കൊച്ചി: സ്ക്ലീറോഡെര്‍മ ചികിത്സയ്ക്കായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ക്ലിനിക്ക് നെട്ടൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഏപ്രില്‍ രണ്ടിന് രാവിലെ 10ന് ഉദ്ഘാടനം എറണാകുളം ഐഎംഎ ഹൗസില്‍ പ്രൊഫ. കെ.വി. തോമസ് എംപി നിര്‍വ്വഹിക്കും. രോഗപ്രതിരോധ ശക്തിയിലെ വ്യതിയാനം മൂലമുണ്ടാകുന്ന വാതരോഗമാണ് സ്ക്ലീറോഡെര്‍മ.
രോഗം ബാധിച്ചാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 40% രോഗികളും മരിക്കുന്നതായാണ് കണ്ടുവരുന്നത്. മരണ നിരക്ക് വളരെ കൂടുതലാണെങ്കിലും ഈ രോഗത്തിന്റെ ചികിത്സ സംബന്ധിച്ച അവബോധം ഇന്ത്യയില്‍ വളരെ കുറവാണ്. വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഒരുമിച്ച് ചികിത്സ ലഭ്യമാക്കേണ്ട രോഗമാണിത്.
പള്‍മണോളജിസ്റ്റ്, ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡെര്‍മ്മറ്റോളജിസ്റ്റ്, റുമറ്റോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് തുടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംയുക്ത സേവനം ലഭ്യമാക്കുന്ന, ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ ക്ലിനിക്കാണ് കെയറില്‍ ഒരുക്കുന്നത്.
ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം നാലു ലക്ഷത്തില്‍ പരം ആളുകള്‍ക്ക് ഈ രോഗം ഉണ്ടെന്നാണ് കണക്കാക്കുന്നതെന്ന് ഡോ.പത്മനാഭ ഷേണായി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡോ.ഗ്ലിന്ഡോ ആന്റണി, ഡോ. ശ്രീലക്ഷ്മി ശ്രീനാഥ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: