ആദ്യ സപര്യയില്‍ ആറര പതിറ്റാണ്ടിന്റെ പുണ്യവുമായി തൃപ്രയാര്‍ രാജപ്പന് മാരാര്‍ (മുകുന്ദന്മാരാര്) ശതാഭിഷിക്തനാകുന്നു. തിമിലയിലും ചെണ്ടയിലും അതോടൊപ്പം സോപാന സംഗീതത്തിലും തന്റെ കഴിവ് കലാകേരളത്തിന് സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. പഞ്ചവാദ്യ രംഗത്തെ കുലപതികളായിരുന്ന അന്നമനട അച്ചുതന്‍മാരാര്‍, പരമേശ്വരന് മാരാര്‍, പൊറുത്തുവീട്ടില്‍ നാണു മാരാര്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ പ്രശസ്തമായ ഉത്സവങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തും ഇദ്ദേഹത്തിനുണ്ട്.
ഭൂമിയിലെ ദേവമേളയെന്ന് അറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തില്‍ നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരുടെ ഗ്രാമപ്രദക്ഷിണത്തില്‍ ആറര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നു. മൂന്നര പതിറ്റാണ്ടായി കുറുവേലയ്ക്ക് പ്രമാണം വഹിക്കുന്നു. വാര്‍ദ്ധക്യത്തിന്റെതായ അവശത ഉണ്ടെങ്കിലും ഇത്തവണത്തെ പൂരത്തിലും അദ്ദേഹത്തിന്റെ സജീവസാന്നിദ്ധ്യം ഉണ്ടായിരുന്നു.
ആറാട്ടുപുഴ പാടത്ത് തേവരുടെ പഞ്ചവാദ്യത്തില്‍ നാലുവര്‍ഷം പ്രമാണിയായിരുന്നു.1108 ഇടവമാസം 15ന് അദ്ധ്യാപകനായ ടി.ആര്. കൃഷ്ണയ്യരുടെയും തൃപ്പേക്കുളത്ത് മാരാത്ത് മീനാക്ഷി മാരസ്യാരുടെയും മകനായി ജനിച്ചു. 1952 ല്‍ പെരിങ്ങോട്ടുകര ഹൈസ്കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. സ്റ്റൊനോഗ്രാഫിയും പഠിച്ചു.
1950 മുതല്‍ അമ്മാവനായ കൊച്ചുണ്ണി മാരാരുടെ സഹായിയായി തൃപ്രയാര്‍ ക്ഷേത്രത്തില്‍ അടിയന്തര ജോലി ആരംഭിച്ചു. അമ്മാവന്റെ മരണശേഷം ക്ഷേത്രത്തിലെ അടിയന്തര മാരാരായി ചുമതലയേറ്റു. പിന്നീട് സഹോദരന് തൃപ്രയാര്‍ അപ്പുമാരാര്‍ക്ക് ചുമതല കൈമാറും വരെ ആ പ്രവര്‍ത്തി തുടര്‍ന്നു. 1957ലാണ് പണ്ടാരത്തില്‍ കുട്ടപ്പന്മാരാരുടെ ശിക്ഷണത്തില്‍ തിമില അഭ്യസിച്ചു. അതോടൊപ്പം തന്നെ സോപാന സംഗീതത്തിലും ചെണ്ടയിലും തന്റെ വൈദഗ്ധ്യം തെളിയിച്ചു.
സോപാന സംഗീതാലാപനത്തില്‍ മാരാര്‍ക്കുള്ള വൈദഗ്ധ്യം എടുത്തുപറയണം. ക്ഷേത്ര ചടങ്ങുകളില്‍ ഒന്നായ മരപ്പാണിയറിയുന്ന അപൂര്‍വ്വം കലാകാരന്മാരില് ഒരാള്‍ കൂടിയാണ്. തൃപ്രയാര്‍, ആറാട്ടുപുഴ, ഇരിങ്ങാലക്കുട, തൃശൂര്‍ പൂരത്തിലെ ഘടകപൂരങ്ങള്‍ എന്നിവയില്‍ വളരെ വര്‍ഷകാലം അദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ മുംബൈ, തമിഴ്നാട്, ആന്ധ്ര തുടങ്ങി അന്യസംസ്ഥാനങ്ങളിലും പല ഉത്സവ ചടങ്ങുകളിലും രാജപ്പന് മാരാര്‍ തന്റെ വാദ്യകലാ പാടവം തെളിയിച്ചു.
ആറരപതിറ്റാണ്ടിലേറെയുള്ള വാദ്യകലാ രംഗത്തെ മികവിന്റെ അടിസ്ഥാനത്തില്‍ നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. പഴുവില്‍ സുബ്രഹ്മണ്യ ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രാവാദ്യകലാസ്വാദകസമിതി, തൃപ്രയാര്‍ കിഴക്കേനട പൂരാഘോഷകമ്മിറ്റി എന്നിവയുടെ സുവര്‍ണ്ണ മുദ്ര പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.
അഖില കേരള മാരാര്‍ ക്ഷേമ സഭ 2011 ല്‍ പ്രശസ്തിപത്രം നല്കി ആദരിച്ചിരുന്നു. ശതാഭിഷിക്തനാകുന്ന അദ്ദേഹത്തെ ഈ മാസം 30ന് തൃപ്രയാറില്‍ നടക്കുന്ന ചടങ്ങില്‍ ആസ്വാദകര്‍ ഉപഹാരം നല്കി ആദരിക്കും. പരേതയായ പത്മിനി മാരസ്യാരാണ് ഭാര്യ. മക്കള്‍: പരേതനായ ഗിരീശന്, ലതിക എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: