ഷൊര്‍ണ്ണൂര്‍ : അടിത്തറ നിര്‍മ്മാണം പാതിയെത്തും മുമ്പ് നിലച്ചുപോയ ഷൊര്‍ണൂര്‍ തടയണയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിട. എല്ലാ വര്‍ഷത്തേയും പോലെ അടുത്ത വേനല്‍ എത്തിയാലെ തടയണയുടെ കാര്യം ഇനിയുണ്ടാകൂ.
തടയണയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് കിഫ്ബി 15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വേനല്‍ കഴിയുന്നതിനു മുമ്പേ പണി തുടങ്ങുമെന്നാണ് പി.കെ ശശി എം.എല്‍.എ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് സമഗ്ര കുടിവെള്ള വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാട്ടര്‍ അതോറിറ്റിക്ക് അനുവദിച്ചതാണ് പ്രശ്നമായിരിക്കുന്നതെന്നാണ്.
വാട്ടര്‍ അതോറിറ്റി തടയണയുടെ പതിനഞ്ച് കോടി കിഫ്ബിക്ക് തിരിച്ചുനല്‍കിയെന്നും കിഫ്ബി ആ തുക തൃശൂര്‍ ജലസേചന വിഭാഗത്തിന് കൈമാറിയാലേ ഇനി കാര്യം നടക്കൂവെന്ന് വ്യക്തം.
ഷൊര്‍ണൂരില്‍ തടയണ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് രണ്ടുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അമിതമായ മണലെടുപ്പില്‍ വെള്ളം സംഭരിക്കാനുള്ള ശേഷി ഭാരതപ്പുഴക്ക് നഷ്ടപ്പെട്ടതോടെയാണ് തടയണ വേണമെന്ന ആവശ്യമുയര്‍ന്നത്.വേനല്‍ക്കാലത്ത് പുഴ വറ്റിവരളുന്ന പ്രതിഭാസം ഇരുകരകളിലുമുള്ള നെല്‍പ്പാടങ്ങളെയും ഇവിടെവസിക്കുന്ന അനേകായിരങ്ങളുടെ കുടിവെള്ളത്തിന്റെ ലഭ്യതയെയും ബാധിച്ചു.
പുഴയുടെ തിരത്തുള്ള പഞ്ചായത്തുകളുടെ ജലസ്രോതസ്സായിരുന്നു ഭാരതപ്പുഴ. എന്നാല്‍ പുഴയിലെ നീരൊഴുക്ക് പൂര്‍ണമായും നിലക്കുന്നതോടെ വേനല്‍ തുടങ്ങി മഴക്കാലം എത്തുന്നത് വരെ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ സര്‍ക്കാരിന്റെ കാലത്താണ് വളരെയധികം കൊട്ടിഘോഷിച്ച് ഷൊര്‍ണൂരിനേയും തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയേയും ബന്ധിപ്പിക്കുന്ന സ്ഥിരം തടയണയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 340 മീറ്റര്‍ നീളം വരുന്നതടയണയുടെ എസ്റ്റിമേറ്റ് 5 കോടി രൂപയായിരുന്നു.
തൃശൂര്‍ ജില്ലാ ജലസേചന വിഭാഗത്തിനായിരുന്നു നിര്‍മ്മാണച്ചുമതല. തൃശൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം. വേണ്ടത്ര ആലോചനകളില്ലാതെ എടുത്ത ആ തീരുമാനം തടയണയുടെ അന്തകനായി മാറി. റിവര്‍മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് ഒരു പദ്ധതിക്ക് 50 ലക്ഷം രൂപയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും, അത് തന്നെ പൂര്‍ത്തിയാകുന്ന പദ്ധതിക്കേ ഉപയോഗപ്പെടുത്താന്‍ പാടുള്ളൂവെന്നും ചട്ടമുണ്ടെന്ന് തടയണയുടെ നിര്‍മ്മാണം തുടങ്ങിയതിന് ശേഷമാണ് അധികൃതര്‍ കണ്ടെത്തുന്നത്.
അപ്പോഴേക്കും തടയണയുടെ അടിത്തറ നിര്‍മ്മാണം പകുതിയോളമായി. ചെയ്ത പ്രവൃത്തിയുടെ ബില്‍ തുക ലഭിക്കാത്ത സാഹചര്യത്തില്‍ കരാറുകാരന് നിര്‍മ്മാണം നിര്‍ത്തിവെക്കുകയായിരുന്നു. ഈ അവസ്ഥയിലെത്തിയിട്ട് ഒമ്പത് വര്‍ഷം പ്ിന്നിട്ടു. ഇതിനിടെ ഭാരതപ്പുഴയില്‍ ഈ തടയണയുടെ അപ്പുറത്തും ഇപ്പുറത്തുമായി പലയിടങ്ങളിലും പുതിയ തടയണകള്‍ ഉയര്‍ന്നുവന്നു. ഷൊര്‍ണൂര്‍ തടയണയുടെ നിര്‍മ്മാണത്തുകയുടെ കാര്യത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് 5 കോടി രൂപയില്‍ നിന്ന് ഘട്ടംഘട്ടമായി വര്‍ദ്ധിച്ച് ഇപ്പോള്‍ പതിനാലര കോടി രൂപയില്‍ എത്തി. ഒരു വര്‍ഷം മുമ്പുള്ള തുകയാണ് പതിനാലര കോടി.
ഒരു വര്‍ഷം കടന്നു പോയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് തുക ഇനിയും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. അപ്പോള്‍ കിഫ്ബി തടയണക്കായി വാട്ടര്‍ അനുവദിച്ച 15 കോടിയില്‍ ഒതുങ്ങില്ല തടയണ നിര്‍മ്മാണം. പഴയ കരാറുകാരന് മരിച്ച സാഹചര്യത്തില്‍ പുതുതായി ടെണ്ടര്‍ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: