒരു സിനിമ ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെടുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെ ഒരവസരം വന്നത്. അത്യുക്തികളില്ലാത്ത, അനാവശ്യ അലങ്കാരങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത നായകന് 100 പേരെ അടിച്ചു വീഴ്ത്താത്ത റിയലിസ്റ്റിക്കായ ഒരു സിനിമ ചെയ്യാനാണ് ശ്രമിച്ചത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ കുറേ നേരമെങ്കിലും തങ്ങിനില്ക്കുന്ന ഒരു നോവോ നനവോ ഉണ്ടാകണം. അതാണ് എന്റെ ഒരു സിനിമ സങ്കല്പം. ‘ദി ക്രാബ്’ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം എന്നെ വളരെ സന്തോഷവാനാക്കുന്നു.
ചെറിയ ബഡ്ജറ്റ് ഒരു പരിമിതിയായി തോന്നിയോ?
ഒരിക്കലുമില്ല. മറിച്ച് ഒരുപാട് സ്വാതന്ത്ര്യങ്ങള്‍ തന്നു എന്നതാണ് സത്യം. തിരക്കുകളില്ലാത്ത അഭിനേതാക്കള്‍, ഉചിതമായ ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള സൗകര്യം, സമയത്തിന്റെ പരിമിധിയില്‍ നിന്നുള്ള മോചനം അങ്ങിനെ പല സ്വാതന്ത്ര്യങ്ങളും.
ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയായിരുന്നു ഞങ്ങളെല്ലാവരും. എന്റെ സഹപ്രവര്‍ത്തകനായ ശ്രീകുമാര്‍ മാരാത്തിന്റെ സാന്നിദ്ധ്യവും സംഭാവനകളും വലിയ അനുഗ്രഹമായിരുന്നു.കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചുണ്ട്.
കാന്‍ ഫെസ്റ്റിവെലില്‍ അവാര്‍ഡ് നേടിയ ‘മരണസിംഹാസന’ (സംവിധാനം: മുരളി നായര്‍) ത്തിന്റെ തിരകഥാകൃത്താണല്ലോ താങ്കള്‍ ‘ദി ക്രാബും’ കാനിലേക്ക് എത്തുമോ?
തീര്‍ച്ചയായിട്ടും അതിനുള്ളശ്രമത്തിലാണ് ഞങ്ങള്‍. നോവലിസ്റ്റ്, ഗ്രന്ഥക്കാരന്, അദ്ധ്യാപകന് എന്നീ നിലകളില്‍ പ്രശസ്തനായ ജോയി നായരമ്പലമാണ് ‘ദി ക്രാബി’ന്റെ കഥ എഴുതിയിരിക്കുന്നത്.
എങ്ങനെയാണ് ഈ കഥ രൂപപ്പെട്ടത് ?
ജോയി നായരമ്പലം: മുമ്പ് ഞാന്‍ എഴുതിയ കഥയാണ് സിനിമയ്ക്ക് അവലംബമായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്യാന്‍സര്‍ ബാധിച്ച ഒരു യുവതിയെ കാണുകയുണ്ടായി. ജീവിതത്തില്‍ ഒരിക്കലും ആ ദയനീയ കാഴ്ച എനിക്ക് മറക്കാനാകില്ല. മരുന്നു വാങ്ങാന്‍ പോലും പണമില്ലാത്ത ആ യുവതി ഗര്‍ഭിണിയുമായിരുന്നു. ആ അനുഭവമാണ് പിന്നീട് കഥയായി മാറിയത്.
സിനിമയുടെ കച്ചവടങ്ങളേക്കാള്‍ ഉപരി ചലചിത്ര കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം യഥാര്‍ത്ഥ കലാകാരന്മാരുടെ ഒത്തുചേരലിന്റെ ഫലമാണ് ഈ കൊച്ചു ചലചിത്രവും, അതിന്റെ വിജയവും. പ്രശസ്ത കാന്‍സര്‍ ചികിത്സകനായ ഡോ. വി.പി ഗംഗാധരന്റെ സാന്നിദ്ധ്യം ‘ദി ക്രാബി’ന് തികഞ്ഞ ആധികാരികത നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: